BUSINESSBANKING

ദിനേശ് കുമാര്‍ ഖാര എസ്ബിഐ ചെയര്‍മാന്‍

ന്യൂഡല്‍ഹി: ദിനേശ് കുമാര്‍ ഖാരയെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്.ബി.ഐ) ചെയര്‍മാനായി കേന്ദ്രസര്‍ക്കാര്‍ നിയമിച്ചു. നേരത്തേ ചെയര്‍മാനായിരുന്ന രജനിഷ് കുമാര്‍ മൂന്നുവര്‍ഷത്തെ കാലാവധി ചൊവ്വാഴ്ച പൂര്‍ത്തിയാക്കിയതോടെയാണ് ദിനേശ് കുമാര്‍ ചെയര്‍മാനായത്.അധികാരമേറ്റെടുക്കുന്നത് മുതല്‍ മൂന്ന് വര്‍ഷത്തേക്കാണ് നിയമനമെന്ന് ധനമന്ത്രാലയം പുറത്തിറക്കിയ വിജ്ഞാപനത്തില്‍ പറയുന്നു. കഴിഞ്ഞ മാസം ബാങ്ക് ബോര്‍ഡ് ബ്യൂറോ (ബി.ബി.ബി) ഖാരയെ ചെയര്‍മാന്‍ പദവിയിലേക്ക് ശിപാര്‍ശ ചെയ്തിരുന്നു.തുടര്‍ന്നു വരുന്ന രീതിയനുസരിച്ച്, ബാങ്കിന്റെ നിലവിലെ മാനേജിംഗ് ഡയറക്ടര്‍മാരില്‍ നിന്നാണ് ചെയര്‍മാനെ നിയമിച്ചു വരുന്നത്. 2017 ല്‍ ചെയര്‍മാന്‍ സ്ഥാനത്തേക്ക് മത്സരിച്ചവരില്‍ ഖാരയും ഉണ്ടായിരുന്നു.2016 ആഗസ്റ്റില്‍ മൂന്നുവര്‍ഷത്തേക്കാണ് ദിനേശ് ഖാരയെ എസ്.ബി.ഐ മാനേജിങ് ഡയറക്ടറായി നിയമിച്ചിരുന്നത്. എന്നാല്‍ അദ്ദേഹത്തിന്റെ പ്രവര്‍ത്തന മികവ് പരിഗണിച്ച് 2019 ല്‍ അദ്ദേഹത്തിന്റെ കാലാവധി രണ്ട് വര്‍ഷത്തേക്ക് കൂടി നീട്ടി നല്‍കുകയായിരുന്നു.
ഡല്‍ഹി സര്‍വകലാശാലയിലെ ഫാക്കല്‍റ്റി ഓഫ് മാനേജ്‌മെന്റ് സ്റ്റഡീസിലെ പൂര്‍വ്വ വിദ്യാര്‍ഥിയായ ഖാര എസ്.ബി.ഐ ഗ്ലോബല്‍ ബാങ്കിങ് വിഭാഗം തലവനാണ്. ബോര്‍ഡ് തല പദവി വഹിക്കുന്ന ഇദ്ദേഹം എസ്.ബി.ഐയുടെ ബാങ്കിങ് ഇതര അനുബന്ധ സ്ഥാപനങ്ങളുടെ മേല്‍നോട്ടവും വഹിക്കുന്നുണ്ട്. .മാനേജിങ് ഡയറക്ടറായി നിയമിക്കപ്പെടുന്നതിന് മുമ്പ് എസ്.ബി.ഐ ഫണ്ട്‌സ് മാനേജ്‌മെന്റ് പ്രൈവറ്റ് ലിമിറ്റഡിന്റെ (എസ്.ബി.ഐ.എം.എഫ്) എം.ഡിയും സി.ഇ.ഒയുമായിരുന്നു ദിനേശ് ഖാര.1984 ല്‍ പ്രൊബേഷണറി ഓഫീസറായി എസ്.ബി.ഐയില്‍ എത്തിയ ഖാര 2017 ഏപ്രിലില്‍ അഞ്ച് അസോസിയേറ്റ് ബാങ്കുകളെയും ഭാരതീയ മഹിള ബാങ്കിനെയും എസ്.ബി.ഐയില്‍ ലയിപ്പിക്കുന്നതില്‍ പ്രധാന പങ്കുവഹിച്ചു വ്യക്തിയാണ്.കോവിഡ് 19 മഹാമാരി മൂലം ബാങ്കിങ് മേഖല വലിയ പ്രതിസന്ധി നേരിടുന്ന് ഈ സമയത്ത് പുതിയ എസ്.ബി.ഐ ചെയര്‍മാന് വലിയ വെല്ലുവിളിയാണ് സ്വീകരിക്കേണ്ടി വരുന്നത്.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker