ന്യൂഡല്‍ഹി: ഇത്തവണ സിവില്‍ സര്‍വീസ് നേടിയവരിലധികവും ആര്‍എസ്എസ് പിന്തുണയില്‍ പ്രവര്‍ത്തിക്കുന്ന സങ്കല്‍പ്പ് ഫൗണ്ടേഷനില്‍ പരിശീലനം നേടിയവരെന്ന് റിപ്പോര്‍ട്ട്. സിവില്‍ സര്‍വീസില്‍ അറുപത് ശതമാനത്തിലധികം പേരാണ് സങ്കല്പ് ഫൗണ്ടേഷനില്‍ നിന്നുള്ളവരാണ്. പ്രവേശനം നേടിയ 828 പേരില്‍ 476 പേരും സങ്കല്പ് ഫൗണ്ടേഷനില്‍ പരിശീലനം നേടിയവരാണ്. അതായത് 61% പേര്. ഫൗണ്ടേഷന് തന്നെയാണ് ഇക്കാര്യം അവകാശപ്പെട്ടത്. കഴിഞ്ഞ വര്‍ഷങ്ങളിലെ കണക്കും ഇത് തന്നെ. 2018ല്‍ 57%വും 2017ല്‍ 62%വും 2016ല്‍ 60% പേരും ഇവിടെ നിന്ന് പ്രവേശനം നേടി. ഇത്തവണ സിവില്‍ സര്‍വീസ് നേടിയ സ്ഥാപനത്തിലെ വിദ്യാര്‍ഥികളെ ആദരിക്കാനായി നാളെയാണ് ഫൗണ്ടേഷന് ആദരിക്കല്‍ ചടങ്ങ് വച്ചിരിക്കുന്നത്. കേന്ദ്ര പെട്രോളിയം മന്ത്രി ധര്‍മേന്ദ്ര പ്രധാന്, നാഗലാന്‍ഡ് ഗവര്‍ണര്‍ എന്‍ രവി എന്നിവരാണ് മുഖ്യാതിഥികള്‍, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ മുതല്‍ വിദ്യാഭ്യാസ മന്ത്രി പൊക്രിയാല്‍ വരെ ഫൗണ്ടേഷനിലെ സന്ദര്‍ശകരാണ്.
രാജ്യത്ത് അതിവേഗം വളരുന്ന സിവില്‍ സര്‍വീസ് കോച്ചിങ് സെന്ററുകളില്‍ ഒന്നായി മാറിയിരിക്കുകയാണ് സങ്കല്പ് ഫൗണ്ടേഷന്. സാമ്പത്തിക ലാഭം നോക്കിയല്ല ഈ സ്ഥാപനം പ്രവര്‍ത്തിക്കുന്നത് എന്നാണ് ഇതിന്റെ മറ്റൊരു പ്രത്യേകത. ഡല്‍ഹി മുന്‍ പൊലീസ് കമ്മിഷണര്‍ ആര്.എസ്. ഗുപ്തയാണ് ഇപ്പോള്‍ ഈ ഫൗണ്ടേഷന്റെ രക്ഷാധികാരികളില്‍ ഒരാള്‍. 1986 ലാണ് സങ്കള്പ് ആരംഭിക്കുന്നത്. ആദ്യ ബാച്ചില്‍ 26 വിദ്യാര്‍ഥികളാണ് ഉണ്ടായിരുന്നത്. ഇതില്‍ 14 പേര്‍ക്ക് സിവില്‍ സര്‍വീസ് ലഭിച്ചതായി പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത മറ്റൊരു രക്ഷാധികാരി പറഞ്ഞു. 1999-2000 ല്‍ നൂറോളം പേര്‍ക്കാണ് നിയമനം ലഭിച്ചത്. ഡല്‍ഹി കൂടാതെ ആഗ്രഹ, ലുധിയാന, ഭോപ്പാല്‍, ഭിലായി, എന്നിവിടങ്ങളിലും സങ്കല്പ് പ്രവര്‍ത്തിക്കുന്നുണ്ട്. സ്ഥാപനത്തിന്റെ ചിട്ടവട്ടങ്ങള്‍ അംഗീകരിക്കുന്ന ആര്‍ക്കും ഇവിടെ പ്രവേശനം ലഭിക്കുമെന്ന് അധികാരികള്‍. എന്നാല്‍ ഇടതുപക്ഷക്കാര്‍ക്കും അതേ ആശയം പുലര്‍ത്തുന്നവര്‍ക്കും പ്രവേശനം അനുവദിക്കില്ലെന്നും ഇവര്‍ അറിയിച്ചു.