മധ്യപ്രദേശ് മുഖ്യമന്ത്രി ശിവ് രാജ് സിംഗ് ചൗഹാന് കോവിഡ് സ്ഥിരീകരിച്ചു

മധ്യപ്രദേശ് മുഖ്യമന്ത്രി ശിവ് രാജ് സിംഗ് ചൗഹാന് കോവിഡ് സ്ഥിരീകരിച്ചു. കോവിഡ് പൊസിറ്റീവാണെന്ന വിവരം അദ്ദേഹം തന്നെയാണ് പുറത്തു വിട്ടത്. സെല്‍ഫ് ക്വറന്റീനില്‍ പ്രവേശിക്കുകയാണെന്നും സര്‍ക്കാര്‍ മാര്‍ഗനിര്‍ദേശങ്ങള്‍ പ്രകാരമുള്ള ചികിത്സകളുമായി മുന്നോട്ട് പോകുമെന്നുമാണ് ബിജെപി നേതാവ് അറിയിച്ചിരിക്കുന്നത്.

ഇതിനു പുറമെ താനുമായി ഏതെങ്കിലും വിധത്തില്‍ സമ്പര്‍ക്കത്തിലുണ്ടായിരുന്നവര്‍ ക്വറന്റീനില്‍ പോകണമെന്നും എത്രയും വേഗം രോഗപരിശോധന നടത്തണമെന്നും ചൗഹാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. പരിഭ്രാന്തരാകേണ്ട ആവശ്യമില്ല കൃത്യമായ ചികിത്സയിലൂടെ രോഗമുക്തു നേടാമെന്നാണ് രോഗവിവരത്തൊടൊപ്പം ജനങ്ങള്‍ക്ക് ആശ്വാസവാക്കുകളായി അദ്ദേഹം അറിയിച്ചത്. പ്രതിരോധ നിയന്ത്രണങ്ങള്‍ ഉറപ്പാക്കണമെന്നും ഉദാസീനമായ സമീപനം രോഗം ക്ഷണിച്ചു വരുത്തുമെന്നുമുള്ള മുന്നറിയിപ്പും അദ്ദേഹം ജനങ്ങള്‍ക്ക് നല്‍കിയിട്ടുണ്ട്.

കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് കഴിഞ്ഞ മാര്‍ച്ച് 25 മുതല്‍ തന്നെ എല്ലാ ചര്‍ച്ചകള്‍ക്കും മേല്‍നോട്ടം വഹിച്ചു വരുന്നുണ്ട്. ഇനി മുതല്‍ വീഡിയോ കോണ്‍ഫറന്‍സ് വഴി ചര്‍ച്ചകളില്‍ പങ്കാളിയാകാന്‍ ശ്രമിക്കുമെന്നും അദ്ദേഹം അറിയിച്ചു. തന്റെ അഭാവത്തില്‍ ആഭ്യന്തര മന്ത്രി നരോത്തം മിശ്ര, ഭൂപേന്ദ്ര സിംഗ്, വിശ്വാസ് സാരംഗ്, പ്രഭു റാം എന്നിവരാകും ഈ ചര്‍ച്ചകള്‍ക്ക് നേതൃത്വം കൊടുക്കുകയെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്.