ലക്നൗ: യുപിയിലെ മുസ്സാഫര്‍നഗറില്‍ ഷോര്‍ട്ട് ധരിക്കുന്നതില്‍ നിന്ന് യുവാക്കള്‍ക്ക് വിലക്ക്. നേരത്തെ പെണ്‍കുട്ടികള്‍ക്ക് ജീന്‍സ്, ഷോര്‍ട്ട് ഡ്രസ്സ്, മൊബൈല്‍ ഫോണ്‍ എന്നിവ നിരോധിച്ച് വാര്‍ത്തകളിലിടം നേടിയ ഖാപ് പഞ്ചായത്താണ് വീണ്ടും അസാധാരണ ഉത്തരവ് ഇറക്കി രംഗത്തെത്തിയിരിക്കുന്നത്.ഇത്രയും കാലം പെണ്‍കുട്ടികളെ പലതില്‍ നിന്നും വിലക്കിയിരുന്ന ഖാപ് പഞ്ചായത്ത് ഇതാദ്യമയാണ് പുരുഷന്മാര്ക്ക് വിലക്ക് കൊണ്ടുവന്നിരിക്കുന്നത്.
കാല് മുട്ടിനു താഴെ വരെ മാത്രം ഇറക്കമുള്ള പാന്റ്സ്(ഷോര്‍ട്ട്സ്) പൊതുയിടങ്ങളില്‍ ധരിക്കുന്നതിനാണ് പുരുഷന്മാരെ വിലക്കിയിരിക്കുന്നത്.മാര്‍ക്കറ്റുകളിലും മറ്റ് ദൈനംദിന പൊതു ജീവിതത്തിനായും പുറത്തിറങ്ങുന്ന പുരുന്മാരെ ഷോര്‍ട്ട്സ് ധരിക്കുന്നതില്‍ നിന്നും വിലക്കാന്‍ തീരുമാനിച്ചതായി മുസാഫര്‍നഗറിലെ ഖാപ് പഞ്ചായത്ത് നേതാവ് നരേഷ് ടിക്കൈറ്റ് പറഞ്ഞു.ഇതൊരു ഉത്തരവ് അല്ലെന്നും, ഇത് ഉപദേശം മാത്രമാണെന്നും, പെണ്‍കുട്ടികള്‍ക്ക് മാത്രമായി അത്തരം നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നത് പരിഹാരമല്ലെന്നും അദേഹം കൂട്ടിച്ചേര്‍ത്തു. പെണ്‍കുട്ടികളുടെ നിരവധി പരാതികളുടെ അടിസ്ഥാനത്തിലാണ് തീരുമാനമെന്ന് ഖാപ് പഞ്ചായത്ത് വ്യക്തമാക്കി. ഇത് ഒരു ഉത്തരവല്ലെന്ന് പറഞ്ഞുവെങ്കിലും ഷോര്‍ട്ട്സില്‍ ആരെയെങ്കിലും കണ്ടാല്‍ അയാളുടെ പേരും മേല്‍വിലാസവും രേഖപ്പെടുത്തുമെന്നും അദേഹത്തിനെതിരെ നടപടിയെടുക്കുമെന്നും ഖാപ് പഞ്ചായത്ത് വ്യക്തമാക്കിയിട്ടുണ്ട്.