ചെന്നൈ: ഡിഎംകെയെ തോല്‍പ്പിക്കാന്‍ വി.കെ.ശശികലയുമായി അണ്ണാ ഡിഎംകെ കൈകോര്‍ക്കണമെന്ന് ആര്‍എസ്എസ് ബൗദ്ധികാചാര്യന്‍ എസ്.ഗുരുമൂര്‍ത്തി. ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി.നഡ്ഡയുടെ സാന്നിധ്യത്തില്‍, തുഗ്ലക്ക് മാസികയുടെ വാര്‍ഷികാഘോഷത്തിനായിരുന്നു പരാമര്‍ശം. അതേസമയം, ഗുരുമൂര്‍ത്തി സ്വയം ചാണക്യനായും കിങ് മേക്കറായും നടിക്കുകയാണെന്നും അതു തമിഴ്നാട്ടില്‍ ചെലവാകില്ലെന്നും അണ്ണാ ഡിഎംകെ പ്രതികരിച്ചു. ശശികലയെ പ്രകീര്‍ത്തിക്കുന്നതില്‍ നിന്നു നേതാക്കള്‍ വിട്ടു നില്‍ക്കണമെന്നും പാര്‍ട്ടി വക്താവും മന്ത്രിയുമായ ഡി. ജയകുമാര്‍ ആവശ്യപ്പെട്ടു.
മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ തോഴിയും അണ്ണാഡിഎംകെ മുന്‍ ജനറല്‍ സെക്രട്ടറിയുമായ ശശികല 27നു ജയില്‍ മോചിതയാകാനിരിക്കെയാണ്, അവര്‍ക്കായി ബിജെപി ചരടുവലിക്കുന്നത്. അതേസമയം, ജയയുടെ മരണ ശേഷം ശശികല മുഖ്യമന്ത്രി സ്ഥാനത്തിനായി ശ്രമിച്ചപ്പോള്‍, കലാപമുയര്‍ത്തി അണ്ണാഡിഎംകെ വിടാന്‍ ഒ.പനീര്‍സെല്‍വത്തെ ഉപദേശിച്ചതു മൂര്‍ത്തിയായിരുന്നു. ശശികല ജയിലിലായ ശേഷമാകട്ടെ, പനീര്‍സെല്‍വം വിഭാഗവും മുഖ്യമന്ത്രി എടപ്പാടി പളനിസാമിയുടെ നേതൃത്വത്തിലുള്ള പക്ഷവും ഒരുമിക്കാനും മുന്നില്‍ നിന്നു.