LATESTWORLD

‘സൂയസ് കനാലില്‍ ഭീമന്‍ കപ്പല്‍ കുടുങ്ങാന്‍ കാരണം മാനുഷിക പിഴവുകളുമാവാം’

സൂയസ്, ഈജിപ്ത്: സൂയസ് കനാലില്‍ ചരക്ക് കപ്പല്‍ ഭീമന്‍ എവര്‍ ഗിവണ്‍ കുടുങ്ങിയതിനു പിന്നില്‍ സാങ്കേതിക പ്രശ്‌നങ്ങളുടേയും ക്രൂ അംഗങ്ങളുടെ ഭാഗത്തുനിന്നുണ്ടായ പിഴവുകളുടേയും സാധ്യത തള്ളിക്കളയാനാവില്ലെന്ന് സൂയസ് കനാല്‍ അതോറിറ്റി ചീഫ് ഒസാമ റാബി. മണല്‍ത്തിട്ടയില്‍ പുതഞ്ഞ കപ്പലിനെ നീക്കാനുള്ള ശ്രമങ്ങള്‍ ഊര്‍ജിതമാണെന്നും ഞായറാഴ്ച രാത്രിയോടെ ശ്രമങ്ങള്‍ ഫലവത്താകുമെന്നും കപ്പല്‍ വീണ്ടും സഞ്ചരിച്ചുതുടങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം അന്താരാഷ്ട്ര മാധ്യമങ്ങളോട് പ്രതികരിച്ചു.
ശക്തമായ കാറ്റിനെ തുടര്‍ന്ന് കപ്പല്‍ സൂയസ് കനാലിന് കുറുകെ വരികയും മണല്‍ത്തിട്ടയില്‍ ഇടിച്ചുനില്‍ക്കുകയുമായിരുന്നുവെന്നാണ് അപകടത്തെക്കുറിച്ച് പുറത്തുവന്ന പ്രാരംഭ റിപ്പോര്‍ട്ടുകള്‍. സംഭവത്തെക്കുറിച്ച് കൂടുതല്‍ അന്വേഷണം നടക്കുകയാണെങ്കിലും കൂടുതല്‍ വിവരങ്ങള്‍ ഔദ്യോഗിക വൃത്തങ്ങള്‍ പുറത്തുവിട്ടിട്ടില്ല.
സൂയസ് കനാലില്‍ എവര്‍ ഗിവണ്‍ വഴിമുടക്കിയതോടെ 320 ചരക്കുക്കപ്പലുകളാണ് ഈ പാതയില്‍ കുടുങ്ങിയത്. ഇവയില്‍ പലതും വഴിമാറിപ്പോവാനും തുടങ്ങി. തെക്കേ ആഫ്രിക്കയുടെ
കേപ് ഓഫ് ഗുഡ് ഹോപ്പ് മുനമ്പ് വഴിയാണ് കപ്പലുകള്‍ വഴിതിരിച്ചുവിടുന്നത്. ഈ മേഖലയില്‍ കൂടിയുള്ള യാത്ര ചെലവ് വര്‍ധിപ്പിക്കുന്നതിനൊപ്പം കാലതാമസവും ഉണ്ടാക്കുന്നു. കുറഞ്ഞത് 12 ദിവസം വരെ കൂടുതല്‍ ചരക്ക് നീക്കത്തിനായി വേണ്ടി വന്നേക്കുമെന്നാണ് കണക്കുകൂട്ടല്‍. സൂയസ് കനാലിലൂടെയുള്ള ചരക്ക് നീക്കം സ്തംഭിച്ചതോടെ പ്രതിദിനം 12മുതല്‍ 14 മില്ല്യണ്‍ യുഎസ് ഡോളര്‍ വരെയാണ് ഈജ്പിതിനുണ്ടാവുന്ന വരുമാന നഷ്ടമെന്നും ഒസാമ റാബി കൂട്ടിച്ചേര്‍ത്തു.
എവര്‍ ഗ്രീന്‍ എന്ന തായ്‌വാന്‍ കമ്പനിയുടെ എവര്‍ ഗിവണ്‍ എന്ന കപ്പലിന് നാല് ഫുട്‌ബോള്‍ ഫീല്‍ഡിനേക്കാളും നീളമുണ്ട്(400 മീറ്റര്‍). 193 കി.മീ നീളമുള്ള സൂയസ് കനാലിന് കുറുകെയാണ് ചൊവ്വാഴ്ച മുതല്‍ ഈ ചരക്കുക്കപ്പല്‍ കുടുങ്ങിക്കിടക്കുന്നത്. ഇതോടെ കനാലിന് ഇരുഭാഗത്തുനിന്നുമുള്ള കപ്പല്‍ ഗതാഗതം പൂര്‍ണമായും സ്തംഭിക്കുകയായിരുന്നു. ക്രൂഡ് ഓയില്‍ അടക്കം കോടിക്കണക്കിന് ബില്ല്യണ്‍ വിലമതിക്കുന്ന ചരക്കുകളാണ് എവര്‍ ഗിവണിലും പിന്നാലെ കുടുങ്ങിയ കപ്പലിലുമുള്ളത്.
ആഗോള വിതരണ ശൃംഖലയെ തന്നെ ബാധിക്കുന്ന ഈ വഴിമുടക്കത്തിന്റെ ആദ്യ സൂചനകള്‍ സിറിയയില്‍ നിന്നും പുറത്തുവന്നുതുടങ്ങിയിട്ടുണ്ട്. വരും ദിവസങ്ങളില്‍ ഉണ്ടായേക്കാവുന്ന ഇന്ധനലഭ്യത പ്രതിസന്ധി കണക്കിലെടുത്ത് രാജ്യത്ത് ഇതിനോടകം ഇന്ധനവിതരണം നിയന്ത്രിക്കാന്‍ നിര്‍ബന്ധിതരായെന്ന് സിറിയന്‍ അധികൃതര്‍ പ്രതികരിച്ചു.
കപ്പല്‍ വഴിമുടക്കിയതോടെ റോമേനിയയിലേക്കുള്ള കന്നുകാലി കടത്ത് തടസ്സപ്പെട്ടുവെന്ന് റൊമേനിയന്‍ ആനിമല്‍ ഹെല്‍ത്ത് ഏജന്‍സി അധികൃതര്‍ പ്രതികരിച്ചു. ഗതാഗതസ്തംഭനം തുടര്‍ന്നാല്‍ അത് ചരക്കുക്കപ്പലുകളിലുള്ള ഒന്നര ലക്ഷത്തോളം മൃഗങ്ങളുടെ നിലനില്‍പ്പിനെ തന്നെ ബാധിക്കുമെന്നും റൊമേനിയന്‍ ആനിമല്‍സ് ഇന്റര്‍നാഷണല്‍ എന്‍.ജി.ഒ.യും ആശങ്ക പങ്കുവെച്ചിട്ടുണ്ട്.
അതേസമയം മണലില്‍ പുതഞ്ഞ കപ്പലിന്റെ ഭാഗത്തെ പുറത്തെടുക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. മണലിലകപ്പെട്ട ഭാഗങ്ങള്‍(stern and rudder)ചലിപ്പിക്കാന്‍ സാധിച്ചുവെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ എപ്പോള്‍ മുതല്‍ കപ്പല്‍ യാത്ര പുനരാരംഭിക്കാനാവുമെന്ന് പറയാനാവില്ലെന്നാണ് സൂയസ് കനാല്‍ അധികൃതര്‍ പുറത്തുവിടുന്ന വിവരം.
എവര്‍ ഗിവണ്‍ കപ്പല്‍ സൂയസ് കനാലില്‍ കുടുങ്ങിക്കിടക്കാന്‍ തുടങ്ങിയിട്ട് അഞ്ച് ദിവസം പിന്നിടുന്നു. കപ്പലിലുള്ള 25 ക്രൂ അംഗങ്ങളും ഇന്ത്യാക്കാരാണ്. ചൈനയില്‍ നിന്ന് നെതര്‍ലാന്‍ഡിലെ റോട്ടര്‍ഡാമിലേക്കുള്ള യാത്രയ്ക്കിടെയാണ് കപ്പല്‍ കനാലില്‍ കുടുങ്ങിയത്.
കപ്പലിലെ ചരക്ക് നീക്കം ചെയ്ത് ഭാരം കുറച്ച് കപ്പല്‍ നീക്കുക, ടഗ്ഗ് ബോട്ടുകള്‍ ഉപയോഗിച്ച് കപ്പലിനെ വലിച്ചകത്തുക, മണ്ണുമാന്തി കപ്പലുകളുപയോഗിച്ച് ചളിയിലേക്ക് ഇടിച്ചുകയറി നില്‍ക്കുന്ന കപ്പലിന്റെ ഭാഗത്തെ മണ്ണ് നീക്കം ചെയ്യുക തുടങ്ങിയ രക്ഷാപ്രവര്‍ത്തനങ്ങളിലൂടെയാണ് ബ്ലോക്ക് ഒഴിവാക്കാന്‍ ശ്രമങ്ങള്‍ നടക്കുന്നത്.

Related Articles

Back to top button