ന്യൂഡല്‍ഹി: 74ാം സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി ചെങ്കോട്ടയില്‍ ത്രിവര്‍ണ പതാക ഉയര്‍ത്തിയ ശേഷം രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കവെ സ്ത്രീ ശാക്തീകരണവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ക്ക് പ്രാധാന്യം നല്കിയ പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രശംസിച്ച് സോഷ്യല്‍ മീഡിയ.
”സര്‍ക്കാര്‍ എല്ലായ്പ്പോഴും നമ്മുടെ പെണ്മക്കളുടെയും സഹോദരിമാരുടെയും ആരോഗ്യകാര്യത്തില്‍ ശ്രദ്ധാലുവാണ്. 6000 ജന്‍ഔഷധി കേന്ദ്രങ്ങളിലൂടെ അഞ്ചുകോടി സ്ത്രീകള്‍ക്ക് ഒരു രൂപാ നിരക്കില്‍ സാനിറ്ററി പാഡ് ലഭിച്ചു. അവരുടെ വിവാഹപ്രായം ഉയര്‍ത്തുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പരിശോധിക്കാന്‍ ഒരു സമിതിയെ നിയോഗിച്ചിട്ടുണ്ട്” പ്രസംഗത്തിനിടെ പ്രധാനമന്ത്രി പറഞ്ഞു.
സ്വാതന്ത്ര്യദിന പ്രസംഗത്തില്‍ സാനിറ്ററി നാപ്കിനെ പറ്റി പരാമര്‍ശിക്കുന്ന ആദ്യ പ്രധാനമന്ത്രിയാണ് നരേന്ദ്രമോദി. ഇതാണ് സോഷ്യല്‍ മീഡിയ ആഘോഷമാക്കിയത്. ആര്‍ത്തവം, സാനിറ്ററി നാപ്കിന് തുടങ്ങിയ വാക്കുകള്‍ പുരുഷന്മാര് സംസാരിക്കുമ്പോള്‍ പൊതുവെ ഉപയോഗിക്കാറില്ല. ഒരു പ്രധാനമന്ത്രി തന്നെ ഈ വാക്കുകള്‍ പറയുമ്പോള്‍, അതും സ്വാതന്ത്ര്യദിനത്തില്‍ രാജ്യത്തെ അഭിസംബോധന ചെയ്തു സംസാരിക്കുമ്പോള്‍, അതൊരു വഴിമാറി നടത്തം ആണെന്നാണ് സോഷ്യല്‍ മീഡിയ അഭിപ്രായപ്പെടുന്നത്.
”പ്രധാനമന്ത്രിയുടെ സ്വാതന്ത്ര്യദിന പ്രസംഗത്തെ സ്വാഗതം ചെയ്യുന്നു. സ്ത്രീശാക്തീകരണ, വനിതാ ആരോഗ്യരംഗത്ത് പ്രവര്‍ത്തിക്കുന്നവരെ സംബന്ധിച്ചിടത്തോളം ഇതു വലിയ വിജയമാണ്. ‘ പൊതുജനാരോഗ്യ വിദഗ്ധയും പോപ്പുലേഷന്‍ ഫൗണ്ടേഷന് എക്സിക്യൂട്ടീവ് ഡയറക്ടറുമായ പൂനം മത്രെജ പറഞ്ഞു.
വനിതാ ശാക്തീകരണവുമായി ബന്ധപ്പെട്ട ആര്‍ത്തവ ശുചിത്വം, കൗമാരകാലത്തെ വിവാഹം തുടങ്ങിയ പ്രധാനപ്പെട്ട വിഷയങ്ങള്‍ തുറന്നുപറയാനുള്ള പ്രചോദനമാണ് പ്രധാനമന്ത്രി ഈ പ്രസംഗത്തിലൂടെ നല്‍കുന്നതെന്നും പൂനം പറയുന്നു. ആര്‍ത്തവകാല അവധി നല്‍കുന്നത് സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ നടക്കുന്നതിനിടെയാണ് പ്രധാനമന്ത്രിയുടെ പ്രസംഗം. ഓണ്‍ലൈന്‍ ഭക്ഷണ വിതരണ കമ്പനിയായ സൊമാറ്റോ തങ്ങളുടെ വനിതാ ജീവനക്കാര്‍ക്ക് ആര്‍ത്തവ അവധി അനുവദിക്കുന്നത് ആലോചിക്കുന്നതായി വെളിപ്പെടുത്തിയിരുന്നു.
സ്ത്രീകളുടെ പ്രത്യുല്പാദന ശേഷിയും ആരോഗ്യവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ‘മായ’ 2017 ല്‍ നടത്തിയ ഒരു പഠനമനുസരിച്ച്, ഏകദേശം 68 ശതമാനം ഇന്ത്യന്‍ സ്ത്രീകളിലും ആര്‍ത്തവവുമായി ബന്ധപ്പെട്ട് മലബന്ധം, ക്ഷീണം, നീരുവയ്ക്കല്‍ തുടങ്ങിയ രോഗലക്ഷണങ്ങളുണ്ട്. അത്തരം സ്ത്രീകള്‍ക്ക് ആര്‍ത്തവ അവധികള്‍ ഒരു അനുഗ്രഹമായിരിക്കും. വാസ്തവത്തില്‍, ആര്‍ത്തവ അവധി വൈറ്റ് കോളര്‍ ജോലികളിലുള്ള സ്ത്രീകള്‍ക്ക് മാത്രം ലഭ്യമാക്കാന്‍ കഴിയുന്ന ഒന്നായി മാറരുത്. ഗ്രാമീണ മേഖലകളില്‍ നിന്നുള്ള സ്ത്രീകള്‍ക്കും താഴ്ന്ന വരുമാനക്കാരായ കുടുംബങ്ങള്‍ക്കും ഈ ആനുകൂല്യം നല്‍കേണ്ടത് അത്യാവശ്യമാണെന്നും പഠനത്തില്‍ പറയുന്നു.