LATESTBREAKING NEWSNATIONAL

ശശികലയെ അതിര്‍ത്തിയില്‍ തടഞ്ഞു; കാര്‍ മാറിക്കയറി ‘ചിന്നമ്മ’ ചെന്നൈയിലേക്ക്

ചെന്നൈ: ബെംഗളുരുവില്‍ 4 വര്‍ഷത്തെ ജയില്‍ ശിക്ഷയും രണ്ടാഴ്ചത്തെ കോവിഡ് ചികിത്സയും കഴിഞ്ഞ് ചെന്നൈയിലേക്ക് തിരിച്ച അണ്ണാഡിഎംകെ മുന്‍ ജനറല്‍ സെക്രട്ടറി വി.കെ. ശശികലയുടെ വാഹനവ്യൂഹം അതിര്‍ത്തിയില്‍ പൊലീസ് തടഞ്ഞു. നൂറു വാഹനങ്ങളുടെ അകമ്പടിയോടെ തമിഴ്‌നാട് അതിര്‍ത്തിയായ കൃഷ്ണഗിരിയില്‍ എത്തിയ ശശികലയെ തടഞ്ഞ പൊലീസ് അകമ്പടിയായി അഞ്ചു വാഹനങ്ങള്‍ മാത്രമേ കടത്തി വിടൂവെന്ന് അറിയിച്ചു.
അണ്ണാഡിഎംകെ പതാക ഉപയോഗിക്കാനാകില്ലെന്ന് നിലപാട് എടുത്ത പൊലീസ് ശശികലയുടെ കാറില്‍നിന്ന് അണ്ണാഡിഎം പതാക അഴിച്ചുമാറ്റി. ഇതോടെ അണ്ണാഡിഎംകെ പ്രവര്‍ത്തകന്റെ പാര്‍ട്ടി പാതകയുള്ള കാറിലേക്ക് ശശികല മാറിക്കയറി യാത്ര തുടരുകയും തമിഴ്‌നാട്ടില്‍ പ്രവേശിക്കുകയും ചെയ്തു. അതേസമയം, പൊലീസ് നിര്‍ദേശം ലംഘിച്ച് വാഹനവ്യൂഹം മുന്നോട്ടു പോവുകയാണെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
കൃഷ്ണഗിരിയില്‍ വന്‍ സ്വീകരണമാണു ശശികലയ്ക്കായി പ്രവര്‍ത്തകര്‍ ഒരുക്കിയിരുന്നത്. അതിനിടെ, കൃഷ്ണഗിരി ടോള്‍ഗേറ്റിന് സമീപം രണ്ട് കാറുകള്‍ക്ക് തീ പിടിച്ചത് പരിഭ്രാന്തി പരത്തി. ടോള്‍ഗേറ്റിന് സമീപം പാര്‍ക്ക് ചെയ്തിരുന്നു സ്വീകരണ റാലിക്ക് എത്തിയ രണ്ടു കാറുകള്‍ക്കാണ് തീ പിടിച്ചത്. റാലിക്കിടെ പ്രവര്‍ത്തകര്‍ പടക്കം പൊട്ടിക്കുമ്പോഴാണ് കാറുകളിലേക്ക് തീ പടര്‍ന്നതെന്നാണ് വിവരം.
ശശികലയുടെ കാറില്‍ അണ്ണാഡിഎംകെ പതാക ഉപയോഗിക്കുന്നതിനെ തമിഴ്‌നാട് സര്‍ക്കാര്‍ എതിര്‍ത്തിരുന്നു. ശശികല സന്ദര്‍ശിക്കാന്‍ സാധ്യതയുള്ള അണ്ണാഡിഎംകെ കേന്ദ്രങ്ങളിലെല്ലാം ഇന്ന് പ്രവേശന വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. സുരക്ഷയും കര്‍ശനമാക്കിയിട്ടുണ്ട്. ശശികലയെ ‘രാജ മാതാ’ ആയി വിശേഷിപ്പിക്കുന്ന പോസ്റ്ററുകളാണ് അനുയായികള്‍ ചെന്നൈ നഗരത്തില്‍ ഒരുക്കിയിരുന്നത്. അതിര്‍ത്തി മുതല്‍ 32 സ്ഥലങ്ങളിലാണ് ശശികലയ്ക്ക് സ്വീകരണം ഒരുക്കിയിരുന്നത്.
അനധികൃത സ്വത്ത് സമ്പാദനക്കേസിലെ കൂട്ടുപ്രതികളായ ഇളവരശി, വി.എന്‍.സുധാകരന്‍ എന്നിവരുടെ പേരില്‍ ചെന്നൈയിലുള്ള 6 സ്വത്തുവകകള്‍ സര്‍ക്കാര്‍ കഴിഞ്ഞ ദിവസം കണ്ടുകെട്ടിയിരുന്നു. ശശികലയുടെ സഹോദര ഭാര്യയാണ് ഇളവരശി. സഹോദരീ പുത്രനും ടി.ടി.വി. ദിനകരന്റെ സഹോദരനുമാണു സുധാകരന്‍.
അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ ശിക്ഷയുടെ ഭാഗമായി പ്രതികള്‍ക്കു 100 കോടി രൂപ പിഴ വിധിച്ചിരുന്നു. ഇതിന്റെ ഭാഗമായാണു ചെന്നൈ കലക്ടര്‍ ഇളവരശിയുടെയും സുധാകരന്റെയും പേരിലുള്ള സ്വത്തുവകകള്‍ കണ്ടുകെട്ടിയത്. ജയില്‍ മോചിതയായ ഇളവരശിയും ശശികലയ്‌ക്കൊപ്പം ചെന്നൈയിലേക്ക് തിരിച്ചിട്ടുണ്ട്.
10 കോടി രൂപ പിഴ അടയ്ക്കാത്തതിനാല്‍ സുധാകരന്‍ ഇതുവരെ ജയില്‍ മോചിതനായിട്ടില്ല. ശ്രീറാം റോഡിലെ വസ്തു, വാലസ് എസ്റ്റേറ്റിലെ 5 വസ്തുക്കള്‍ എന്നിവയാണു കണ്ടുകെട്ടിയത്.

Related Articles

Back to top button