പാമ്പിനെ കണ്ടാന്‍ നമ്മള് ആദ്യം ചെയ്യുന്നതെന്താ. ധൈര്യമുള്ളവര്‍ തല്ലിക്കൊല്ലും അല്ലെങ്കില്‍ വാവാ സുരേഷിന്റെ നമ്പര്‍ തപ്പും. ഇതായിരുന്നു നമ്മള് ചെയ്തു പോന്നിരുന്നത്. എന്നാല്‍ ഇനി തല്ലിക്കൊല്ലാന്‍ ഒന്നും നില്‍ക്കേണ്ട.. കേസും കൂട്ടവും പിന്നാലെ വരും. വാവാ സുരേഷിനെ തപ്പുകയും വേണ്ട. കക്ഷി ഫുള്‍ ബിസിയാണ്. എത്തണേല്‍ പോലും മണിക്കൂറുകള്‍ എടുക്കും. എന്നാല്‍ ഇനി ഇതിനൊന്നും സമയം കളയേണ്ട. പാമ്പിനെ പിടിക്കാന്‍ ആപ്പ് റെഡി ആയിരിക്കുന്നു. പേര് സര്‍പ്പ ആപ്പ്.
നമുക്കിടയിലേക്കു എത്തുന്ന പാമ്പുകളെ സുരക്ഷിതമായി അവരുടെ ആവാസവ്യവസ്ഥയില്‍ എത്തിക്കാനും പൊതു ജനങ്ങള്‍ക്ക് സുരക്ഷതീര്ക്കാനുമായി വനം വകുപ്പ് ആവിഷ്കരിച്ച സംവിധാനമാണ് സര്‍പ്പ ആപ്പ്.
പാമ്പുകളെ കണ്ടാല്‍ ഈ ആപ്പില്‍ രേഖപ്പെടുത്തിയാല്‍ മതിയാകും ഉടനടി ബന്ധപ്പെട്ട വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്കും അംഗീകൃത പാമ്പ് പിടുത്ത സന്നദ്ധപ്രവര്‍ത്തകര്‍ക്കും സന്ദേശമെത്തും.
ആ മേഖലയിലേക്ക് ഉള്ള സന്നദ്ധ പാമ്പുപിടുത്ത പ്രവര്ത്തകന് ഗൂഗിള്‍ മാപ്പിന്റെ സഹായത്തോടെ സ്ഥലത്തെത്തുകയും പാമ്പിനെ പിടികൂടി അതിന്റെ ആവാസവ്യവസ്ഥയില്‍ വിട്ടയക്കുകയും ചെയ്യും.
സന്നദ്ധപ്രവര്‍ത്തകരുടെ രക്ഷാപ്രവര്‍ത്തനം ബന്ധപ്പെട്ട വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് കൃത്യമായ നിരീക്ഷിക്കുന്നതിനും സംവിധാനമുണ്ടാകും.
അടിയന്തര സാഹചര്യങ്ങളില്‍ ബന്ധപ്പെടേണ്ട നമ്പറുകള്‍, പാമ്പുകടിയേറ്റാല്‍ ഏറ്റവുമടുത്ത ചികിത്സ ലഭ്യമാകുന്ന ഹോസ്പിറ്റലുകളുടെ ടെലഫോണ്‍ നമ്പര്‍, പരിശീലനം ലഭിച്ച പാമ്പ് പിടുത്ത സന്നദ്ധപ്രവര്‍ത്തകര്‍, കേരളത്തിലെ പാമ്പുകളെ കുറിച്ചുള്ള വിവരങ്ങള്‍, പാമ്പുകളുടെ എണ്ണവും തരവും തിരിച്ചറിയാനുള്ള മാര്‍ഗങ്ങള്‍, പാമ്പുകടി സംബന്ധിച്ച് മനസ്സിലാക്കേണ്ട കാര്യങ്ങള്‍ എന്നിവയും ലഭ്യമാണ്.
പാമ്പുപിടുത്തം സംബന്ധിച്ച് സര്‍ക്കാര്‍ പുറത്തിറക്കിയ മാനദണ്ഡങ്ങളുടെ ഭാഗമായി വനംവകുപ്പിനെ പരിശീലനം പൂര്‍ത്തിയാക്കിയവര്‍ക്ക് മാത്രമേ പാമ്പ് പിടുത്ത അനുമതിയുള്ളൂ.ഇത്തരത്തില്‍ മാര്‍ഗ്ഗനിര്‍ദ്ദേശവും പരിശീലനവും നല്കുന്ന രാജ്യത്തെ ആദ്യ സംസ്ഥാനമാണ് കേരളം.
കുറച്ചു നാളുകള്‍ക്കു മുന്‍പ് വനംവകുപ്പ് പാമ്പ് പിടുത്തത്തിന് നല്കിയ ക്ലാസ്സുകള്‍ വളരെ വൈറലായിരുന്നു. അതിന്റെ വീഡിയോ സഹിതം സോഷ്യല്‍ മീഡിയയില്‍ പ്രചരച്ചിരുന്നു. എണ്ണൂറോളം ആളുകള്‍ക്കാണ് പാമ്പ് പിടുത്തത്തില്‍ പരിശീലനം നല്‍കിയത്.
പാമ്പുപിടുത്തം കൂടുതല്‍ കുറ്റമറ്റതായി മാറ്റുന്നതിന് സഹായകമായി. പൊതുജനങ്ങള്‍ക്ക് ഉണ്ടാകുന്ന ബുദ്ധിമുട്ടും അപകടം കുറയ്ക്കുന്നതിനും ഈ ആപ് സഹായകമാകും. ഈ സര്‍ക്കാര്‍ ആപ്പ് ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്