ന്യൂഡല്‍ഹി: കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ 2020-21 അധ്യയന വര്‍ഷം ഉപേക്ഷിക്കില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. എന്നാല്‍, ഉടന്‍ തുറക്കില്ല. ഈ അക്കാദമിക വര്‍ഷത്തെ സീറോ അക്കാദമിക് ഇയര്‍ ആയി പരിഗണിക്കാനും ആലോചനയുണ്ട്. കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണെങ്കിലുംകോളേജുകളിലെയും സ്കൂളുകളിലെയും വാര്‍ഷിക പരീക്ഷ നടത്താന്‍ കഴിയും എന്നാണ് പ്രതീക്ഷ എന്നും കേന്ദ്ര മാനവവിഭശേഷി സെക്രട്ടറി അമിത് ഖരെ പ്രതീക്ഷ പ്രകടിപ്പിച്ചു. മാനവ വിഭശേഷി വകുപ്പിന്റെ പാര്‍ലമെന്ററി സ്റ്റാന്റിംഗ് കമ്മിറ്റി യോഗത്തില്‍ ആണ് അമിത് ഖരെ ഇക്കാര്യം വ്യക്തമാക്കിയത്.
കോളേജുകളും, സ്കൂളുകളും എപ്പോള്‍ തുറക്കും എന്ന് ഖരെ വ്യക്തമാക്കിയില്ല. അതെ സമയം സ്ഥിതി മെച്ചമാക്കുമ്പോള്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കും എന്ന് അദ്ദേഹം സ്റ്റാന്‍ഡിങ് കമ്മിറ്റി യോഗത്തില്‍ വ്യക്തമാക്കി. നവംബര്‍ ഡിസംബര്‍ മാസത്തോടെ സ്ഥിതി മെച്ചമാകും എന്നാണ് പ്രതീക്ഷ എന്നും അമിത് ഖരെ അറിയിച്ചു.
ഒന്ന് മുതല്‍ പന്ത്രണ്ടാം ക്ളാസ് വരെ പഠിക്കുന്ന വിദ്യാര്‍ത്ഥികളില്‍ അറുപത് ശതമാനം വിദ്യാര്‍ത്ഥികള്‍ക്കും ഓണ്‍ലൈന്‍ ക്ളാസ്സുകളിലൂടെ പഠിക്കാന്‍ കഴിയുന്നു എന്ന സര്‍വ്വേ റിപ്പോര്‍ട്ടും അമിത് ഖരെ സ്റ്റാന്‍ഡിങ് കമ്മിറ്റി യോഗത്തില്‍ അവതരിപ്പിച്ചു. സി ബി എസ് ഇ യില്‍ അഫിലിയേറ്റ് ചെയ്തിരിക്കുന്ന കേന്ദ്രിയ വിദ്യാലങ്ങളും നവോദയ വിദ്യാലയങ്ങളും ഉള്‍പ്പെടെ ഉള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ആണ് സര്‍വ്വേ നടത്തിയത്.
മുപ്പത് ശതമാനത്തോളം വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ക്ളാസ്സുകളില്‍ പങ്കെടുക്കാന്‍ റേഡിയോ, ടി വി തുടങ്ങിയ പരിമിതമായ സൗകര്യങ്ങളെ ഉള്ളു. പത്ത് ശതമാനം കുട്ടികള്‍ക്ക് ഓണ്‍ലൈന്‍ ക്ളാസ്സുകളിലെ പങ്കെടുക്കാന്‍ കഴിയുന്നില്ല എന്ന സര്‍വ്വേയുടെ കണ്ടെത്തലും അമിത് ഖരെ സ്റ്റാന്‍ഡിങ് കമ്മിറ്റി യോഗത്തില്‍ ചൂണ്ടിക്കാട്ടി. ഈ വിഷയങ്ങള്‍ പരീക്ഷ നടത്തുമ്പോള്‍ കണക്കിലെടുക്കും എന്നും അമിത് ഖരെ അറിയിച്ചു.
രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം 223 ലക്ഷത്തിലേക്ക് അടുക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 53,601 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് ആകെ രോഗബാധിതരുടെ എണ്ണം 22,68,675 ആയി. 871 കൊവിഡ് മരണങ്ങള് കൂടി സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്. ഇതോടെ ഔദ്യോഗിക കണക്കനുസരിച്ച് രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 45,257 ആയി. 1.99 ശതമാനമാണ് മരണ നിരക്കെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്ത് വിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു. ഇത് വരെ 15,83,489 പേര് കൊവിഡ് മുക്തി നേടിയെന്നാണ് ആരോഗ്യവകുപ്പ് അറിയിക്കുന്നത്. 69.33 ശതമാനമാണ് രോഗമുക്തി നിരക്ക്.