ചെന്നൈ സൂപ്പര്‍കിംഗ്സിനെതിരായ മത്സരത്തില്‍ രാജസ്ഥാന് റോയല്‍സിന് ജയം. 217 റണ്‍സ് വിജയലക്ഷ്യവുമായിറങ്ങിയ ചെന്നൈയ്ക്ക് 200 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളൂ.ആദ്യം ബാറ്റിംഗിലും പിന്നീട് വിക്കറ്റിന് പിന്നിലും മികച്ച പ്രകടനം പുറത്തെടുത്ത മലയാളി താരം സഞ്ജു സാംസണിന്റെ ദിവസമായിരുന്നു ഇന്ന്. വിക്കറ്റിന് പിന്നില്‍ സഞ്ജു ഒരു സ്റ്റംപിംഗും മൂന്ന് ക്യാച്ചുമായി തിളങ്ങി.
കൂറ്റന്‍ സ്കോര്‍ ലക്ഷ്യമിട്ടിറങ്ങിയ ചെന്നൈയ്ക്ക് മുരളി വിജയും ഷെയ്ന് വാട്സണും ഭേദപ്പെട്ട തുടക്കമാണ് നല്‍കിയത്. എന്നാല്‍ ഒന്നാം വിക്കറ്റില്‍ 56 റണ്‍സ് കൂട്ടിച്ചേര്‍ത്ത് വാട്സണ് മടങ്ങി. പിന്നാലെ മുരളി വിജയും മടങ്ങി.
ഒരുവശത്ത് ഫാഫ് ഡുപ്ലെസി ഉറച്ചുനിന്നെങ്കിലും മറുവശത്ത് ആരേയും നിലയുറപ്പിക്കാന്‍ രാജസ്ഥാന് റോയല്‍സ് അനുവദിച്ചില്ല.
ഡുപ്ലെസി 37 പന്തില്‍ 72 റണ്‍സെടുത്തു. അവസാന ഓവറില്‍ മൂന്ന് സിക്സ് പറത്തിയ ധോണി 17 പന്തില്‍ 29 റണ്‍സ് നേടി.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിംഗിനിറങ്ങിയ രാജസ്ഥാന് വെടിക്കെട്ട് പ്രകടനം പുറത്തെടുത്ത സഞ്ജു സാംസണിന്റേയും സ്റ്റീവ് സ്മിത്തിന്റേയും പ്രകടനമാണ് കൂറ്റന്‍ സ്കോര്‍ സമ്മാനിച്ചത്.
സഞ്ജു 32 പന്തില്‍ 74 റണ്‍സെടുത്തു. 19 പന്തില്‍ അര്‍ധസെഞ്ച്വറി തികച്ച സഞ്ജുവിന്റെ ബാറ്റില്‍ നിന്ന് ഒമ്പത് സിക്സും ഒരു ഫോറുമാണ് പിറന്നത്. 47 പന്തില്‍ 69 റണ്‍സെടുത്ത് സ്മിത്ത് നാല് വീതം സിക്സും ഫോറും നേടി. ജോഫ്രാ ആര്‍ച്ചര്‍ എട്ട് പന്തില്‍ നിന്ന് നാല് സിക്സടക്കം 27 റണ്‍സ് നേടി ടീം സ്കോര്‍ 200 കടത്തി.