KERALALATEST

‘പണ്ടേ (ഐ) ഒരു വീക്‌നെസ്’: റഹീമിന്റെ പഴയ ‘ഐ’ പോസ്റ്റ്; പരിഹസിച്ച് ഷാഫി

കോട്ടയം: ഡിവൈഎഫ്‌ഐ നേതാവ് എ.എ. റഹീമിന്റെ കഴിഞ്ഞ വര്‍ഷത്തെ ഫെയ്‌സ്ബുക് പോസ്റ്റ് കുത്തിപ്പൊക്കി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഷാഫി പറമ്പില്‍. സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനിക്കു കസ്റ്റംസിന്റെ നോട്ടിസ് നല്‍കിയതിനു പിന്നാലെയാണു സ്വന്തം പോസ്റ്റ് റഹീമിനു തന്നെ തിരിച്ചടിയായത്.
യുണിടാക് എംഡി സന്തോഷ് ഈപ്പന്‍ വാങ്ങിയ ഐഫോണുകളിലൊന്നു വിനോദിനി ഉപയോഗിച്ചെന്നാണു കസ്റ്റംസ് കണ്ടെത്തല്‍. ‘(ഐ) ഫോണ്‍, (ഐ) ഗ്രൂപ്പ്.. പണ്ടേ (ഐ) ഒരു വീക്‌നെസ് ആയതുകൊണ്ടാണ്. അല്ലാതെ ഫോണ്‍ തരാന്‍ മാത്രം ബന്ധമൊന്നും ഞാനും ആ കുട്ടിയും തമ്മില്‍ ഇല്ലെന്നു പറയാന്‍ പറഞ്ഞു.’ അന്ന് ചെന്നിത്തലയെ പരിഹസിച്ച് റഹീം കുറിച്ചു. ഇന്ന് അതേ പോസ്റ്റ് കുത്തിപ്പൊക്കി തിരിച്ചു ചോദിക്കുകയാണു കോണ്‍ഗ്രസ് നേതാക്കള്‍. ‘ചെറുതായിട്ട് ഒന്ന് തിരുത്തി വായിക്കണം .(ഐ) ഫോണ്‍, സിപി(ഐ)എംലെ (ഐ).’ ഷാഫി തിരിച്ചടിച്ചു.
വീണ്ടും ഐഫോണ്‍ വിഷയം സിപിഎമ്മിന് തലവേദനയാവുകയാണ്. സ്വര്‍ണക്കടത്ത് വിവാദമാവുംവരെ ഉപയോഗിച്ചിരുന്ന ഫോണിലെ സിംകാര്‍ഡും കണ്ടെത്തിയിട്ടുണ്ട്. ഐഎംഇഐ നമ്പര്‍ വഴിയാണ് സിംകാര്‍ഡ് കണ്ടത്തിയത്. സന്തോഷ് ഈപ്പന്‍ വാങ്ങിയ ഫോണുകളില്‍ ഏറ്റവും വിലകൂടിയ ഐഫോണാണ് വിനോദിനിയുടെ കൈവശമുണ്ടായിരുന്നത്. 1.13 ലക്ഷം രൂപയായിരുന്നു വില. കോണ്‍സല്‍ ജനറലിനു നല്‍കിയെന്ന് അവകാശപ്പെടുന്ന ഫോണ്‍ എങ്ങനെയാണു വിനോദിനിയുടെ കൈവശമെത്തിയതെന്നും അന്വേഷിക്കും. ഇതിനു പിന്നാലെ കോണ്‍ഗ്രസ് നേതാക്കളെല്ലാം പരിഹാസവുമായി രംഗത്തെത്തി.
‘വമ്പന്‍ സ്രാവുകള്‍ പുറത്ത് വരാനുണ്ട്’ സാമ്പത്തിക കുറ്റവിചാരണ കോടതി സ്വര്‍ണക്കടത്തു കേസുമായി ബന്ധപ്പെട്ട് നടത്തിയ ഒരു വിവാദ പരാമര്‍ശം ആയിരുന്നു ഇത്. അന്നതൊരു അതിശയോക്തിയായി തോന്നിയിരുന്നു, പക്ഷേ, ഇപ്പോള്‍ പുറത്തു വരുന്ന വാര്‍ത്തകള്‍ പരിശോധിക്കുമ്പോള്‍ മനസ്സിലാവുന്നത് ഈ പരാമര്‍ശം നൂറു ശതമാനം ശരിയായിരുന്നു എന്നാണ്. ജനങ്ങളുടെയും ഞങ്ങളുടെയും മനസ്സിലെ ചോദ്യം ഒന്ന് മാത്രം… ഇനിയുമെത്ര പേര്‍?’ സിദ്ധിഖ് കുറിച്ചു
‘രമേശ് ചെന്നിത്തല കൊണ്ടുപോയെന്ന് കോടിയേരി ബാലകൃഷ്ണന്‍ പാടി നടന്ന സന്തോഷ് ഈപ്പന്റെ കൈക്കൂലി ഐ ഫോണ്‍ കോടിയേരിയുടെ തലയിണക്കടിയില്‍നിന്ന് കസ്റ്റംസ് പൊക്കിയിരിക്കുന്നു. വിനോദിനി ബാലകൃഷ്ണന് കസ്റ്റംസ് നോട്ടിസ്. കോടിയേരിയെപ്പോലെ സ്വന്തം കുടുംബത്താല്‍ ഇങ്ങനെ വഞ്ചിക്കപ്പെട്ട മറ്റൊരു നേതാവുണ്ടാവില്ല…’ജ്യോതികുമാര്‍ ചാമക്കാല പ്രതികരിച്ചത് ഇങ്ങനെയാണ്.

Related Articles

Back to top button