മുംബൈ: ഇന്ത്യയിലെ ശതകോടീശ്വരന്മാരുടെ പട്ടിക പുറത്തുവിട്ട് ഫോബ്സ് മാസിക. മാര്‍ച്ച് 27 വരെയുള്ള കണക്കുകള്‍ അടിസ്ഥാനമാക്കിയാണ് പട്ടിക തയ്യാറാക്കിയത്. റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ മുകേഷ് അംബാനിയാണ് പട്ടികയില്‍ ഒന്നാമതുള്ളത്. ലോക കോടീശ്വര പട്ടികയില്‍ പത്താം സ്ഥാനത്താണ് അദ്ദേഹം. 5.63 ലക്ഷം കോടി രൂപയാണ് മുകേഷ് അംബാനിയുടെ ആസ്തി. ജിന്‍ഡാല്‍ സ്റ്റീല്‍ ആന്‍ഡ് പവര്‍ ലിമിറ്റഡ് ചെയര്‍മാനായ സാവിത്രി ദേവി ജിന്‍ഡാല്‍ മാത്രമാണ് പട്ടികയിലെ ആദ്യ പത്തില്‍ ഇടംപിടിച്ച ഏക വനിത.
73 ആയിരം കോടി രൂപയാണ് സാവിത്രി ജിന്‍ഡാലിന്റെ ആസ്തി. ലോക കോടീശ്വര പട്ടികയില്‍ 216ാം സ്ഥാനത്താണവര്‍. പ്രമുഖ ബിസിനസ്സുകാരനും ജിന്‍ഡാല്‍ സ്റ്റീല്‍ ആന്‍ഡ് പവര്‍ ലിമിറ്റഡ് സ്ഥാപകനുമായ ഓംപ്രകാശ് ജിന്‍ഡാല്‍ അഥവാ ഒപി ജിന്‍ഡാലിന്റെ ഭാര്യയാണ് സാവിത്രി ജിന്‍ഡാല്‍. അസം സ്വദേശിയായ സാവിത്രി 1970 കളിലാണ് ഓംപ്രകാശിനെ വിവാഹം കഴിക്കുന്നത്.
2005ലുണ്ടായ ഒരു ഹെലികോപ്റ്റര്‍ അപകടത്തില്‍ ഓംപ്രകാശ് മരണപ്പെട്ടതോടെയാണ് സാവിത്രി ജിന്‍ഡാല്‍ കമ്പനി ചെയര്‍പേഴ്സണായി സ്ഥാനമേല്‍ക്കുന്നത്. ഇന്ത്യയില്‍ സ്റ്റീല്‍ ഉത്പാദിപ്പിക്കുന്ന മൂന്നാമത്തെ വലിയ കമ്പനിയാണ് ജിന്‍ഡാല്‍ സ്റ്റീല്‍സ്.
ബിസിനസ് വുമണ്‍ എന്നതിലുപരി സാവിത്രി ജിന്‍ഡാല്‍ അറിയപ്പെടുന്നൊരു കോണ്‍ഗ്രസ് നേതാവ് കൂടിയാണ്. ഹരിയാന സര്‍ക്കാരിലെ മന്ത്രിയും ഹിസാര്‍ നിയോജകമണ്ഡലത്തില്‍ നിന്നുള്ള ഹരിയാന നിയമസഭാംഗവുമായിരുന്നു അവര്‍. 2016ല്‍ ഇന്ത്യയിലെ ഏറ്റവും ധനികയായ വനിതയായി സാവിത്രി ജിന്‍ഡാലിനെ തിരഞ്ഞെടുത്തിട്ടുണ്ട്. ആ വര്‍ഷം ലോകത്തിലെ 453ാമത്തെ സമ്പന്ന വ്യക്തിയായിരുന്നു അവര്‍. ലോകത്തിലെ ഏഴാമത്തെ ധനികയായ അമ്മയാണ് സാവിത്രി ജിന്‍ഡാല്‍.
ഗൗതം അദാനി, ശിവ് നാടാര്‍, ലക്ഷ്മി മിട്ടാല്‍, ഉദയ് കൊട്ടക്, കുമാര്‍ ബിര്‍ള, ദിലീപ് സംഘ്വി, സുനില്‍ മിട്ടാല്‍, സൈറസ് പുനാവാല തുടങ്ങിയവര്‍ പട്ടികയില്‍ ഇടംനേടിയിട്ടുണ്ട്. അദാനി ഗ്രൂപ്പ് ചെയര്മാന് ഗൗതം അദാനി പട്ടികയില്‍ രണ്ടാംസ്ഥാനത്താണുള്ളത്. 38.9 ലക്ഷം കോടി രൂപയാണ് ആസ്തി. ലോക കോടീശ്വരന്മാരില് അദാനി 22ാം സ്ഥാനത്താണ്.
17.38 ലക്ഷം കോടി രൂപയുടെ ആസ്തിയുമായി എച്ച്സിഎല്‍ ടെക്നോളജീസ് സ്ഥാപകന്‍ ശിവ് നാടാര്‍ ആണ് പട്ടികയില്‍ മൂന്നാംസ്ഥാനത്ത്. 4.27 ലക്ഷം കോടിയുമായി ലക്ഷ്മി എന്‍ മിട്ടാല്‍ നാലം സ്ഥാനത്തും 92 ആയിരം കോടി രൂപയുമായി സിറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ സൈറസ് പൂനവാല ഏഴാം സ്ഥാനത്തുമാണുള്ളത്.