കൊച്ചി: കോവിഡ് സാഹചര്യം കണക്കിലെടുത്ത് അണ് എയ്ഡഡ് സ്കൂളുകള്‍ ഈ അധ്യയനവര്‍ഷം ചെലവിന് ആനുപാതികമായ ഫീസ് മാത്രമേ ഈടാക്കാവൂ എന്നുകാട്ടി സര്‍ക്കാരും സി.ബി.എസ്.ഇ.യും സര്‍ക്കുലര്‍ പുറപ്പെടുവിക്കണമെന്ന് ഹൈക്കോടതി നിര്‍ദേശം.
അതേസമയം, ആദ്യ ടേം ഫീസ് പൂര്‍ണമായും എല്ലാ വിദ്യാര്‍ഥികളും രണ്ടാഴ്ചയ്ക്കുള്ളില്‍ അടയ്ക്കണമെന്നും ജസ്റ്റിസ് ദേവന് രാമചന്ദ്രന്റെ ഉത്തരവില്‍ പറയുന്നു. ഫീസ് ഇളവ് തേടിയുള്ള വിവിധ ഹര്‍ജികള്‍ പരിഗണിച്ചാണ് നിര്‍ദേശം.
കേസില്‍ കക്ഷിയായ രക്ഷിതാക്കളോട് ആദ്യ ടേം ഫീസിന്റെ 50 ശതമാനം അടയ്ക്കാന്‍ കോടതി നേരത്തേ നിര്‍ദേശിച്ചിരുന്നു. എന്നാല്‍, ഇതുപോലും പലരും അടച്ചില്ലെന്നത് സ്കൂളധികൃതര്‍ ശ്രദ്ധയില്‍പ്പെടുത്തിയപ്പോഴാണ് ആദ്യ ടേം ഫീസ് ഉടന്‍ അടയ്ക്കണമെന്ന നിര്‍ദേശം നല്‍കിയത്. കേസുള്ളതിനാല്‍ ഫീസ് നല്‍കേണ്ടതില്ലെന്ന് ഹര്‍ജിക്കാര്‍ മറ്റു രക്ഷിതാക്കളോടു പറയുന്നുണ്ടെന്നും സ്കൂളധികൃതര്‍ ശ്രദ്ധയില്‍പ്പെടുത്തി.
പ്രതിസന്ധി തരണംചെയ്യാന്‍ സഹായിക്കാനാണ് കോടതി ശ്രമിക്കുന്നത്. രണ്ടാം ടേം അടുത്തിരിക്കുകയാണ്. അതിനാല്‍ ആദ്യ ടേം ഫീസ് പൂര്‍ണമായും അടയ്ക്കണം. ഫീസില്‍ കോടതി എന്തെങ്കിലും കുറവ് വരുത്തിയാല്‍ രണ്ടാം ടേമില്‍ അത് കുറയ്ക്കുമെന്നും ഉത്തരവിലുണ്ട്. ഫീസ് കൊടുത്ത് പഠിക്കേണ്ട സ്കൂള്‍ സ്വയം തിരഞ്ഞെടുത്തതാണ്. കേസിന്റെ പേരില്‍ ഫീസ് കൊടുക്കാതിരിക്കാനാകില്ലെന്നും കോടതി വ്യക്തമാക്കി.
ഫീസ് നിശ്ചയിക്കേണ്ടത് അതത് സംസ്ഥാന സര്‍ക്കാരുകളുടെ നിര്‍ദേശങ്ങള്‍ക്കനുസരിച്ചാണെന്ന് സി.ബി.എസ്.ഇ. നേരത്തേ അറിയിച്ചിരുന്നു. ഇതു കണക്കിലെടുത്താണ് ചെലവിന് ആനുപാതികമായേ ഫീസ് ഈടാക്കാവൂ എന്നു നിര്‍ദേശിച്ച് സര്‍ക്കുലര്‍ പുറപ്പെടുവിക്കാന്‍ കോടതി പറഞ്ഞത്.
ഫീസിന്റെ കാര്യത്തില്‍ കോടതിയുടെ മുന്‍ ഉത്തരവുകളുടെ അടിസ്ഥാനത്തിലായിരിക്കണം ഈ സര്‍ക്കുലര്‍. ഇതിന് പത്ര, ദൃശ്യ മാധ്യമങ്ങളിലൂടെ ആവശ്യമായ പ്രചാരണം നല്‍കണം. ഈ അധ്യയന വര്‍ഷത്തേക്കു മാത്രമായിട്ടായിരിക്കും ഈ സര്‍ക്കുലര്‍.
കേസിലുള്‍പ്പെട്ട സ്കൂളുകള്‍ ചെലവുകളുടെ കണക്ക് കോടതിയില്‍ നല്‍കിയിട്ടുണ്ട്. കണക്ക് പരിശോധിച്ച് റിപ്പോര്‍ട്ട് നല്കാന് സി.ബി.എസ്.ഇ. റീജണല്‍ ഡയറക്ടറോടു നിര്‍ദേശിച്ചിട്ടുണ്ട്. ഹര്‍ജികള്‍ ഡിസംബര്‍ ഒന്പതിനു പരിഗണിക്കും.