തിരുവനന്തപുരം: ശശി തരൂർ എംപിക്കെതിരായ എതിർപ്പ് പരസ്യമാക്കി കൂടുതൽ കോൺഗ്രസ് നേതാക്കൾ രംഗത്ത്. ശശി തരൂർ ഗസ്റ്റ് ആർട്ടിസ്റ്റാണെന്നും രാഷ്ട്രീയക്കാരനല്ലെന്നും കെപിസിസി വർക്കിങ് പ്രസിഡന്റും എംപിയുമായ കൊടിക്കുന്നിൽ സുരേഷ് പറഞ്ഞു.
“ശശി തരൂർ രാഷ്ട്രീയക്കാരനല്ല. പാർട്ടിയുടെ അതിർവരമ്പുകൾക്കുള്ളിൽ നിന്നുകൊണ്ടുള്ള പാർട്ടി പ്രവർത്തനമോ പാർലമെന്ററി പ്രവർത്തനമോ അദ്ദേഹത്തിന് മനസിലാക്കാൻ കഴിഞ്ഞിട്ടില്ലെന്നതുകൊണ്ടാണ് പല കാര്യങ്ങളിലും എടുത്തുചാട്ടം കാണിക്കുന്നത്. കോൺഗ്രസിൽ വന്ന് പാർലമെന്റ് അംഗം എന്ന നിലയിൽ പ്രവർത്തിക്കുമ്പോൾ പാർട്ടിക്ക് വിധേയനാകണം. ശശി തരൂർ ഗസ്റ്റ് ആർട്ടിസ്റ്റായാണ് കോൺഗ്രസിലേക്ക് വന്നത്. അദ്ദേഹം ഇപ്പോഴും ഗസ്റ്റ് ആർട്ടിസ്റ്റിനെപ്പോലെയാണ് നിൽക്കുന്നത്,” കൊടിക്കുന്നിൽ പരിഹസിച്ചു. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുമ്പോഴാണ് കൊടിക്കുന്നിൽ സുരേഷ് ശശി തരൂരിനെ കടന്നാക്രമിച്ചത്.
ശശി തരൂരിനെതിരെ ഉൾപ്പാർട്ടി പോര് ശക്തമാകുകയാണ്. കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ തരൂരിനെതിരെ എതിർപ്പ് പരസ്യമാക്കിയതിനു പിന്നാലെ കൂടുതൽ നേതാക്കൾ സമാന നിലപാടുമായി രംഗത്തെത്തുകയായിരുന്നു. തങ്ങളാരും ശശി തരൂരിനെപ്പോലെ വിശ്വപൗരൻമാരല്ലെന്ന് കെ.മുരളീധരൻ എംപി ഇന്നലെ വാർത്താസമ്മേളനത്തിൽ പരിഹസിച്ചിരുന്നു. സോണിയ ഗാന്ധിക്കെതിരെ കത്തയച്ച ശശി തരൂർ അടക്കമുള്ള കോൺഗ്രസ് നേതാക്കൾക്കെതിരെയാണ് മുരളീധരൻ രംഗത്തെത്തിയത്. പാർട്ടി അധ്യക്ഷ സ്ഥാനവുമായി ബന്ധപ്പെട്ട് സോണിയ ഗാന്ധിക്ക് കത്തയച്ച കോൺഗ്രസ് നേതാക്കൾ എതിരാളികള്‍ക്ക് വടി കൊടുക്കുന്നത് പോലെയായെന്ന് മുരളീധരൻ വിമർശിച്ചു.