ബെംഗളുരു: കര്‍ണാടകയില്‍ നടപ്പാക്കിയ കന്നുകാലി കശാപ്പ് നിരോധന നിമയത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ. കന്നുകാലി ഇറച്ചി കഴിക്കുന്നത് തനിക്ക് ഇഷ്ടമാണെന്നും അത് ആരും ചോദ്യം ചെയ്യേണ്ട കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.
വിവാദം വരുമ്പോള്‍ പ്രതികരിക്കാതിരിക്കുന്ന നേതാക്കള്‍ക്കെതിരെയും അദ്ദേഹം വിമര്‍ശനം ഉന്നയിച്ചു. ‘ഞാന്‍ കന്നുകാലി ഇറച്ചി കഴിക്കാറുണ്ട്, ഇഷ്ടമാണ്. അതിനെ ചോദ്യം ചെയ്യുകയോ തടയുകയോ ചെയ്യേണ്ട ആവശ്യം ഇല്ല.’ എന്നായിരുന്നു സിദ്ധരാമയ്യയുടെ പ്രതികരണം.
ഇത്തരം വിഷയങ്ങള്‍ക്കെതിരെ പ്രതികരിക്കാന്‍ പാര്‍ട്ടിയിലെ ആരും തയ്യാറാകുന്നില്ല. കന്നുകാലി കശാപ്പ് നിരോധന നിയമം നടപ്പാക്കിയാല്‍ പ്രായമായ കന്നുകാലികളെ കര്‍ഷകര്‍ എന്തുചെയ്യണമെന്ന് അദ്ദേഹം ചോദിച്ചു.
കോണ്‍ഗ്രസ് സ്ഥാപക ദിനത്തോടനുബന്ധിച്ചാണ് സിദ്ധരാമയ്യ രൂക്ഷ വിമര്‍ശനം ഉന്നയിച്ചത്. കന്നുകാലി കശാപ്പ് നിരോധന നിയമം ലംഘിക്കുന്നവര്‍ക്ക് 50000 രൂപ മുതല്‍ അഞ്ച് ലക്ഷം രൂപ വരെ പിഴയോ ഏഴ് വര്‍ഷം വരെ തടവോ ലഭിക്കും. ഈ മാസം ഒമ്പതിനാണ് കര്‍ണ്ണാടക സര്‍ക്കാര്‍ നിയമം കൊണ്ടുവന്നത്.