ജിദ്ദ: സൗദി അറേബ്യയിലെ ജിദ്ദ തുറമുഖത്ത് ഇന്ധനക്കപ്പലിന് നേരെ ഭീകരാക്രമണം. തിങ്കളാഴ്ച രാത്രി സൗദി പ്രാദേശികസമയം 12.40നായിരുന്നു സ്ഫോടനം. ആര്‍ക്കും ജീവഹാനിയോ പരിക്കോ ഉണ്ടായിട്ടില്ലെന്നാണ് അറിയുന്നത്. സ്ഫോടകവസ്തുക്കള്‍ നിറച്ച ബോട്ട് ഉപയോഗിച്ചാണ് കപ്പലിനുനേരെ ആക്രമണമുണ്ടായതെന്ന് സൗദി ഊര്‍ജമന്ത്രാലയം അറിയിച്ചു.
ഇന്ധനം ഇറക്കുന്നതിനായി കപ്പല്‍ ടെര്‍മിനലില്‍ നങ്കൂരമിട്ട സമയത്തായിരുന്നു ആക്രമണം. തുടര്‍ന്ന് കപ്പലില്‍ നേരിയ തീപ്പിടിത്തമുണ്ടായി. ഉടനെത്തന്നെ അഗ്നിശമന, സുരക്ഷാ വിഭാഗം തീയണച്ചതായി മന്ത്രാലയ വക്താവിനെ ഉദ്ധരിച്ച് സൗദി പ്രസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
സംഭവത്തെ സൗദി ഊര്‍ജമന്ത്രാലയം അപലപിച്ചു. ആക്രമണത്തിനുപിന്നില്‍ ആരാണെന്ന് വക്താവ് വെളിപ്പെടുത്തിയില്ല. സംഭവം ഇന്ധന വിതരണത്തെ ബാധിച്ചിട്ടില്ല.
നേരത്തേയും സൗദിയില്‍ എണ്ണയുമായി ബന്ധപ്പെട്ട ഇടങ്ങളില്‍ ആക്രമണമുണ്ടായിട്ടുണ്ട്. ശുഖൈഖ് തുറമുഖത്ത് കപ്പലിനുനേരെയും ജിദ്ദയിലെ ഇന്ധന വിതരണ കേന്ദ്രത്തിനുനേരെയും ജിസാനിലെ ഇന്ധന വിതരണകേന്ദ്രത്തിനു കീഴിലെ ഫ്ളോട്ടിങ് പ്ലാറ്റ്ഫോമിനുനേരെയും ആക്രമണമുണ്ടായിരുന്നു.