BREAKING NEWS

സെക്രട്ടേറിയറ്റിലെ തീപിടിത്തം: തലസ്ഥാനത്ത് പ്രതിഷേധം, പോലീസ് ജലപീരങ്കി പ്രയോഗിച്ചു

തിരുവനന്തപുരം: സെക്രട്ടേറിയറ്റിലുണ്ടായ തീപ്പിടിത്തത്തെക്കുറിച്ച് വിശദീകരണം നല്‍കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ പാര്‍ട്ടികള്‍ നടത്തിയ പ്രതിഷേധം തലസ്ഥാനത്ത് മൂന്നര മണിക്കൂറോളം സംഘര്‍ഷാവസ്ഥയുണ്ടാക്കി. സംഭവത്തില്‍ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് സെക്രട്ടേറിയറ്റിനു മുന്നില്‍ പ്രതിഷേധിച്ച കോണ്‍ഗ്രസ്, ബിജെപി പ്രവര്‍ത്തകര്‍ക്കു നേരെ പോലീസ് മൂന്നുതവണ ജലപീരങ്കി പ്രയോഗിച്ചു. പിന്നീട് പോലീസ് കമ്മീഷണര്‍ നേതാക്കളുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്ന് രാത്രി 9.20 ഓടെ പ്രതിഷേധക്കാര്‍ പിരിഞ്ഞുപോവുകയായിരുന്നു.
വൈകുന്നേരം 5.30 മുതല്‍ സെക്രട്ടറിയേറ്റിനു മുന്നില്‍ പ്രതിഷേധം ആരംഭിച്ചിരുന്നു. യൂത്ത് കോണ്‍ഗ്രസ്, യുവമോര്‍ച്ച, യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ നോര്‍ത്ത് ഗേറ്റിനു മുന്നില്‍ തടിച്ചുകൂടി. തുടര്‍ന്ന് പോലീസ് ബാരിക്കേഡ് സ്ഥാപിച്ച് പ്രവര്‍ത്തകരെ തടഞ്ഞു. വലിയ പോലീസ് സന്നാഹവും സ്ഥലത്തുണ്ടായിരുന്നു.
പിരിഞ്ഞുപോകാനുള്ള പോലീസിന്റെ നിര്‍ദേശം അവഗണിച്ച് പ്രവര്‍ത്തകര്‍ തള്ളിക്കയറാന്‍ ശ്രമിച്ചതോടെയാണ് പോലീസ് ജലപീരങ്കി പ്രയോഗിച്ചത്. പ്രതിഷേധം രാത്രി 8.45 വരെ ശക്തമായി തുടര്‍ന്നു. പിന്നീട് പ്രവര്‍ത്തകര്‍ റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിക്കുകയും മുഖ്യമന്ത്രി അടക്കം എല്‍ഡിഎഫ് നേതാക്കളുടെ ചിത്രങ്ങള്‍ കത്തിച്ച് പ്രതിഷേധിക്കുകയും ചെയ്തു.
വൈകുന്നേരമുണ്ടായ തീപ്പിടിത്തത്തിനു പിന്നാലെ വിഎസ് ശിവകുമാര്‍ അടക്കമുള്ളവര്‍ സ്ഥലത്തെത്തുകയും സംഭവസ്ഥലത്തേയ്ക്ക് കടത്തിവിടണമെന്ന് ആവശ്യപ്പെടുകയും ചെയ്‌തെങ്കിലും പോലീസ് ഇവരെ തടഞ്ഞു. തുടര്‍ന്ന് ഇവര്‍ സെക്രട്ടേറിയറ്റ് ഗേറ്റിനു മുന്നില്‍ കുത്തിയിരുന്നു പ്രതിഷേധിച്ചു. പിന്നീട് പ്രതിപക്ഷ നേതാവും സ്ഥലത്തെത്തി. തുടര്‍ന്ന് സെക്രട്ടേറിയറ്റില്‍നിന്ന് ഉന്നത ഉദ്യോഗസ്ഥര്‍ എത്തി നടത്തിയ ചര്‍ച്ചയ്‌ക്കൊടുവിലാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, വിഎസ് ശിവകുമാര്‍, വിടി ബല്‍റാം, ശബരീനാഥ് എന്നിവരെ അകത്തേയ്ക്ക് പ്രവേശിപ്പിച്ചത്.
നേരത്തെ മാധ്യമങ്ങളും പ്രതിഷേധക്കാരും സെക്രട്ടേറിയറ്റിന് അകത്ത് കയറിയതോടെ ചീഫ് സെക്രട്ടറി നേരിട്ടെത്തി ആളുകളെ നിയന്ത്രിക്കുകയും മാധ്യമങ്ങളോട് പ്രതികരിക്കുകയും ചെയ്തിരുന്നു. സംഭവത്തില്‍ നിഷ്പക്ഷമായ അന്വേഷണം നടത്തുമെന്നും എന്താണ് സംഭവിച്ചത് എന്നത് സംബന്ധിച്ച് ഒരു വിവരവും ലഭിച്ചിട്ടില്ലന്നും ചീഫ് സെക്രട്ടറി ബിശ്വാസ് മേത്ത മാധ്യമങ്ങളോട് പറഞ്ഞു. സ്ഥലം സന്ദര്‍ശിക്കാന്‍ പോലും കഴിഞ്ഞിട്ടില്ല. എന്നാല്‍ പ്രാഥമികമായി ലഭിക്കുന്ന നിഗമനം വലിയ തീപിടിത്തമല്ലെന്നും നിയന്ത്രണ വിധേയമാക്കാന്‍ കഴിഞ്ഞൂ എന്നും ചീഫ് സെക്രട്ടി ചൂണ്ടിക്കാട്ടി. ഒന്നും മറച്ചുവെക്കാനില്ല, അങ്ങോട്ടേക്ക് പോകാനുള്ള സമയം ലഭിച്ചില്ലെന്നും ചീഫ് സെക്രട്ടറി പ്രതികരിച്ചിരുന്നു.
തീപിടിത്തമുണ്ടായ ഉടനെ തന്നെ ബി.ജെ.പി നേതാവ് കെ.സുരേന്ദ്രന്‍ അടക്കമുള്ളവര്‍ സ്ഥലത്തെത്തി പ്രതിഷേധിച്ചിരുന്നു. തുടര്‍ന്ന് ഇവരെ അറസ്റ്റ് ചെയ്ത പോലീസ് നടപടി സംഘര്‍ഷത്തിന് ഇടയാക്കി. സ്വര്‍ണക്കള്ളക്കടത്ത് അടക്കമുള്ളവയുടെ അതി പ്രധാനമായ ഫയലുകള്‍ സൂക്ഷിക്കുന്ന സ്ഥലമാണ് ഇവിടമെന്നും തീ പിടിച്ചതല്ല തീവെച്ചതല്ലെന്നും കെ.സുരേന്ദ്രന്‍ പ്രതികരിച്ചു. ഇതിന് പിന്നാലെ കൂടുതല്‍ ബിജെപി പ്രവര്‍ത്തകരെത്തി കന്റോണ്‍മെന്റ് ഗേറ്റിന് മുന്നില്‍ പ്രതിഷേധം തുടരുകയാണ്.
വൈകിട്ട് അഞ്ച് മണിയോടെയായിരുന്നു പൊതുഭരണവകുപ്പ് സ്ഥിതിചെയ്യുന്ന നോര്‍ത്ത് സാന്‍ഡ് വിച്ച് ബ്ലോക്കില്‍ തീപ്പിടിത്തമുണ്ടായത്. ഏതാനും ഫയലുകളും ഒരു കമ്പ്യൂട്ടറും തീപിടിത്തത്തില്‍ കത്തിനശിച്ചു. പിന്നീട് ഫയര്‍ഫോഴ്‌സ് എത്തി തീ അണച്ചു.
പൊളിറ്റിക്കല്‍ വിഭാഗത്തിലെ ഓഫീസുകള്‍ പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിലായിരുന്നു സംഭവം. രാഷ്ട്രീയമായി വലിയ പ്രാധാന്യമുള്ള മേഖലയാണിത്. പ്രോട്ടോക്കോള്‍ ഓഫീസറുടെ ഓഫീസും ഇവിടെയാണുള്ളത്. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട ദൃശ്യങ്ങളും ഫയലുകളും എന്‍ഐഎ ആവശ്യപ്പെട്ടിട്ടുള്ളത് പ്രോട്ടോക്കോള്‍ ഓഫീസറോടാണ്.
പ്രധാനപ്പെട്ട ഫയലുകളൊന്നും കത്തിനശിച്ചിട്ടില്ലെന്ന് പൊതുഭരണവകുപ്പ് അഡീഷണല്‍ സെക്രട്ടറി പി. ഹണി പറഞ്ഞു. പൊതുഭരണ വകുപ്പിലെ ജീവനക്കാരന് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് രണ്ട് ജീവനക്കാര്‍ മാത്രമാണ് ജോലിക്ക് എത്തിയിരുന്നത്. കമ്പ്യൂട്ടറില്‍നിന്നുള്ള ഷോര്‍ട് സര്‍ക്യൂട്ട് ആണ് തീപിടിത്തത്തിന് ഇടയാക്കിയതെന്നും വിവിധ ഗസ്റ്റ് ഹൗസുകളിലെ റൂം ബുക്കിങ്ങുമായി ബന്ധപ്പെട്ട ഫയലുകളാണ് കത്തിനശിച്ചതെന്നും പ്രധാനപ്പെട്ട ഒരു ഫയലും നഷ്ടപ്പെട്ടിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker