കൊച്ചി: ശോഭ സുരേന്ദ്രനെ പുകച്ചു പുറത്തുചാടിക്കാന്‍ ബിജെപിയിലെ സുരേന്ദ്രന് വിഭാഗത്തിന്റെ നീക്കം പൊളിഞ്ഞു. കോര്‍ കമ്മിറ്റിക്ക് മുന്നേ കെ സുരേന്ദ്രനും മൂന്നു ജനറല്‍ സെക്രട്ടറിമാരും യോഗം ചേര്‍ന്ന് ശോഭക്കെതിരെ ഉയര്‍ത്തേണ്ട നിലപാട് സ്വീകരിക്കുകയും, അതനുസരിച്ചു സുരേന്ദ്രന് ശോഭ സുരേന്ദ്രനെ പുറത്താക്കണമെന്ന ആവശ്യം ഉന്നയിക്കുകയും ചെയ്തു. എം ടി രമേശ് ഒഴികെയുള്ള മൂന്നു ജനറല്‍ സെക്രട്ടറിമാര്‍ സുരേന്ദ്രന്റെ നിര്‍ദ്ദേശത്തെ പിന്താങ്ങി. പാണ്ഡവപക്ഷത്തെ നശിപ്പിക്കാന്‍ തുനിഞ്ഞിറങ്ങി സ്വയം നശിച്ച കൗരവപ്പടയുടെ രൂപത്തിലാണ് സുരേന്ദ്രന് ഇപ്പോള്‍ ഇറങ്ങിയിരിക്കുന്നത് എന്ന മറുപടിയാണ് ശോഭയെ പുറത്താക്കണമെന്ന സുരേന്ദ്രന്റെ ആവശ്യത്തിന് മറുപടിയായി വന്നത്. കേന്ദ്ര നേതൃത്വവും കൃഷ്ണദാസ് പക്ഷവും മുതിര്‍ന്ന നേതാക്കളും ശോഭക്ക് അനുകൂലമായ നിലപാട് സ്വീകരിച്ചതോടെ സുരേന്ദ്രന് വീണ്ടും ആവശ്യം ഉന്നയിച്ചെങ്കിലും പ്രസിഡന്റ് സ്ഥാനത്തു തുടരാന്‍ ആഗ്രഹമില്ലേ എന്ന് കേന്ദ്ര പ്രതിനിധി ചോദ്യം ചോദിച്ചതോടെ ചര്‍ച്ച മറ്റു വിഷയങ്ങളിലേക്ക് മാറി. ശോഭ സുരേന്ദ്രന് തെരെഞ്ഞെടുപ്പില്‍ എവിടെയാണ് ചുമതല നല്‍കിയത്? തെരെഞ്ഞെടുപ്പിനു മുന്‍പ് എന്ത് സംഘടനാ ചുമതലയാണ് നല്‍കിയത്? സംസ്ഥാനത്തു പ്രചരണ പര്യടനം നടത്തുന്ന നേതാക്കളുടെ പട്ടികയില്‍ പേരുള്പ്പെടുത്തിയിരുന്നോ തുടങ്ങിയ ചോദ്യങ്ങള്‍ക്ക് മറുപടിയില്ലാതെ മൗനികളായി മാറുകയായിരുന്നു മുരളീധരപക്ഷം. വ്യക്തി വിരോധം സംഘടനാ പ്രവര്‍ത്തനത്തില്‍ വെച്ച് പുലര്‍ത്തുന്നത് സംസ്ഥാന അധ്യക്ഷ പദവി അലങ്കരിക്കുന്നവര്‍ക്ക് ഭൂഷണമല്ലെന്നും നേതാക്കള്‍ ചൂണ്ടിക്കാട്ടി. ശോഭ സുരേന്ദ്രനെ പ്രവര്‍ത്തന രംഗത്തു നിന്ന് മാറ്റി നിര്‍ത്തിയതിന്റെ കാരണം ആരാഞ്ഞപ്പോള്‍ സുരേന്ദ്രന് മറുപടിയുണ്ടായിരുന്നില്ല. ശോഭ സുരേന്ദ്രന് ജനപിന്തുണ തെളിയിച്ച നേതാവാണെന്നും ജനങ്ങള്‍ക്ക് പ്രതീക്ഷയുള്ള നേതാവാണെന്നും വിസ്മരിക്കരുതെന്ന് ഒരു മുതിര്‍ന്ന നേതാവ് ചൂണ്ടിക്കാട്ടി. പ്രസിഡന്റ് എന്ന പദവിയില്‍ സുരേന്ദ്രന് പരാജയമാണെന്ന് തെളിയിച്ചിരിക്കുകയാണ്. ബിജെപിക്ക് 40 വര്‍ഷത്തില്‍ ലഭിച്ച ഏറ്റവും മികച്ച അവസരം നഷ്ടപ്പെടുത്തിയ നേതാവാണ് സുരേന്ദ്രന്. സംഘടനക്കകത്ത് ജനാധിപത്യപരമായ ചര്‍ച്ചകള്‍ വേണം. സുരേന്ദ്രനും മുരളീധരനും എടുക്കുന്ന തീരുമാനങ്ങള്‍ സംഘടനയെ അടിച്ചേല്‍പ്പിക്കുന്ന നിലപാട് അവസാനിപ്പിക്കണം തുടങ്ങിയ കാര്യങ്ങള്‍ ഉന്നയിച്ചു കൃഷ്ണദാസ് പക്ഷവും ശോഭ സുരേന്ദ്രന് അനുകൂലികളും സുരേന്ദ്രനെതിരെ ആഞ്ഞടിച്ചു. കേന്ദ്ര മന്ത്രിയും 3 എം പി മാരും കേരളത്തിന് കേന്ദ്രം നല്‍കിയിട്ടും റിസള്‍ട്ട് ഉണ്ടാക്കാന്‍ കഴിയാത്തത് എന്ത് കൊണ്ടാണെന്ന് മനസ്സിലാക്കാന്‍ തുറന്ന ചര്‍ച്ചയാണ് നടക്കേണ്ടത്. 1200 സീറ്റില്‍ ശോഭ സുരേന്ദ്രന് ഇറങ്ങാത്തതു കൊണ്ടാണ് തോറ്റതെങ്കില്‍ സുരേന്ദ്രന് രാജി വെച്ച് ശോഭ സുരേന്ദ്രനെ പ്രസിഡണ്ടാക്കണം തുടങ്ങിയ വാദപ്രതിവാദങ്ങള്‍ തുടരുന്നതിനിടയില്‍ പ്രഭാരി ഇടപെട്ട് ശാന്തമാക്കുകയായിരുന്നു. ശോഭ സുരേന്ദ്രന് കേരള ബിജെപി ഘടകത്തിന് ആവശ്യമുള്ള നേതാവാണ്, അതുകൊണ്ട് സുരേന്ദ്രന് വിട്ടു വീഴ്ചക്ക് തയ്യാറാകണമെന്ന നിലപാടാണ് കേന്ദ്ര നേതൃത്വം സ്വീകരിച്ചത്.