ഇടതുമുന്നണി സര്‍ക്കാരില്‍ സൂപ്പര്‍ പവര്പൊയിന്റായ മുഖ്യമന്ത്രി പിണറായി വിജയന്റെ തണലില്‍ സര്‍വാധികാരിയായി വിഹരിച്ചിരുന്ന പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്നു എം ശിവശങ്കര്‍ ഐഎഎസ്. പല അവസരങ്ങളിലും മന്ത്രിമാരേക്കാള്‍ പവറുണ്ടോ എന്നു സംശയിച്ചു പോരുന്ന പ്രകടനമായിരുന്നു ശിവശങ്കറിന്റേത്. മുഖ്യമന്ത്രിയുടെ ഓഫീസില്‍ ഒരു ഫയല്‍ അനങ്ങണമെങ്കില്‍ പോലും ശിവശങ്കര്‍ കനിയണം എന്ന അവസ്ഥ പോലും ഉണ്ടായിരുന്നു. മുഖ്യമന്ത്രി ഫയലില്‍ ഒപ്പിടണമെങ്കില്‍ അത് ശിവശങ്കര്‍ പറയണമായിരുന്നത്രേ. അധികാരത്തിന്റെ സര്‍വ്വ സുഖങ്ങളും അനുഭവിച്ച് മുന്നേറിയിരുന്ന അദ്ദേഹം ഇപ്പോള്‍ വീണിരിക്കുന്നു. അതും പടുകുഴിയിലേക്ക്. ഇനിയൊരു ഉയര്‍ത്തെഴുന്നേല്‍പ്പ് സാധ്യമോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ഇപ്പോഴിതാ അധികാര വിഹായസില് നിന്നും കാരാഗ്രഹത്തിലേക്കും എത്തിയിരിക്കുന്നു.
കോവിഡ് എന്ന മഹാമാരിയില്‍ കേരളം ഞെട്ടിവിറച്ചിരിക്കുമ്പോഴാണ് ശിവശങ്കര്‍ ഐഎഎസ് എന്ന മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയെ കേരളം ശരിക്കും അറിഞ്ഞു തുടങ്ങിയത്. അതും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉയര്‍ത്തിക്കൊണ്ടുവന്ന സ്പ്രിങ്കഌ വിവാദത്തിലൂടെ. ശക്തനെന്ന് വിശേഷിപ്പിക്കുന്ന മുഖ്യമന്ത്രിയെ വിവാദത്തിന് തടയിട്ട് കൂടുതല്‍ ശക്തനാക്കുന്ന ചടുലനീക്കങ്ങള്‍ ശിവങ്കര്‍ പറത്തെടുക്കുകയായിരുന്നു. സ്പ്രിങ്കളര്‍ കരാറിലെ സര്‍വ്വാധികാരി താനെന്ന് സ്വയം വിളിച്ചു പറഞ്ഞത് മുഖ്യമന്ത്രിക്ക് പ്രതിരോധത്തിന്റെ പടച്ചട്ടയൊരുക്കിയാണ് ശിവങ്കര്‍ കളം നിറഞ്ഞത്. എന്നാല്‍ പിന്നീട് വന്ന ഓരോ ദിനങ്ങളും പുതിയ പുതിയ വിവാദത്തിന്റേതായിരുന്നു.
ഇതിനിടെയാണ് കേവലം ഒരു കള്ളക്കടത്ത് കേസായി മാത്രം ഒതുങ്ങേണ്ടിയിരുന്ന സ്വര്‍ണ്ണക്കടത്ത് വിവാദത്തിന് തിരികൊളുത്തുന്നത്. തിരുവനന്തപുരം വിമാനത്താവളത്തില്‍ പിടിക്കപ്പെട്ട 30 കിലോ സ്വര്‍ണ്ണത്തിന്റെ കണ്ണികള്‍ തേടിപ്പോയപ്പോള്‍ സ്വപ്ന സുരേഷ്, സന്ദീപ് നായര്‍, സരിത്ത് പിന്നെ യുഎഇ കോണ്‍സുലേറ്റ്, അവിടുത്തെ അറ്റാഷെ തുടങ്ങിയവരിലൂടെ നീങ്ങി ചങ്ങലക്കണ്ണികള്‍ ശിവശങ്കറിലേക്ക് എത്തുകയായിരുന്നു. പിന്നീട് ഓരോ ദിനവും പുറത്തു വന്നത് കേരളം ഇന്നേവരേ കേട്ടിട്ടില്ലാത്ത കഥകള്‍ ഘോഷയാത്ര തന്നെയായിരുന്നു.
ആദ്യ ഘട്ടത്തില്‍ തന്റെ പടച്ചട്ടയായ ശിവശങ്കറിനെ ചേര്‍ത്തുപിടിച്ച മുഖ്യമന്ത്രി പിണറായി വിജയന് വിവാദങ്ങള്‍ ഒന്നിനു പിറകേ ഒന്നായി ഉയര്‍ന്നു വന്നതോടെ പടച്ചട്ട ഊരിമാറ്റി വയ്ക്കുന്നതാണ് കേരളം കണ്ടത്. സ്പെയ്സ് പാര്‍ക്കിലെ നിയമനത്തിലടക്കം ക്രമക്കേട് പകല്‍പോലെ വ്യക്തമായതോടെ ശിവശങ്കറിന്റെ അധികാര ഇടനാഴിയിലെ നാളുകള്‍ കുറിക്കപ്പെട്ടു. വൈകാതെ സസ്പെന്ഷന് എന്ന ഓമനപ്പേരില്‍ പുറത്തേക്കും പിന്നീട് കേരളം കണ്ടത് സമാനതകളില്ലാത്ത മാരത്തണ്‍ ചോദ്യം ചെയ്യലുകളായിരുന്നു. എന്‍.ഐ.എ. ഓഫീസിലേക്ക്, കസ്റ്റംസ് ഓഫീസിലേക്ക്, ഇ.ഡി. ഓഫീസിലേക്ക് ശിവശങ്കറിന്റെ പ്രയാണമാണ് ഓരോ ദിവസവും കണ്ടത്. ലൈഫ് മിഷനില്‍ സി.ബി.ഐ. കൂടി എത്തി.
അവരും ഫയല്‍ നീക്കത്തില്‍ ശിവശങ്കറിനെ സംശയിച്ചുവന്നപ്പോഴേക്കും അന്വേഷണത്തിന് സ്റ്റേ വന്നത് രക്ഷയായി. പുറത്തുവന്ന വിവരങ്ങള്‍ ഞെട്ടിക്കുന്നതും. ഒടുവില്‍ ഒക്ടോബര്‍ 16ന് ശിവശങ്കറിനെ പൂട്ടാനുള്ള മൊഴിയും നിയമോപദേശവുമായി വീട്ടിലെത്തി ഒപ്പം കൂട്ടി. അതുവരെ നോട്ടീസ് നല്കി വിളിപ്പിച്ച കസ്റ്റംസ് ഒപ്പം ചെല്ലാന്‍ പറഞ്ഞപ്പോള്‍ തന്നെ ശിവശങ്കര്‍ പരിഭ്രാന്തനായി. പോകുന്ന വഴിക്ക് ദേഹാസ്വാസ്ഥ്യമുണ്ടെന്ന് അറിയിച്ചു. അവര്‍ നേരെ ആശുപത്രിയിലേക്ക് കൊണ്ടുപോയി.
സ്വര്‍ണക്കടത്ത് കേസിന്റെ നാള്‍വഴി:
* ജൂണ്‍ 30 ദുബായില്‍നിന്ന് തിരുവനന്തപുരത്തെത്തിയ എമിറേറ്റ്സ് കാര്‍ഗോ വിമാനത്തില്‍ നിന്ന് സ്വര്‍ണമടങ്ങിയ ബഗേജ് കണ്ടെത്തുന്നു.
* ഐടി വകുപ്പിന് കീഴിലുള്ള സ്റ്റേറ്റ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി ആന്‍ഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ ഓപ്പറേഷന് മാനേജര്‍ സ്വപ്ന സുരേഷാണ് സ്വര്‍ണക്കടത്തിന്റെ മുഖ്യ ആസൂത്രകയെന്ന് കണ്ടെത്തുന്നു. പിന്നാലെ മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിനെതിരെ ആരോപണം ഉയര്‍ന്നു.
* ജൂലൈ 16 എം. ശിവശങ്കറിനെ സസ്പെന്റ് ചെയ്തു. ബന്ധങ്ങള്‍ സ്ഥാപിക്കുന്നതില്‍ ശിവശങ്കറിന് ജാഗ്രത കുറവ് ഉണ്ടായെന്ന് വിലയിരുത്തല്‍.
* ജൂലൈ 7 ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ എം. ശിവശങ്കറെ മുഖ്യമന്ത്രിയുടെ സെക്രട്ടറി സ്ഥാനത്തുനിന്നും മാറ്റി.
* ജൂലൈ 14 ശിവശങ്കറിന്റെ ഭാഗത്ത് വീഴചയുണ്ടെങ്കില്‍ നടപടിയുണ്ടാകുമെന്നും സസ്പെന്‍ഡ് ചെയ്യാന്‍ സമയമായിട്ടില്ലെന്നും മുഖ്യമന്ത്രി.
* ജൂലൈ 14 ശിവശങ്കറിനെ കസ്റ്റംസ് 9 മണിക്കൂര്‍ ചോദ്യം ചെയ്യുന്നു.
* ജൂലൈ 16 ശിവശങ്കറിനെ സസ്പെന്റ് ചെയ്യുന്നു.
* ജൂലൈ 23 ശിവശങ്കറിനെ എന്‍.ഐ.എ. ചോദ്യം ചെയ്യുന്നു.
* ജൂലൈ 27 എന്‍.ഐ.എ. വീണ്ടും ശിവശങ്കറിനെ ചോദ്യം ചെയ്യുന്നു.
* ജൂലൈ 28 പത്ത് മണിക്കൂറോളം എന്‍ഐഎ ശിവശങ്കറിനെ ചോദ്യം ചെയ്യുന്നു.
* ഓഗസ്റ്റ് 3 ശിവശങ്കറിനെതിരെ അന്വേഷണത്തിന് അനുമതി തേടി വിജിലന്‍സ് സര്‍ക്കാരിനെ സമീപിച്ചു.
* സെപ്റ്റംബര്‍ 24 സ്വപ്നയെയും ശിവശങ്കറിനെയും എന്‍.ഐ.എ. ഒന്നിച്ച് ചോദ്യം ചെയ്യുന്നു.
* ഒക്ടോബര്‍ 10 ശിവശങ്കറിനെയും സ്വപ്നയെയും കസ്റ്റംസ് ഒന്നിച്ച് ചോദ്യം ചെയ്യുന്നു.
* ഒക്ടോബര്‍ 14 ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചെങ്കിലും ഇ.ഡി. ഓഫീസില്‍ ഹാജരാകാതെ ശിവശങ്കര്‍. മുന്‍കൂര്‍ ജാമ്യം തേടി ഹൈക്കോടതിയില്‍
* ഒക്ടോബര്‍ 15 ശിവശങ്കറിന്റെ ഹര്‍ജി ഹൈക്കോടതി പരിഗണിക്കുന്നു. ഒക്ടോബര്‍ 23 വരെ അറസ്റ്റ് ചെയ്യരുതെന്ന് ഹൈക്കോടതി.
* ഒക്ടോബര്‍ 16 കസ്റ്റംസ് ശിവശങ്കറെ വീട്ടിലെത്തി കൊണ്ടുപോകുന്നു. ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ശിവശങ്കറിനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നു.
* ഒക്ടോബര്‍ 23 ശിവശങ്കറിനെ അറസ്റ്റ് ചെയ്യുന്നത് ഒക്ടോബര്‍ 28 വരെ തടഞ്ഞു
* ഒക്ടോബര്‍ 28 ശിവശങ്കറിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷകള്‍ തള്ളി
* ഒക്ടോബര്‍ 28 എന്‍ഫോഴ്സ്മെന്റ് സംഘം ശിവശങ്കറിനെ ആശുപത്രിയിലെത്തി കസ്റ്റഡിയിലെടുത്തു