കൊച്ചി: ഷിപ്പിങ് മേഖലയിലെ പ്രഥമ പരിസ്ഥിതി സൗഹൃദ ഹരിത കമ്പനിയെന്ന പേര് കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ കൊച്ചിന് ഷിപ്യാര്ഡ് ലിമിറ്റഡിനു സ്വന്തം. കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രീസിന്റെ (സിഐഐ) ഗ്രീന്‍കോ സില്‍വര്‍ റേറ്റിങ് സര്‍ട്ടിഫിക്കറ്റ് കൊച്ചി കപ്പല്‍ശാലയ്ക്ക് ലഭിച്ചു. വിവിധ പരിസ്ഥിതി സൗഹൃദ പദ്ധതികള്‍ നടപ്പിലാക്കുകയും പുനരുപയോഗ ഊര്‍ജം ഉപയോഗപ്പെടുത്തുന്നതിന് അടക്കമുള്ള സംവിധാനങ്ങളും അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുകയും ചെയ്യുന്ന കമ്പനികളുടെ പ്രവര്‍ത്തന മികവിനെ അടിസ്ഥാനമാക്കിയാണ് ഗ്രീന്‍കോ റേറ്റിങ് നല്‍കുന്നത്.
ആദ്യ തവണ തന്നെ കൊച്ചി കപ്പല്‍ശാലയ്ക്ക് ഉയര്‍ന്ന നിലവാരമുള്ള ലെവര്‍3 സില്‍വര്‍ റേറ്റിങ് ആണ് ലഭിച്ചത്. ഈ ഹരിത പുരസ്ക്കാരം ഒക്ടോബര്‍ ഏഴിനു നടന്ന സിഐഐയുടെ ഒമ്പതാമത് ഗ്രീന്‍കോ സമ്മിറ്റ് 2020 ഓണ്‍ലൈന്‍ പരിപാടിയില്‍ കൊച്ചിന് ഷിപ്യാര്ഡ് സ്വീകരിച്ചു. ഊര്‍ജ്ജ ക്ഷമത, ജല സംരക്ഷണം, സോളാര്‍ അടക്കമുള്ള പുനരുപയോഗ ഊര്‍ജ സംവിധാനങ്ങള്‍, കാര്‍ബണ്‍ പുറന്തള്ളലിന്റെ തോത്, മാലിന്യ സംസ്ക്കരണം, ഹരിത വല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍, പരിസ്ഥിതി സംരക്ഷണത്തിനുള്ള നവീന പദ്ധതികള്‍ തുടങ്ങി വിവിധ മാനദണ്ഡങ്ങള്‍ പരിശോധിച്ചാണ് ഗ്രീന്‍കോ റേറ്റിങ്. കൊച്ചി കപ്പല്‍ശാലയുടെ ഹരിത പ്രതിച്ഛായ വര്‍ധിപ്പിക്കാനും ലോകോത്തര മത്സരക്ഷമത കൈവരിക്കാനും പുതിയ അവസരങ്ങള്‍ ഗ്രീന്‍കോ സില്‍വര്‍ റേറ്റിങ് സഹായകമാകും.