BREAKING NEWSKERALALATEST

എ.എന്‍.ഷംസീറിന്റെ ഭാര്യയെ കണ്ണൂര്‍ സര്‍വകലാശാലയില്‍ നിയമിക്കാന്‍ നീക്കം

തിരുവനന്തപുരം: പെരുമാറ്റച്ചട്ടം നിലനില്‍ക്കെ, കണ്ണൂര്‍ സര്‍വകലാശാലയിലെ യുജിസിയുടെ എച്ച്ആര്‍ഡി സെന്ററില്‍ അസി.പ്രഫസറുടെ സ്ഥിരം തസ്തികയിലേക്കു നിയമനനീക്കം.എ.എന്‍.ഷംസീര്‍ എംഎല്‍എയുടെ ഭാര്യയെ നിയമിക്കാനുള്ള നീക്കം തടയണമെന്നും ഇന്റര്‍വ്യൂ നിര്‍ത്തിവയ്ക്കണമെന്നും ആവശ്യപ്പെട്ടു സേവ് യൂണിവേഴ്‌സിറ്റി ക്യാംപെയ്ന്‍ കമ്മിറ്റി ഗവര്‍ണര്‍ക്കും മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസര്‍ക്കും പരാതി നല്‍കി.
സെന്ററിലെ തസ്തികകള്‍ യുജിസി വ്യവസ്ഥ അനുസരിച്ചു താല്‍ക്കാലികമാണെങ്കിലും അസി. പ്രഫസറുടെ സ്ഥിരം തസ്തിക സൃഷ്ടിക്കാന്‍ സര്‍വകലാശാലയ്ക്കു സര്‍ക്കാര്‍ പ്രത്യേക അനുമതി നല്‍കിയിരുന്നു. ജൂണ്‍ 30 നാണ് നിയമന വിജ്ഞാപനം സര്‍വകലാശാല പുറപ്പെടുവിച്ചത്. ഡയറക്ടറുടെ തസ്തികയില്‍ നിയമനം നടത്താതെയാണ് അസി. പ്രഫസറുടെ നിയമനം മാത്രം തിരക്കിട്ടു നടത്തുന്നത്. ഇതിനായി 16ന് ഓണ്‍ലൈന്‍ ഇന്റര്‍വ്യൂ നടത്തുന്നതിനുള്ള അറിയിപ്പ് അപേക്ഷകരായ 30 പേര്‍ക്ക് ഇമെയില്‍ ആയി അയച്ചിട്ടുണ്ട്.
കുസാറ്റില്‍ ഒരു തസ്തികയിലേക്കുള്ള നിയമനത്തിന് ഉയര്‍ന്ന സ്‌കോര്‍ പോയിന്റ് ഉള്ള പരമാവധി 10 പേരെ ഇന്റര്‍വ്യൂവിനു ക്ഷണിക്കുമ്പോള്‍ കണ്ണൂരില്‍ ഒറ്റ തസ്തികയ്ക്ക് 30 പേരെ ക്ഷണിക്കാന്‍ തീരുമാനിച്ചത് ഷംസീറിന്റെ ഭാര്യയെ കട്ട് ഓഫ് മാര്‍ക്കിനുള്ളില്‍ പെടുത്തുന്നതിനാണെന്നും ആരോപണമുണ്ട്. അക്കാദമിക് മെറിറ്റോ ഗവേഷണപരിചയമോ അധ്യാപന പരിചയമോ കണക്കിലെടുക്കാതെ ഇന്റര്‍വ്യൂ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ മാത്രം നിയമനം നല്‍കാം. ഇന്റര്‍വ്യൂവിനു ഹാജരാവുന്ന ആരെയും കൂടുതല്‍ മാര്‍ക്ക് നല്‍കി നിയമിക്കുന്നതാണ് ഈയിടെ കാലിക്കറ്റ്, സംസ്‌കൃത, മലയാളം സര്‍വകലാശാലകളിലെ അധ്യാപക നിയമനങ്ങള്‍ വിവാദമാക്കിയത്. പെരുമാറ്റച്ചട്ടം നിലവിലുള്ളപ്പോള്‍ നിയമനം നടത്തുന്നതു തടയണമെന്നും തിരക്കിട്ടു നടത്തുന്ന ഓണ്‍ലൈന്‍ ഇന്റര്‍വ്യൂ നിര്‍ത്തിവയ്ക്കണമെന്നും ആവശ്യപ്പെട്ടാണ് കമ്മിറ്റി പരാതി നല്‍കിയത്.

Related Articles

Back to top button