തിരുവനന്തപുരം: കൊവിഡിന്റെ പശ്ചാത്തലത്തില്‍ സാലറി കട്ട് തുടരാനുള്ള തീരുമാനം ഉടന്‍ വേണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ്. സംസ്ഥാന ധനമന്ത്രി തോമസ് ഐസകിന് നിര്‍ദ്ദേശം നല്കി. തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തില്‍ ജീവനക്കാരെ പ്രകോപിപ്പിക്കേണ്ടെന്നാണ് വിലയിരുത്തല്‍. പാര്‍ട്ടി നിലപാട് അനുസരിച്ച് സാലറി കട്ടില് സര്‍ക്കാര്‍ ഉടന്‍ തീരുമാനം എടുക്കില്ല. ജീവനക്കാരുടെ സംഘടനകളുമായി വീണ്ടും ചര്‍ച്ച നടത്താനും പാര്‍ട്ടി ആവശ്യപ്പെട്ടിട്ടുണ്ട്.
സാമ്പത്തികപ്രതിസന്ധി രൂക്ഷമായതിനാല്‍ കടുത്ത പ്രതിഷേധമുണ്ടെങ്കിലും സാലറികട്ടില്‍ നിന്ന പിന്നോട്ട് പോകാന്‍ കഴിയില്ലെന്ന നിലപാടിലാണ് ധനവകുപ്പ്. ജീവനക്കാരുടെ സംഘടനകളുടമായി നടത്തി ചര്‍ച്ചയില്‍ മൂന്ന് നിര്‍ദേശങ്ങളാണ് സര്‍ക്കാര്‍ മുന്നോട്ട് വച്ചത്. നിലവില്‍ അഞ്ചുമാസം കൊണ്ട് ഒരു മാസത്തെ ശമ്പളം പിടിച്ച് കഴിഞ്ഞു. ഈ ശമ്പളം ധനകാര്യസ്ഥാനപത്തില്‍ നിന്ന് വായ്പയെടുത്ത് സര്‍ക്കാര്‍ ഉടന്‍ നല്‍കുമെന്നാണ് ആദ്യനിര്‍ദ്ദേശം. പക്ഷെ ഒരു തവണ കൂടി സാലറി കട്ടിന് സഹകരിക്കണം. രണ്ടാമത്തെ നിര്‍ദ്ദേശത്തില്‍ അടുത്ത മാസം മുതല്‍ ആറ് ദിവസത്തെ ശമ്പളം പിടിക്കും. ഓണം അഡ്വാന്‍സ് എടുത്തവര്‍ക്ക് ഉള്‍പ്പടെ സംഘടനകള്‍ ആവശ്യപ്പെട്ട ഇളവുകള്‍ നല്‍കാം. മൂന്ന് എല്ലാ ജിവനക്കാരില്‍ നിന്നും മൂന്ന് ദിവസത്തെ ശമ്പളം പത്ത് മാസം പിടിക്കും. കുറഞ്ഞ വേതനമുള്ളവരെ സാലറി കട്ടില് നിന്ന് ഒഴിവാക്കണമെന്ന സംഘടനകുളുടെ നിര്‍ദ്ദേശം പരിഗണിക്കാമെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു.
പിടിച്ച ഒരു മാസത്തെ വേതനം ഉടന്‍ തിരികെ നല്‍കണമെന്ന് എന്‍ജിഒ യൂണിയന് ആവശ്യപ്പെട്ടു. അത് ഉടന്‍ തിരികെ നല്കുകയാണെങ്കില് അടുത്ത ആറ് മാസത്തെ ശമ്പളം ഇളവുകളോടെ പിടിക്കാന്‍ അനുവദിക്കുമെന്നും എന്‍ജിഒ യൂണിയന് വ്യക്തമാക്കി. നേരത്തെ പിടിച്ച ഒരുമാസത്തെ ശമ്പളം ഒക്ടോബറില്‍ തന്നെ നല്‍കണം, പിഎഫ്, വായ്!പാ തിരിച്ചടവ്, അഡ്വാന്‍സ് എന്നിവ അഞ്ച് മാസത്തേയ്ക്ക് ഒഴിവാക്കണം, തുടങ്ങിയ നിബന്ധനകള്‍ പാലിക്കാമെങ്കില്‍ അടുത്ത അഞ്ചുമാസം ശമ്പളം പിടിക്കാമെന്നാണ് ജോയിന്റ് കൗണ്‍സിലിന്റെ അറിയിപ്പ്. പ്രതിമാസം ആറ് ദിവസത്തെ ശമ്പളം പിടിക്കാമെന്നാണ് ജോയിന്റ് കൗണ്‍സില്‍ വ്യക്തമാക്കുന്നത്. നിര്‍ബന്ധിച്ച് ശമ്പളം പിടിക്കരുതെന്ന് എന്‍ജിഒ അസോസിയേഷന് ആവശ്യപ്പെട്ടു. നിര്‍ബന്ധിച്ച് ശമ്പളം പിടിച്ചാല്‍ പണിമുടക്കെന്നും എന്‍ജിഒ അസോസിയേഷന് അറിയിച്ചു.