
സസ്പെൻഷന് ശേഷവും സിപിഐഎം പരിപാടികളിൽ സജീവമായി സക്കീർ ഹുസൈൻ. പെട്രോൾ വില വർധനവിനെതിരെ ഇന്ന് കളമശേരിയിൽ നടന്ന പാർട്ടി സമരത്തിൽ സക്കീർ ഹുസൈൻ പങ്കെടുത്തു. അതേ സമയം അച്ചടക്ക നടപടിയിൽ പാർട്ടി നേതൃത്വം മൗനം തുടരുകയാണ്.
അനധികൃതമായി സ്വത്ത് സമ്പാദിച്ചുവെന്ന പരാതിയിൽ സിപിഐഎം കളമശേരി ഏരിയാ സെക്രട്ടറി സക്കീർ ഹുസൈനെ 6 മാസത്തേക്ക് പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്യാൻ തീരുമാനിച്ചിരുന്നു. ഇന്നലെ ചേർന്ന എറണാകുളം ജില്ലാ സെക്രട്ടറിയേറ്റ് യോഗമാണ് ഇത് സംബന്ധിച്ച തീരുമാനമെടുത്തത്. പാർട്ടി നിയോഗിച്ച അന്വേഷണ കമ്മിഷൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.എന്നാൽ സക്കീർ ഹുസൈൻ പാർട്ടി വേദികളിൽ സജീവമാണ്. ഇന്ധന വില വർധനവിനെതിരായ കളമശേരി ഏരിയാ കമ്മിറ്റിയുടെ പ്രതിഷേധ സമരത്തിൽ സക്കീർ പ്രധാന നേതാവായി തന്നെ പങ്കെടുക്കുകയും പ്രവർത്തകരെ അഭിസംബോധന ചെയ്ത് പ്രസംഗിക്കുകയും ചെയ്തു. സംസ്ഥാന സമിതിയംഗം കെ ചന്ദ്രൻ പിള്ളയാണ് പരിപാടി ഉദ്ഘാടനം ചെയ്തത്.
സക്കീർ ഹുസൈനെതിരായ നടപടി സംബന്ധിച്ച് ഔദ്യോഗിക വിശദീകരണത്തിന് പാർട്ടി നേതൃത്വം ഇതുവരെ തയ്യാറായിട്ടില്ല. തെറ്റു ചെയ്യുന്നവരെ ശിക്ഷിക്കുമെന്നായിരുന്നു മന്ത്രി ഇ പി ജയരാജന്റെ പ്രതികരണം. പാർട്ടി അംഗത്തിന്റെ തന്നെ പരാതിയിൽ സക്കീർ ഹുസൈനെതിരെ പാർട്ടി കമ്മീഷൻ നടത്തിയ കണ്ടെത്തലുകളാണ് നടപടിയിലേക്ക് നയിച്ചത്.നേരത്തെ വ്യവസായിയെ തട്ടിക്കൊണ്ട് പോയ കേസിനെ തുടർന്ന് സക്കീറിനെ ചുമതലകളിൽ നിന്ന് നീക്കിയിരുന്നെങ്കിലും പിന്നീട് തിരിച്ചെത്തുകയായിരുന്നു.