തൃശ്ശൂര്‍: നിയമനത്തട്ടിപ്പ് കേസില്‍ കയ്പമംഗലത്ത് സ്‌കൂള്‍ മാനേജര്‍ അറസ്റ്റില്‍. കൂരിക്കുഴി എ.എം.യു.പി. സ്‌കൂള്‍ മാനേജര്‍ വലപ്പാട് കോതകുളം സ്വദേശി പ്രവീണ്‍ വാഴൂര്‍ (49) നെയാണ് കയ്പമംഗലം പോലീസ് അറസ്റ്റ് ചെയ്തത്. ഇതേ സ്‌കൂളിലെ അധ്യാപകരായ ഏഴ് പേര്‍ നല്‍കിയ പരാതിയിലാണ് പോലീസ് അന്വേഷണം നടത്തി അറസ്റ്റ് ചെയ്തത്. 25 ലക്ഷം രൂപ മുതല്‍ 45 ലക്ഷം രൂപ വരെ മാനേജര്‍ ടീച്ചര്‍മാരില്‍ നിന്നും വാങ്ങിയിട്ടുണ്ടെന്നാണ് പരാതി.
പണം വാങ്ങി വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ഇവരെ നിയമിക്കുകയോ നിയമനം നടത്തിയവര്‍ക്ക് ശമ്പളം നല്‍കുകയോ ചെയ്തില്ല. ഇത് രണ്ടും ലഭിക്കാതെ വന്നതോടെയാണ് അധ്യാപകര്‍ പൊലീസില്‍ പരാതി നല്‍കിയത്. 2012 മുതല്‍ ഇയാള്‍ പലരില്‍ നിന്നായും പണം കൈപ്പറ്റിയിട്ടുണ്ടെന്നാണ് വിവരം. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു.
കയ്പമംഗലം പോലീസ് സ്റ്റേഷനില്‍ ഇയാള്‍ക്കെതിരെ നാല് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഐപിസി 406, 420, 34 വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിട്ടുള്ളത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി. കയ്പമംഗലം സിഐ എം.ഷാജഹാന്‍, എസ്.ഐ.മാരായ എന്‍.പ്രദീപ്, സജിപാല്‍, സിയാദ്, ഷെറീഫ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
1,122 Less than a minute