കോട്ടയം: വൈക്കത്ത് പ്രണയവിവാഹിതരായ ദമ്പതിമാരെ യുവതിയുടെ വീട്ടുകാര്‍ മര്‍ദിച്ചതായി പരാതി. ശങ്കരനാരായണന്-അതുല്യ ദമ്പതിമാര്‍ക്കാണ് മര്‍ദനമേറ്റത്. സര്‍ട്ടിഫിക്കറ്റുകള്‍ തിരികെയെടുക്കാനായി ദമ്പതിമാര്‍ അതുല്യയുടെ വീട്ടിലെത്തിയപ്പോള്‍ അതുല്യയുടെ അച്ഛനും ബന്ധുക്കളും ചേര്‍ന്ന് മര്‍ദിച്ചെന്നാണ് പരാതി.
രണ്ട് വര്‍ഷം മുമ്പാണ് ശങ്കരനാരായണനും അതുല്യയും പ്രണയിച്ച് വിവാഹം കഴിച്ചത്. വീട്ടുകാരുടെ സമ്മതമില്ലാതെയായിരുന്നു വിവാഹം. ഇതിനെത്തുടര്‍ന്ന് മറ്റൊരിടത്ത് വീടെടുത്ത് മാറിതാമസിച്ചു. കഴിഞ്ഞദിവസം ജോലി ആവശ്യത്തിനായാണ് അതുല്യ തന്റെ സര്‍ട്ടിഫിക്കറ്റുകള്‍ എടുക്കാനായി സ്വന്തം വീട്ടിലെത്തിയത്. ഭര്‍ത്താവ് ശങ്കരനാരായണനും കുഞ്ഞും ഭര്‍ത്താവിന്റെ സുഹൃത്തും ഒപ്പമുണ്ടായിരുന്നു.
എന്നാല്‍ വീട്ടിലെത്തിയ തങ്ങളെ അതുല്യയുടെ അച്ഛനും ബന്ധുക്കളും ചേര്‍ന്ന് മര്‍ദിച്ചെന്നാണ് ദമ്പതിമാരുടെ പരാതി. താലിമാല പൊട്ടിച്ചെടുത്തെന്നും ആറ് മാസം പ്രായമായ കുഞ്ഞിനെ ഉപദ്രവിച്ചെന്നും പരാതിയില്‍ പറയുന്നു. അതേസമയം, ശങ്കരനാരായണനും സുഹൃത്തും ചേര്‍ന്ന് തങ്ങളെ വീടുകയറി ആക്രമിച്ചെന്നാണ് അതുല്യയുടെ കുടുംബത്തിന്റെ ആരോപണം. സംഭവത്തില്‍ വൈക്കം പോലീസ് കേസെടുത്തിട്ടുണ്ട്.