BREAKING NEWSKERALA

സോളാര്‍ വിവാദനായിക വീണ്ടും ഉയര്‍ത്തെഴുന്നേല്‍ക്കുന്നു, മുന്‍മന്ത്രിക്കെതിരേയുള്ള പീഡന പരാതിയില്‍ ഉറച്ചു തന്നെ മൊഴി

കൊല്ലം : പീഡനക്കേസില്‍ മുന്‍മന്ത്രി എ.പി.അനില്‍കുമാറിനെതിരേയുള്ള മൊഴിയില്‍ ഉറച്ചുനിന്ന് സോളാര്‍ വിവാദനായിക. കൊല്ലം അഡീഷണല്‍ കമ്മിഷണര്‍ ജോസി ചെറിയാന്റെ മുന്‍പാകെ ശനിയാഴ്ചയാണ് യുവതി മൊഴിനല്‍കിയത്. മുന്‍മന്ത്രിക്കെതിരേയുള്ള പരാതിയില്‍ ആരോപിച്ച കാര്യങ്ങള്‍ യുവതി ആവര്‍ത്തിക്കുകയും പരാതിയില്‍ ഉറച്ചുനില്‍ക്കുകയും ചെയ്തു.
2019 ല്‍ ക്രൈംബ്രാഞ്ച് രജിസ്റ്റര്‍ ചെയ്ത കേസില്‍ യുവതി മൊഴിനല്‍കാനെത്താത്തതുമൂലമാണ് കാലതാമസമുണ്ടായത്. കൊല്ലം സിറ്റി പോലീസ് കമ്മിഷണര്‍ ഓഫീസില്‍ രാവിലെ 10.30ന് എത്തിയ യുവതി ഉച്ചയ്ക്ക് ഒന്നരയ്ക്കാണ് മടങ്ങിയത്. കുറ്റപത്രം സമര്‍പ്പിക്കുന്നതിന് കൂടുതല്‍ അന്വേഷണം നടത്താനുണ്ടെന്ന് അഡീഷണല്‍ കമ്മിഷണര്‍ പറഞ്ഞു.
അനില്‍കുമാര്‍ മന്ത്രിയായിരിക്കെ ഔദ്യോഗിക വസതിയായിരുന്ന വഴുതക്കാട്ടെ റോസ് ഹൗസ്, ലെ മെറിഡിയന്‍ ഹോട്ടല്‍, ഡല്‍ഹിയിലെ കേരള ഹൗസ് എന്നിവിടങ്ങളില്‍വെച്ച് പീഡിപ്പിച്ചെന്നായിരുന്നു പരാതി.
സ്വര്‍ണക്കടത്തു കേസിലും ലഹരിക്കടത്തു കേസിലും സര്‍ക്കാരും സിപിഎമ്മും പ്രതിരോധത്തിലായിരിക്കെയാണ് സോളാര്‍ പീഡന കേസുകള്‍ പൊലീസ് വീണ്ടും സജീവമാക്കിയിരിക്കുന്നത്. ഉമ്മന്‍ചാണ്ടിയടക്കം കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരായ പീഡന കേസില്‍ പരാതിക്കാരിയുടെ മൊഴിയെടുപ്പ് ശനിയാഴ്ച പൊലീസ് പൂര്‍ത്തിയാക്കി.
2017ല്‍ ഉമ്മന്‍ചാണ്ടിയടക്കം കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ സോളാര്‍ സംരംഭക നല്‍കിയ പീഡന പരാതികള്‍ക്ക് മൂന്നു വര്‍ഷത്തിനു ശേഷം പൊടുന്നനെ ജീവന്‍ വെച്ചിരിക്കുകയാണ്. ഉമ്മന്‍ചാണ്ടിക്കു പുറമേ കോണ്‍ഗ്രസ് നേതാക്കളായ കെ.സി. വേണുഗോപാല്‍, ഹൈബിഈഡന്‍, അടൂര്‍ പ്രകാശ്, എ.പി. അനില്‍കുമാര്‍ എന്നിവരും അന്ന് കോണ്‍ഗ്രസിലുണ്ടായിരുന്ന ഇന്നത്തെ ബിജെപി ദേശീയ ഉപാധ്യക്ഷന്‍ എ.പി.അബ്ദുല്ലക്കുട്ടിയും തന്നെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതികളിലാണ് മൂന്നു വര്‍ഷത്തിനു ശേഷം പരാതിക്കാരിയുടെ മൊഴി പൊലീസ് രേഖപ്പെടുത്തിയത്. എ.പി.അനില്‍കുമാറിനെതിരായ പരാതിയില്‍ മാത്രമാണ് മൊഴിയെടുപ്പ് ബാക്കിയുണ്ടായിരുന്നത്. കേസിന്റെ അന്വേഷണ ഉദ്യോഗസ്ഥനായ കൊല്ലം എഎസ്പി ജോസി ചെറിയാനു മുന്നില്‍ നേരിട്ടെത്തി ഈ കേസിലും പരാതിക്കാരി് മൊഴി നല്‍കുകയായിരുന്നു.
ജോസ് കെ മാണിയ്‌ക്കെതിരെ ഉള്‍പ്പെടെ നല്‍കിയ പരാതികളില്‍ താന്‍ ഉറച്ചു നില്‍ക്കുകയാണെന്ന് പരാതിക്കാരി പറയുന്നു. പുതിയ നീക്കത്തിനു പിന്നില്‍ രാഷ്ട്രീയമില്ലെന്ന് പരാതിക്കാരിയും പൊലീസും പറയുന്നു. പക്ഷേ സ്വര്‍ണക്കടത്ത് കേസിലും ലഹരിക്കടത്തു കേസിലും സര്‍ക്കാരും സിപിഎമ്മും പ്രതിരോധത്തിലായ ഘട്ടത്തിലാണ് സോളാര്‍ പീഡന കേസുകള്‍ വീണ്ടും സജീവമാകുന്നത് എന്ന വസ്തുത പ്രസക്തമാണ്.

Related Articles

Back to top button