തിരുവനന്തപുരം: സിസ്റ്റര്‍ അഭയ കൊല്ലപ്പെട്ട കേസില്‍ കുറ്റക്കാരാണെന്ന കോടതിയുടെ വിധി കേട്ട് മൂന്നാം പ്രതി സിസ്റ്റര്‍ സെഫി പൊട്ടിക്കരഞ്ഞു. വിധി പ്രസ്താവം വന്നതോടെ അവര്‍ പ്രതിക്കൂട്ടിലെ ബെഞ്ചിലിരിക്കുകയും വെള്ളം വേണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.
എന്നാല്‍ ഒന്നാം പ്രതിയായ ഫാ. തോമസ് കോട്ടൂര്‍ യാതൊരു ഭാവവ്യത്യാസവും കൂടാതെയാണു പ്രതിക്കൂട്ടില്‍ നിന്നത്. താന്‍ കുറ്റം ചെയ്തിട്ടില്ലെന്നും വിധി പ്രതീക്ഷിച്ചില്ലെന്നും കോട്ടൂര്‍ പ്രതികരിച്ചു. ഒന്നും പേടിക്കാനില്ലെന്നും ദൈവം ഒപ്പമുണ്ടെന്നും അദ്ദേഹം പറഞ്ഞു. വൈദ്യപരിശോധനയ്ക്കുശേഷം ഇരുവരെയും ജയിലിലേക്കു മാറ്റും. കോട്ടൂരിനെ പൂജപ്പുര സെന്‍ട്രല്‍ ജയിലിലേക്കും സെഫിയെ അട്ടക്കുളങ്ങര വനിത ജയിലിലേക്കുമായിരിക്കും മാറ്റുക.
തിരുവനന്തപുരം സിബിഐ പ്രത്യേക കോടതിയാണ് പ്രതികള്‍ കുറ്റക്കാരെന്ന് കണ്ടെത്തിയത്. കൊലക്കുറ്റം തെളിഞ്ഞതായി കോടതി വ്യക്തമാക്കി. തെളിവു നശിപ്പിച്ചതിനും ഇരുവരും കുറ്റക്കാരെന്ന് കോടതി കണ്ടെത്തിയിട്ടുണ്ട്. ഫാ. തോമസ് കോട്ടൂര്‍ കൊല നടത്തുകയെന്ന ഉദ്ദേശ്യത്തോടെ അതിക്രമിച്ചു കയറിയെന്നും കോടതി വിലയിരുത്തി. കേസില്‍ ശിക്ഷ ബുധനാഴ്ച വിധിക്കും.