ENTERTAINMENT

ബെംഗളൂരു മയക്കുമരുന്ന് കേസില്‍ നടി രാഗിണി ദ്വിവേദിയുടെ വീട്ടില്‍ റെയ്ഡ്; നടി സഞ്ജന ഗല്‍റാണിയോട് ചോദ്യംചെയ്യലിന് ഹാജരാകാന്‍ ക്രൈംബ്രാഞ്ച്

ബെംഗളൂരു: ലഹരിമരുന്ന് കേസില്‍ കന്നഡ സിനിമാമേഖലയിലെ കൂടുതല്‍പേര്‍ കുടുങ്ങുമെന്ന സൂചന നല്‍കി സെന്‍ട്രല്‍ കൈംബ്രാഞ്ച്. നടി രാഗിണി ദ്വിവേദിയുടെ യെലഹങ്കയിലെ ഫ്‌ലാറ്റില്‍ സെന്‍ട്രല്‍ ക്രൈംബ്രാഞ്ച് റെയ്ഡ് നടത്തുന്നു.ചോദ്യംചെയ്യലിന് രാഗിണി ദ്വിവേദി ഇന്ന് ഹാജരാകാനിരിക്കെയാണ് പരിശോധന. ഹാജരാകാന്‍ ശനിയാഴ്ചവരെ സമയം ചോദിച്ചെങ്കിലും സെന്‍ട്രല്‍ ക്രൈംബ്രാഞ്ച് നിരസിച്ചിരുന്നു.ചോദ്യംചെയ്യലിന് ഹാജരാകാന്‍ നടി സഞ്ജന ഗല്‍റാണിയോടും ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടു. കേസില്‍ അറസ്റ്റിലായ ഇന്ദ്രജിത്ത് ലങ്കേഷിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇരുവര്‍ക്കുമെതിരെയുള്ള അന്വേഷണം.

ലഹരിമരുന്ന് കേസില്‍ നടി രാഗിണി ദ്വിവേദിയുടെ സുഹൃത്ത് രവി ശങ്കര്‍ കഴിഞ്ഞ ദിവസം അറസ്റ്റിലായിരുന്നു. കര്‍ണാടക ആര്‍ടിസി ഉദ്യോഗസ്ഥനായ ഇയാള്‍ക്ക് ലഹരിമാഫിയയുമായി അടുത്ത ബന്ധമുണ്ടെന്നാണ് സെന്‍ട്രല്‍ ക്രൈം ബ്രാഞ്ചിന്റെ കണ്ടെത്തല്‍.കന്നഡ ചലച്ചിത്ര മേഖലയുമായി ബന്ധമുള്ള മറ്റൊരാളും അറസ്റ്റിലായതായി സൂചനയുണ്ട്. നടിയും മോഡലുമായ സഞ്ജന ഗല്‍റാണിയുടെ സഹായി രാഹുലാണിതെന്നാണ് സൂചന. എന്നാല്‍ ഇത് സംബന്ധിച്ച വിവരങ്ങള്‍ ക്രൈം ബ്രാഞ്ച് പുറത്തുവിട്ടിട്ടില്ല.

ചോദ്യം ചെയ്യലിന് ഹാജരാകാന്‍ സമയം നീട്ടി നല്‍കാത്തതിനാല്‍ നടി രാഗിണി ദ്വിവേദി ഇന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ ഹാജരായേക്കും. ആരോപണങ്ങളില്‍ കഴമ്പില്ലെന്നും ലഹരിമാഫിയയുമായി യാതൊരു ബന്ധവുമില്ലെന്നും രാഗിണി ട്വിറ്ററില്‍ കുറിച്ചു.കന്നഡ സിനിമ മേഖലയിലെ 12ഓളം പ്രമുഖര്‍ക്ക് കൂടി നോട്ടീസ് അയച്ചേക്കുമെന്നാണ് സൂചന. ഇന്ദ്രജിത്ത് ലങ്കേഷിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണിത്.

കുറ്റക്കാരായി കണ്ടെത്തുന്നവര്‍ എത്ര ഉന്നതരായാലും ശിക്ഷിക്കപ്പെടുമെന്നും ലഹരി ഉപയോഗം തുടച്ചു നീക്കാന്‍ ശക്തമായ നടപടികള്‍ കൈക്കൊള്ളുമെന്നും കര്‍ണാടക ആഭ്യന്തര മന്ത്രി ബസവരാജ് ബൊമ്മെ പറഞ്ഞു.രാഗിണിയും സുഹൃത്തും മുന്‍പ് ചില പാര്‍ട്ടികളില്‍ പങ്കെടുത്തിരുന്നുവെന്നും മയക്കുമരുന്ന് ഉപയോഗിച്ചതായി സംശയിക്കുന്നുവെന്നും പൊലീസ് പറഞ്ഞു.

ഓഗസ്റ്റ് 20 ന് നവി മുംബൈയില്‍ നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ റെയ്ഡ് നടത്തി 3000 എംഡിഎംഎ ഗുളികകള്‍ പിടിച്ചെടുത്തിരുന്നു. രണ്ടുപേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ഇതിനു പിന്നാലെയാണ് സെലിബ്രിറ്റികള്‍ക്ക് ലഹരി മരുന്നുമായി ബന്ധമുണ്ടെന്ന വിവരങ്ങള്‍ പുറത്തു വന്നത്.

Related Articles

Back to top button