BREAKINGKERALA

സഞ്ജു ടെക്കിയുടെ വീഡിയോകള്‍ നീക്കം ചെയ്ത് യൂട്യൂബ്; നീക്കിയത് മോട്ടോര്‍ വാഹന നിയമ ലംഘനങ്ങളുള്ള വീഡിയോകള്‍

ആലപ്പുഴ: യൂട്യൂബര്‍ സഞ്ജു ടെക്കിയുടെ വീഡിയോകള്‍ നീക്കം ചെയ്ത് യൂട്യൂബ്. മോട്ടോര്‍ വാഹന നിയമ ലംഘനങ്ങള്‍ അടങ്ങിയ വീഡിയോകള്‍ ആണ് നീക്കം ചെയ്തത്. നിയമ ലംഘനങ്ങള്‍ അടങ്ങിയ വീഡിയോകള്‍ നീക്കം ചെയ്യണമെന്ന് ആലപ്പുഴ എന്‍ഫോഴ്‌സ്‌മെന്റ് ആര്‍ടിഒ യൂട്യൂബിന് കത്ത് നല്‍കിയിരുന്നു. നിയമ ലംഘനങ്ങള്‍ അടങ്ങിയ 8 വീഡിയോകള്‍ ആണ് നീക്കം ചെയ്തത്.
സഞ്ജുവിന്റെ ഡ്രൈവിംഗ് ലൈസന്‍സ് ആജീവനാന്തം നേരത്തെ റദ്ദാക്കിയിരുന്നു. ഉത്തരവില്‍ ഗുരുതര പരാമര്‍ശങ്ങളാണുള്ളത്. തുടര്‍ച്ചയായി ഗതാഗത നിയമങ്ങള്‍ ലംഘിച്ചതിനെ തുടര്‍ന്നാണ് നടപടിയെന്ന് മോട്ടോര്‍ വാഹന വകുപ്പ് വ്യക്തമാക്കിയിരുന്നു. പൊതുസമൂഹത്തിന്റെ എല്ലാ മര്യാദകളും സഞ്ജു ലംഘിച്ചു. നിയമ വ്യവസ്ഥയെ വെല്ലുവിളിച്ചു. ഇനി തുടര്‍ന്നും വാഹനം ഓടിക്കുന്നത് പൊതുസമൂഹത്തിന് ഭീഷണിയാണെന്നും ഉത്തരവില്‍ പറയുന്നു.
കാറില്‍ സ്വിമ്മിംഗ് പൂള്‍ ഉണ്ടാക്കി യാത്ര ചെയ്തത് മാത്രമല്ല സഞ്ജു ടെക്കിക്കെതിരായ കണ്ടെത്തലുകള്‍. സഞ്ജു യൂട്യൂബില്‍ അപ്ലോഡ് ചെയ്ത വീഡിയോകള്‍ വിശദമായി പരിശോധിച്ചെന്ന് മോട്ടോര്‍ വാഹന വകുപ്പ് അറിയിച്ചു. നിയമലംഘനങ്ങള്‍ ഒന്നൊന്നായി കണ്ടെത്തി. ചരക്ക് വാഹനത്തിന്റെ ലോഡ് ബോഡിയില്‍ ടാര്‍പ്പോളിന്‍ ഷീറ്റ് വിരിച്ച് സ്വിമ്മിംഗ് പൂള്‍ ഉണ്ടാക്കി. മൊബൈല്‍ ഫോണില്‍ സെല്‍ഫി വീഡിയോ ചിത്രീകരിച്ചുകൊണ്ട് അപകടകരമായ രീതിയില്‍ വാഹനം ഓടിച്ചു. റോഡില്‍ മത്സര ഓട്ടം നടത്തി. പലതവണ വാഹനത്തില്‍ രൂപമാറ്റം വരുത്തി പൊതു നിരത്തില്‍ ഉപയോഗിച്ചെന്നും എംവിഡി പറയുന്നു.
നിയമം ലംഘിക്കുക മാത്രമല്ല, നിയമലംഘനങ്ങളുടെ വീഡിയോ ചിത്രീകരിച്ച് സമൂഹ മാധ്യമത്തില്‍ പ്രദര്‍ശിപ്പിക്കുകയും അത് വഴി സാമ്പത്തിക നേട്ടം ഉണ്ടാക്കുകയും ചെയ്‌തെന്ന് എംവിഡി ചൂണ്ടിക്കാട്ടി. മോട്ടോര്‍ വെഹിക്കിള്‍സ് റെഗുലേഷന്‍സ് 2017 ചട്ടങ്ങള്‍ ഒന്നും പാലിക്കാതെയാണ് വാഹനങ്ങള്‍ ഉപയോഗിക്കുന്നത്. ലക്ഷക്കണക്കിന് കാഴ്ചക്കാര്‍ ഉള്ള വ്‌ലോഗര്‍മാര്‍ തന്നെ ഇത്തരത്തില്‍ നിയമ ലംഘനങ്ങളുടെ വീഡിയോ പ്രചരിപ്പിക്കുമ്പോള്‍ അത് അനുകരിക്കാന്‍ പലരും ശ്രമിച്ചേക്കാം. സഞ്ജു ടെക്കിക്കെതിരായ കര്‍ശന നടപടി നിയമ ലംഘകര്‍ക്കും നിയമത്തെ നിസാരവത്കരിക്കുന്നവര്‍ക്കും ഒരു താക്കീതാണെന്നാണ് എംവിഡി വിശദീകരിച്ചത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button