അച്ഛന്റെ വേര്‍പാടിന്റെ നടുക്കത്തിലാണ് നടി ശാന്തികൃഷ്ണ. ഇന്ന് ബെംഗളൂരുവിലെ ആശുപത്രിയില്‍ വച്ചായിരുന്നു ശാന്തികൃഷ്ണയുടെ പിതാവ് ആര് കൃഷ്ണന് (92) അന്തരിച്ചത്. ഏറെ നാളായി വൃക്കസംബന്ധമായ അസുഖങ്ങളോട് മല്ലിടുകയായിരുന്നു അദ്ദേഹം, അതിനിടയില്‍ കോവിഡ് ബാധിച്ചതാണ് മരണകാരണം.
അച്ഛന് അന്ത്യാഞ്ജലി അര്‍പ്പിച്ചുകൊണ്ടുള്ള ശാന്തികൃഷ്ണയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. ‘ഇനി എപ്പോഴാണ് അപ്പാ എനിക്കിങ്ങനെ ചെയ്യാന്‍ കഴിയുക. നിങ്ങളെ ഒരുപാട് മിസ് ചെയ്യുന്നു. നിങ്ങള്‍ പോയെന്ന് എനിക്ക് വിശ്വസിക്കാനാവുന്നില്ല. ആത്മാവിന് നിത്യശാന്തി നേരുന്നു,’ അച്ഛനൊപ്പമുള്ള ചിത്രം പങ്കുവച്ച് ശാന്തികൃഷ്ണ കുറിച്ചതിങ്ങനെ.
പാലക്കാട്ടെ അയ്യര്‍ കുടുംബാംഗമാണ് ആര് കൃഷ്ണന്. ഭാര്യ ശാരദ. ശാന്തികൃഷ്ണയെ കൂടാതെ ശ്രീരാം, സതീഷ്, പ്രശസ്ത തമിഴ് സംവിധായകര്‍ സുരേഷ് കൃഷ്ണ എന്നിങ്ങനെ മൂന്നു മക്കള്‍ കൂടിയുണ്ട്.
വിവാഹശേഷം സിനിമയിലേക്ക് മടങ്ങിവരാന്‍ തനിക്ക് പ്രചോദനമായത് അച്ഛനമ്മമാരുടെ ജീവിതമാണെന്ന് മുന്‍പൊരിക്കല്‍ ഒരു അഭിമുഖത്തില്‍ ശാന്തികൃഷ്ണ പറഞ്ഞിരുന്നു. ‘എന്റേതായൊരു ജീവിതം വേണമെന്ന് എനിക്ക് തോന്നി. സാമ്പത്തികപരമായി സ്വയംപര്യാപ്ത കൈവരിക്കുക എന്ന് എല്ലാ സ്ത്രീകളെ സംബന്ധിച്ചും വളരെ പ്രധാനമായ കാര്യമാണ്. വര്‍ഷങ്ങള്‍ കൊണ്ടാണ് ഞാനത് പഠിച്ചത്. വിവാഹശേഷമാണ് അച്ഛന് അമ്മയെ സംഗീതം പഠിപ്പിക്കുന്നത്. അങ്ങനെയൊരു അച്ഛനും അമ്മയ്ക്കും പിറന്നു എന്നതാണ് എന്റെ ഭാഗ്യം. വിവാഹത്തോടെ എല്ലാം വിട്ടുകളയുന്നത് എന്തിനാണെന്ന് എനിക്ക് മനസ്സിലാവുന്നില്ല,’ഓണ്‍ മനോരമയ്ക്ക് നല്കിയ അഭിമുഖത്തില്‍ തന്റെ രണ്ടാം വരവിനെ കുറിച്ച് ശാന്തികൃഷ്ണ പറഞ്ഞതിങ്ങനെ.