തിരുവനന്തപുരം: പതിനൊന്നാം ശമ്പളക്കമ്മിഷന്‍ വെള്ളിയാഴ്ച സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കും. സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളവും ആനുകൂല്യങ്ങളും പെന്‍ഷനും പരിഷ്കരിക്കാനുള്ള ശുപാര്‍ശകളാണ് ആദ്യഘട്ടത്തില്‍ നല്‍കുന്നത്. ശമ്പളത്തിലും പെന്‍ഷനിലും പത്തുശതമാനംവരെ വര്‍ധനയാണു പ്രതീക്ഷിക്കുന്നത്.
ജീവനക്കാരുടെ പെന്‍ഷന്‍പ്രായം രണ്ടുവര്‍ഷം കൂട്ടാന്‍ കമ്മിഷന് ശുപാര്‍ശ ചെയ്തേക്കും. എന്നാല്‍, തിരഞ്ഞെടുപ്പ് ആസന്നമായിരിക്കേ സര്‍ക്കാര്‍ ഈ നിര്‍ദേശം പരിഗണിക്കില്ല.
വെള്ളിയാഴ്ച മൂന്നുമണിക്കാണ് മുഖ്യമന്ത്രിക്ക് കമ്മിഷന് റിപ്പോര്‍ട്ട് നല്‍കുക. റിപ്പോര്‍ട്ട് കിട്ടിയാല്‍ പരിശോധിക്കാന്‍ മന്ത്രിസഭാ ഉപസമിതിയെ നിയോഗിക്കും. എന്നാല്‍, ഇത്തവണ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം വൈകാതെ നിലവില്‍വരാന്‍ സാധ്യതയുള്ളതിനാല്‍ വിശദമായ പരിശോധനയ്ക്കു സമയമില്ല. റിപ്പോര്‍ട്ട് ലഭിച്ച് ദിവസങ്ങള്‍ക്കുള്ളില്‍ത്തന്നെ ശമ്പളപരിഷ്കരണ ഉത്തരവ് സര്‍ക്കാര്‍ പുറപ്പെടുവിച്ചേക്കും.