KERALALATEST

റിമാന്‍ഡ് പ്രതിയുടെ മരണം; തൃശ്ശൂര്‍ ജില്ലാ ജയില്‍ സൂപ്രണ്ടിനു സസ്‌പെന്‍ഷന്‍

തൃശ്ശൂര്‍: അമ്പിളിക്കല കൊവിഡ് സെന്ററിലെ റിമാന്‍ഡ് പ്രതി ഷെമീറിന്റെ മരണത്തില്‍ ജില്ലാ ജയില്‍ സൂപ്രണ്ടിനെ സസ്‌പെന്‍ഡ് ചെയ്തു. കൊവിഡ് സെന്ററില്‍ മേല്‍നോട്ടക്കുറവുണ്ടായെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. അമ്പിളിക്കല കൊവിഡ് സെന്ററിന്റെ പ്രവര്‍ത്തനവും അവസാനിപ്പിച്ചതായി ജയില്‍ ഡിജിപി ഋഷിരാജ് സിംഗ് അറിയിച്ചു. ജില്ലാ ജയിലിലെ കെട്ടിടം ഇനി കോവിഡ് കെയര്‍ സെന്റര്‍ ആക്കി മാറ്റും. നിലവില്‍ അമ്പിളിക്കലയില്‍ ഉള്ളവരെ ഇങ്ങോട്ട് മാറ്റാനാണ് തീരുമാനം.
അന്വേഷണം നേരിട്ട് എറ്റെടുത്ത ജയില്‍ ഡിജിപി ഇന്ന് കൊവിഡ് സെന്റര്‍ സന്ദര്‍ശിച്ച് ഷെമീറിനൊപ്പമുള്ള പ്രതികളുടെ മൊഴിയെടുത്തു. ഷെമീറിന് മര്‍ദ്ദനമേറ്റതായി നിരവിധി പ്രതികള്‍ മൊഴി നല്‍കിയിട്ടുണ്ട്. പോസ്റ്റുമോര്‍ട്ടം ചെയ്ത ഡോക്ടറില്‍ നിന്നും ഋഷിരാജ് സിംഗ് വിവരം ശേഖരിച്ചു പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് കിട്ടിയ ശേഷം ജീവനക്കാര്‍ക്കെതിരെ മറ്റ് നടപടികള്‍ സ്വീകരിക്കുമെന്നാണ് ജയില്‍ ഡിജിപി അറിയിക്കുന്നത്.
മയക്ക് മരുന്നു കേസിലോ കഞ്ചാവു കേസിലോ പിടിക്കപ്പെട്ടവര്‍ വരുമ്പോള്‍ ജീവനക്കാരുടെ ഭാഗത്ത് നിന്നുണ്ടാകുന്ന സാധാരണ റാംഗിംഗ് മാത്രമാണ് നടന്നതെന്നായിരുന്നു ഇന്നലെ വരെ ജയില്‍ വകുപ്പിന്റെ നിലപാട്. അമ്പിളിക്കലയില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന 4 ജയില്‍ ജീവനക്കാരെ സ്ഥലം മാറ്റിയിരുന്നു. 2 പേരെ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലേക്കും, ഒരാളെ അതിസുരക്ഷാ ജയിലിലേക്കും മറ്റൊരാളെ എറണാകുളം സബ് ജയിലിലേക്കുമായാണ് മാറ്റിയത്.

Related Articles

Back to top button