ചെന്നൈ: ബെംഗളുരുവില്‍ 4 വര്‍ഷത്തെ ജയില്‍ ശിക്ഷയും രണ്ടാഴ്ചത്തെ കോവിഡ് ചികിത്സയും കഴിഞ്ഞ് അണ്ണാഡിഎംകെ മുന്‍ ജനറല്‍ സെക്രട്ടറി ശശികല ഇന്ന് ചെന്നൈയില്‍ എത്തുന്നു. ക്വാറന്റീനില്‍ കഴിയുന്ന ബെംഗളുരുവിലെ റിസോര്‍ട്ടില്‍നിന്ന് അനുയായികള്‍ക്കൊപ്പം റോഡ് ഷോ ആയാണ് ചെന്നൈയില്‍ എത്തുന്നത്. ശശികല പേടിയില്‍ ജയലളിത, എംജിആര്‍ സമാധികള്‍ അടച്ചുപൂട്ടിയ അണ്ണാഡിഎംകെ സര്‍ക്കാര്‍ പാര്‍ട്ടി ആസ്ഥാനം പൊലീസ് കാവലില്‍ ആക്കി.
2017 ജയിലില്‍ പോകുന്ന സമയത്താണ് ശശികല ജയലളിതയുടെ സമാധിയില്‍ കയ്യടിച്ചു ശപഥം ചെയ്യുന്നത്. ജയലളിത കൂടി പ്രതി ആയിരുന്ന അനധികൃത സ്വത്തുസമ്പാദന കേസില്‍ ശിക്ഷ കഴിഞ്ഞാണ് ശശികല എത്തുന്നത്. താന്‍ വാഴിച്ചവര്‍ തന്നെ ചതിച്ചതിന്റെ അടങ്ങാത്ത ദേഷ്യവുമായാണ് മടക്കം. ജയ സമാധിയില്‍ എത്തി പ്രതിജ്ഞ എടുത്താല്‍ ഉണ്ടാകാന്‍ പോകുന്ന ചലനങ്ങള്‍ മുന്‍കൂട്ടി കണ്ട അണ്ണാഡിഎംകെ നേതൃത്വം ജയ സമാധി അടച്ചു പൂട്ടി. ഇതോടെ നേരെ ടി നഗറിലെ എംജിആറിന്റെ വീട്ടിലെത്തിയാണ് ചിന്നമ്മ രാഷ്ട്രീയ ജീവിതത്തിന്റെ രണ്ടാം ഘട്ടം ആരംഭിക്കുക.
വന്‍ ജനക്കൂട്ടം അനുവദിക്കില്ലെന്നു പൊലീസ് മുന്നറിയിപ്പ് നല്കി. രാവിലെ ബെംഗളുരുവില്‍ നിന്നും പുറപ്പെട്ട റോഡ് ഷോ 32 കേന്ദ്രങ്ങളില്‍ സ്വീകരണം ഏറ്റുവാങ്ങിയായാണ് ചെന്നൈയില്‍ എത്തുക. അതേസമയം ശശികലയ്ക്കെതിരെ നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ടു പോകുകയാണ്. ചെന്നൈയിലെ 6 ഇടങ്ങളിലെ ബംഗ്ലാവും ഭൂമിയുമടക്കം ശശികലയുടെ 100 കോടിയിലധികം രൂപയുടെ സ്വത്തുക്കള്‍ തമിഴ്നാട് സര്‍ക്കാര്‍ കണ്ടുകെട്ടി. ഇളവരിശിയുടേയും സുധാകരന്റെയും പേരിലുള്ള സ്വത്തുക്കളാണ് ബെനാമി നിയമപ്രകാരം കണ്ടുകെട്ടിയത്.
അതേസമയം കടുത്ത രാഷ്ട്രീയ നീക്കങ്ങള്‍ ഉടന്‍ ശശികലയുടെ ഭാഗത്തു നിന്നും ഉണ്ടാകില്ല. തിരഞ്ഞെടുപ്പ് കഴിയുന്നത് വരെ കാത്തിരിക്കാനാണ് തീരുമാനം. സീറ്റ് കിട്ടാത്ത അസംതൃപ്തരെ ഒപ്പം നിര്‍ത്താനാണ് ആദ്യ നീക്കം. കൂടാതെ അധികാരമില്ലാത്ത അണ്ണാഡിഎംകെ പിടിച്ചെടുക്കാന്‍ കൂടുതല്‍ എളുപ്പമാകുമെന്നും ശശികലയും കൂട്ടരും കണക്ക് കൂട്ടുന്നു. അതോടോപ്പം നിലവില്‍ അണ്ണാഡിഎംകെയുമായി സഖ്യമുള്ള ബിജെപിയെ പ്രകോപിപ്പിക്കേണ്ട എന്ന ആലോചനയും തീരുമാനത്തിന് പിന്നില്‍ ഉണ്ട്. നിലവില്‍ കേന്ദ്ര ഏജന്‍സികള്‍ എടുത്ത അര ഡസനില്‍ അധികം കേസുകള്‍ ശശികലയ്ക്ക് എതിരെ ഉണ്ട്.കൂടാതെ ബിജെപിയുമായി നീക്കുപോക്കുകള്‍ക്ക് ശശികല തയാറെടുക്കുന്നതായും സൂചനയുണ്ട്.