BREAKING NEWSKERALA

ആറാമത്തെ ഐ ഫോണ്‍ എന്റെ കൈയിലുണ്ട്; വെളിപ്പെടുത്തലുമായി സന്തോഷ് ഈപ്പന്‍

കൊച്ചി: യൂണിടാക്ക് ഉടമ സന്തോഷ് ഈപ്പന്‍ സ്വപ്നയ്ക്ക് വാങ്ങി നല്‍കിയ ആറ് ഫോണുകളില്‍ വില കൂടിയ ആറാമത്തെ ഫോണ്‍ എവിടെയെന്ന ചോദ്യം രാഷ്ട്രീയ വിവാദമായി ആഞ്ഞടിക്കുമ്പോഴാണ് ഇ.ഡി അതിന് മറുപടി കണ്ടെത്തിയത്. യൂണിടാക്ക് ഉടമ സന്തോഷ് ഈപ്പനെ ചോദ്യം ചെയ്തപ്പോഴാണ് ഫോണ്‍ എവിടെയാണെന്ന് വെളിപ്പെടുത്തിയത്. ആ ഫോണ്‍ സന്തോഷ് ഈപ്പന്റെ കൈവശം തന്നെയുണ്ട്.
എന്‍ഫോഴ്‌സ്‌മെന്റ് ചോദ്യം ചെയ്യലിലാണ്, സ്വപ്നയ്ക്ക് കൈമാറാനായി വാങ്ങിയ ആറാമത്തെ ഫോണിനെക്കുറിച്ചുള്ള വിവരങ്ങള്‍ സന്തോഷ് ഈപ്പന്‍ വെളിപ്പെടുത്തിയത്. കോണ്‍സല്‍ ജനറലിന് കൈമാറാന്‍ വാങ്ങിയ ഫോണ്‍ എങ്ങനെ തന്റെ കൈവശം തിരിച്ചെത്തിയെന്നും സന്തോഷ് ഈപ്പന്‍ വെളിപ്പെടുത്തി. രമേശ് ചെന്നിത്തലയ്ക്ക് ഫോണ്‍ കൈമാറിയെന്നത് തെറ്റായി വന്ന വിവരമാണെന്നും സന്തോഷ് ഈപ്പന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ വ്യക്തമാക്കി.
വടക്കാഞ്ചേരി ലൈഫ്മിഷന്‍ പദ്ധതി ലഭിച്ചതിന് പ്രത്യുപകാരമായി സന്തോഷ് ഈപ്പന്‍ വാങ്ങി നല്‍കിയ ആറ് മൊബൈലുകളില്‍ അഞ്ചെണ്ണം ആരുടെയൊക്കെ കൈവശമാണെന്ന് നേരത്തെ വ്യക്തമായിരുന്നു. എന്നാല്‍ ആറാമത്തെ മൊബൈല്‍ സംബന്ധിച്ച് രാഷ്ട്രീയ വിവാദങ്ങള്‍ ഉയര്‍ന്നു. ഇതിനിടെയാണ് വിവാദമായ ആപ്പിള്‍ ഐഫോണ്‍ 11 പ്രൊ 256 GB MG എന്ന മോഡലിലുള്ള മൊബൈല്‍ ഫോണ്‍ തന്റെ കൈവശമുണ്ടെന്ന് സന്തോഷ് ഈപ്പന്‍ ഇ ഡി യ്ക്ക് മുന്‍പാകെ വ്യക്തമാക്കിയത്.
മൊബൈല്‍ ഫോണും സീരിയല്‍ നമ്പരും നേരിട്ട് ഇ.ഡിയെ കാണിച്ച് വ്യക്തത വരുത്തുകയും ചെയ്തു. യഥാര്‍ത്ഥത്തില്‍ യു.എ.ഇ കോണ്‍സല്‍ ജനറലിന് നല്‍കാനായി കൈമാറിയതാണ് ഒരു ലക്ഷത്തി എണ്ണായിരം രൂപ വിലയുള്ള ഈ ഫോണ്‍. എന്നാല്‍ തനിക്ക് വേണ്ടത് മറ്റൊരു മോഡലാണെന്ന് കോണ്‍സല്‍ ജനറല്‍ പറഞ്ഞതോടെ, അത് തിരുവനന്തപുരത്തു നിന്ന് വാങ്ങി നല്‍കി. ഇതെ തുടര്‍ന്ന് നേരത്തെ നല്‍കിയ ഫോണ്‍ കോണ്‍സല്‍ ജനറല്‍ തിരിച്ച് ഏല്പിച്ചു. ഇതാണ് ഇപ്പോള്‍ സന്തോഷ് ഈപ്പന്റെ കൈവശമുള്ളത്.
യു. എ. ഇ ദിനാഘോഷത്തില്‍ രമേശ് ചെന്നിത്തല ഫോണ്‍ വിതരണം ചെയ്തു എന്നത്, രമേശ് ചെന്നിത്തലയ്ക്ക് ഫോണ്‍ നല്‍കി എന്ന് തെറ്റായി വ്യാഖ്യാനിക്കുകയായിരുന്നുവെന്നും സന്തോഷ് ഈപ്പന്‍ മൊഴി നല്‍കിയിട്ടുണ്ട്.
ഫോണുകളില്‍ നാലെണ്ണം യു.എ.ഇ.ദിനാചരണ ചടങ്ങില്‍ വിതരണം ചെയ്തു. അഞ്ചാമത്തെ ഫോണ്‍ സ്വപ്ന മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പള്‍ സെക്രട്ടറിയായിരുന്ന ശിവശങ്കറിന് സമ്മാനിച്ചു. ആറാമത്തെ ഫോണിനെ സംബന്ധിച്ച ആശയക്കുഴപ്പമാണ് നിലനിന്നിരുന്നത്. ഇത് എവിടെയുണ്ടെന്ന് അറിയാമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ബി ജെ പി പ്രസിഡന്റ് കെ.സുരേന്ദ്രനും അവകാശപ്പെട്ടതോടെ രാഷ്ട്രീയ കേന്ദ്രങ്ങളില്‍ സംശയത്തിന്റെ മുന തറച്ചിരുന്നു.

Related Articles

Back to top button