തിരുവനന്തപുരം: രാജീവ് ഗാന്ധി ബയോടെക്നോളജി സെന്ററിന്റെതിരുവനന്തപുരം കാമ്പസില്‍ ആരംഭിക്കുന്ന രണ്ടാമത്തെ കേന്ദ്രത്തിന് ആര്.എസ്.എസ് ആചാര്യന് എംഎസ് ഗോള്‍വാള്‍ക്കറിന്റെ പേര് നല്‍കുന്നതിനെ രൂക്ഷമായി വിമര്‍ശിച്ച് ശശി തരൂര്‍ എംപി. വര്‍ഗീയത എന്ന രോഗം പ്രോത്സാഹിപ്പിച്ചു എന്നതല്ലാതെ എം എസ് ഗോള്‍വാള്‍കര്‍ക്ക് ശാസ്ത്രവുമായി എന്താണ് ബന്ധമെന്ന് എത്ര ആലോചിച്ചിട്ടും മനസ്സിലാകുന്നില്ലെന്നാണ് ഫേസ്ബുക്കില്‍ പങ്കുവച്ച പോസ്റ്റില്‍ ശശി തരൂര്‍ പോസ്റ്റില്‍ പറയുന്നത്.
രാജീവ് ഗാന്ധി ബയോടെക്നോളജി സെന്ററിലെ രണ്ടാം കേന്ദ്രം ശ്രീ ഗുരുജി മാധവ സദാശിവ ഗോള്‍വാള്‍ക്കര്‍ നാഷണല്‍ സെന്റര്‍ ഫോര്‍ കോപ്ലക്സ് ഡിസീസ് ഇന്‍ കാന്‍സര്‍ ആന്‍ഡ് വൈറല്‍ ഇന്‍ഫെക്ഷന്‍സ് എന്ന് നാമകരണം ചെയ്യുമെന്ന് കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പ് മന്ത്രി ഡോ. ഹര്ഷവര്ധന് വ്യക്തമാക്കിയിരുന്നു. ഇന്ത്യ ഇന്റര്‍നാഷണല്‍ സയന്‍സ് ഫെസ്റ്റിവലിന്റെ (ഐഐഎസ്എഫ്) ഭാഗമായി ആര്‍ജിസിബിയില്‍ നടന്ന സമ്മേളനത്തില്‍ നല്കിയ വീഡിയോ സന്ദേശത്തിലാണ് മന്ത്രി ഇക്കാര്യമറിയിച്ചത്.
ശശിതരൂരിന്റെ ഫേസ്ബുക്ക് പോസ്റ്റ് പൂര്‍ണ്ണരൂപത്തില്‍
തിരുവനന്തപുരത്തെ രാജീവ് ഗാന്ധി ബയോടെക്നോളജി സെന്ററിന്റെ രണ്ടാമത്തെ കാമ്പസിന് ‘ശ്രീ ഗുരുജി മാധവ് സദാശിവ ഗോള്‍വാള്‍ക്കര്‍ നാഷണല്‍ സെന്റര്‍ ഫോര്‍ കോംപ്ലക്സ് ഡിസീസ് ഇന്‍ കാന്‍സര്‍ ആന്‍ഡ് വൈറല്‍ ഇന്ഫെക്ഷന്’ എന്ന് പേരിടാന്‍ തീരുമാനിച്ചിരിക്കുന്നുവെന്ന് വാര്‍ത്ത വര്‍ഗീയത എന്ന രോഗം പ്രോത്സാഹിപ്പിച്ചു എന്നതല്ലാതെ എം എസ് ഗോള്‍വാള്‍കര്‍ക്ക് ശാസ്ത്രവുമായി എന്താണ് ബന്ധമെന്ന് എത്ര ആലോചിച്ചിട്ടും മനസ്സിലാകുന്നില്ല.
രാജീവ് ഗാന്ധിക്ക് ശാസ്ത്രവുമായി എന്താണ് ബന്ധമെന്നത് രാജീവ് ഗാന്ധിയുടെ ചരിത്രമറിയുന്നവര്‍ക്ക് അറിയാം അദ്ദേഹം ശാസ്ത്ര സംബന്ധിയായ എല്ലാ നവീകരണ പദ്ധതികള്‍ക്കും പ്രവര്‍ത്തനങ്ങള്‍ക്കും പ്രചോദനമായിരുന്നു എന്ന്; അതിനായി ഫണ്ടും അദ്ദേഹം നീക്കിവെച്ചിരുന്നു.
ഇത്തരം കാര്യങ്ങള്‍ ചെയ്യാന്‍ ശ്രമിച്ച ബി ജെ പി യുടെ മറ്റു നേതാക്കള്‍ ആരുമില്ലായിരുന്നോ? ഗോള്‍വാള്‍ക്കര്‍ എന്ന ഹിറ്റ്ലര്‍ ആരാധകന് ഓര്‍മ്മിക്കപ്പെടേണ്ടത് 1966ല്‍ വി എച്ച് പി യുടെ ഒരു പരിപാടിയില്‍ അദ്ദേഹം നടത്തിയ ‘മതത്തിന് ശാസ്ത്രത്തിന് മേല്‍ മേധാവിത്വം വേണമെന്ന’ പരാമര്‍ശത്തിന്റെ പേരിലല്ലേ?