BREAKING NEWSNATIONAL

കാര്‍ഷിക ബില്ലുകളില്‍ പ്രതിഷേധിച്ച് ശിരോമണി അകാലി ദള്‍ എന്‍ഡിഎ വിട്ടു

ന്യൂഡല്‍ഹി: എന്‍ഡിഎ ഘടകകക്ഷി ശിരോമണി അകാലിദള്‍ മുന്നണി വിട്ടു. കേന്ദ്ര സര്‍ക്കാരിന്റെ കര്‍ഷക വിരുദ്ധ നയങ്ങളില്‍ പ്രതിഷേധിച്ചാണ് മുന്നണി ബന്ധം ഉപേക്ഷിക്കുന്നത്. കഴിഞ്ഞ ആഴ്ച അകാലിദള്‍ നേതാവ് ഹര്‍സിമ്രത് കൗര്‍ കേന്ദ്ര മന്ത്രിസ്ഥാനം രാജിവച്ചിരുന്നു. ഇതിനു പിന്നാലെ മുന്നണിയില്‍ തുടരുമെന്നാണ് അകാലിദള്‍ അറിയിച്ചിരുന്നതെങ്കിലും കര്‍ഷക സമരങ്ങള്‍ ശക്തി പ്രാപിച്ചതോടെയാണ് പുതിയ തീരുമാനം.
കാര്‍ഷിക ഉല്‍പന്നങ്ങളുടെ വില്‍പനയ്ക്കു മേലുള്ള നിയന്ത്രണങ്ങള്‍ നീക്കി, കര്‍ഷകര്‍ക്കു കൂടുതല്‍ വിപണന സാധ്യതകള്‍ ലഭ്യമാക്കുമെന്ന അവകാശവാദത്തോടെ കാര്‍ഷിക ഉല്‍പന്ന വ്യാപാര, വാണിജ്യ ബില്‍ കേന്ദ്രസര്‍ക്കാര്‍ ലോക്‌സഭയില്‍ അവതരിപ്പിച്ചതോടെയാണ് അകാലിദള്‍ ബിെജപിയുമായി ഇടഞ്ഞത്. ബില്ലുകള്‍ കര്‍ഷക വിരുദ്ധമാണെന്നു അകാലിദള്‍ പ്രസിഡന്റ് സുഖ്ബീര്‍ സിങ് ആരോപിച്ചു. പിന്നാലെ സുഖ്ബീറിന്റെ ഭാര്യയും കേന്ദ്രമന്ത്രിയുമായ ഹര്‍സിമ്രത് കൗര്‍ രാജിവയ്ക്കുകയും ചെയ്തു.
ഇതിനു പിന്നാലെ ബില്‍ രാജ്യസഭയിലും പാസായി. രാഷ്ട്രപതി ബില്ലില്‍ ഒപ്പവയ്ക്കരുതെന്ന് സുഖ്ബീര്‍ സിങ് ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞ ഒരാഴ്ചയായി പഞ്ചാബിലും ഹരിയാനയിലും കര്‍ഷകരുടെ നേതൃത്വത്തില്‍ വന്‍ പ്രതിഷേധമാണ് നടക്കുന്നത്. പഞ്ചാബിലെ പ്രധാന വോട്ടുബാങ്കായ കര്‍ഷകര്‍ സമ്മര്‍ദ്ദം ചെലുത്തുന്നതുവരെ അകാലിദളും ബിജെപിയോട് എതിര്‍പ്പുകളോന്നും കാണിച്ചിരുന്നില്ല. എന്നാല്‍ പിന്നീട് പ്രക്ഷോഭം ശക്തിപ്പെടുകയായിരുന്നു.
ശിരോമണി അകാലി ദള്‍ എന്‍ഡിഎ സഖ്യം വിടുന്നത് ബിജെപിക്ക് തിരിച്ചടിയാകും. പഞ്ചാബിലും കേന്ദ്രത്തിലും നിരവധി തവണ ഒരുമിച്ച് ഭരിച്ച സഖ്യത്തെയാണ് ബിജെപിക്ക് നഷ്ടപ്പെടുന്നത്. അകാലിദളിന്റെ മുന്നണി വിടല്‍ കാര്‍ഷിക ബില്ലില്‍ ബിജെപിയുടെ ന്യായീകരണത്തെ ദുര്‍ബലപ്പെടുത്തും.
അതോടൊപ്പം പ്രതിപക്ഷം ആയുധമാക്കുകയും ചെയ്യും. പഞ്ചാബില്‍ കര്‍ഷക പ്രക്ഷോഭം ശക്തമാകുന്നതിനൊപ്പം മുന്നണിയില്‍ തുടരുക എന്നത് കടുത്ത തിരിച്ചടിയാകുമെന്ന തിരിച്ചറിവിലാണ് രണ്ടര പതിറ്റാണ്ട് നീണ്ട എന്‍ഡിഎ ബന്ധം ഉപേക്ഷിക്കാന്‍ അകാലിദള്‍ തയ്യാറായത്. സംസ്ഥാനത്ത് ബില്ലില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസും സര്‍ക്കാറും ശക്തമായി രംഗത്തുണ്ട്. അതുകൊണ്ടുതന്നെ ബില്ലിനെതിരെ മന്ത്രിയുടെ രാജികൊണ്ട് മാത്രം പിടിച്ചുനില്‍ക്കാനാകില്ലെന്ന വിലയിരുത്തലിലാണ് മുന്നണി മാറ്റമെന്ന തീരുമാനത്തിലേക്ക് അകാലിദള്‍ എത്തിത്.

Related Articles

Back to top button