BREAKING NEWSKERALALATESTNEWS

സ്വര്‍ണക്കടത്ത് കേസ്; മുഖ്യ ആസൂത്രകര്‍ സന്ദീപ് നായരും റമീസുമെന്ന് കസ്റ്റംസ്

കൊച്ചി : തിരുവനന്തപുരം സ്വര്‍ണക്കടത്തില്‍ മുഖ്യ ആസൂത്രകര്‍ സന്ദീപ് നായരും റമീസുമെന്ന് കസ്റ്റംസ്. സ്വര്‍ണക്കടത്തിന് പണം മുടക്കുന്നവരെ കണ്ടെത്തുന്നത് ജലാലും സന്ദീപും റമീസുമാണ്. കടത്തിക്കൊണ്ടു വരുന്ന സ്വര്‍ണം വില്‍ക്കുന്നതും പണം മുടക്കിയവര്‍ക്ക് ലാഭവിഹിതം നല്‍കുന്നതും ജലാലാണ് എന്നും കസ്റ്റംസ് ഉദ്യോഗസ്ഥര്‍ സൂചിപ്പിക്കുന്നു.സ്വര്‍ണത്തിന് ആവശ്യക്കാരെ കണ്ടെത്തുന്നതും, താഴേത്തട്ടില്‍ വിതരണം ചെയ്യുന്നതും ജലാലാണ്. കേസില്‍ പിടിയിലായ അംജത് അലിയും മുഹമ്മദ് ഷാഫിയും സ്വര്‍ണക്കടത്തിന് പണം മുടക്കിയവരില്‍ ഉള്‍പ്പെടുന്നു. സ്വര്‍ണം കടത്താന്‍ ഉപയോഗിച്ച അംജത് അലിയുടെ കാര്‍ കസ്റ്റഡിയിലെടുത്തു.

അതേസമയം കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിന് ക്ലീന്‍ ചിറ്റ് നല്‍കിയിട്ടില്ലെന്ന് കസ്റ്റംസ് അറിയിച്ചു. ശിവശങ്കരനില്‍ നിന്ന് കൂടുതല്‍ കാര്യങ്ങളില്‍ വ്യക്തത ലഭിക്കേണ്ടതുണ്ട്. പ്രതികള്‍ക്ക് ഫ്ലാറ്റ് എടുത്തുനല്‍കിയത് എന്തിനാണ് എന്നതടക്കമുള്ള സുപ്രധാന വിവരങ്ങള്‍ അറിയണമെന്നും കസ്റ്റംസ് ഉദ്യോഗസ്ഥര്‍ സൂചിപ്പിച്ചു.

ഇന്നലെ പത്തുമണിക്കൂറോളമാണ് ശിവശങ്കറെ ചോദ്യം ചെയ്തത്. സ്വപ്നയും സരിത്തും സന്ദീപുമായി സൗഹൃദമുണ്ടെന്ന് ശിവശങ്കര്‍ ചോദ്യം ചെയ്യലില്‍ സമ്മതിച്ചു. സ്വപ്ന അടുത്ത സുഹൃത്താണ്. ഇവര്‍ വഴിയാണ് മറ്റുപ്രതികളുമായി പരിചയപ്പെട്ടത്. എന്നാല്‍ താന്‍ പദവി ദുരുപയോഗം ചെയ്തിട്ടില്ലെന്നും ശിവശങ്കര്‍ മൊഴി നല്‍കി.

Related Articles

Back to top button