ബംഗ്‌ളൂരു: കര്‍ണാടക കോണ്‍ഗ്രസിലെ മന്ത്രി പദത്തെച്ചൊല്ലിയുള്ള തര്‍ക്കത്തില്‍ നേതാക്കള്‍ക്ക് കര്‍ശന മുന്നറിയിപ്പുമായി ഡി. കെ ശിവകുമാര്‍. മന്ത്രിമാരോ എംഎല്‍എമാരോ വീടുകളില്‍ ഒരു കാരണവശാലും പാര്‍ട്ടി യോഗങ്ങള്‍ നടത്തരുതെന്ന് ഡികെ ശിവകുമാര്‍ നിര്‍ദ്ദേശിച്ചു. വിഭാഗീയ പ്രവര്‍ത്തനങ്ങള്‍ വച്ച് പൊറുപ്പിക്കില്ല. പാര്‍ട്ടിയില്‍ അച്ചടക്കം പ്രധാനമാണ്. ഒരു വിട്ടുവീഴ്ചയും ഉണ്ടാവില്ല. പാര്‍ട്ടിയെ പ്രതിസന്ധിയില്‍ ആക്കുന്ന ഒരു പ്രസ്താവനയും നടത്തരുത്. ഡി കെ മുഖ്യമന്ത്രിയാകണം എന്നാവശ്യപ്പെട്ട ചന്നാഗിരി എംഎല്‍എയ്ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി. ചന്നാഗിരി എംഎല്‍എ ബസവരാജു ശിവഗംഗയോട് വിശദീകരണം ചോദിച്ചിട്ടുണ്ടെന്നും ഡി കെ വ്യക്തമാക്കി.
ലോക്‌സഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞതിന് പിന്നാലെ സിദ്ധരാമയ്യ പക്ഷത്തെ മന്ത്രിമാരും എംഎല്‍എമാരും കൂടുതല്‍ ഉപമുഖ്യമന്ത്രി പദവികള്‍ ആവശ്യപ്പെട്ട് ഹൈക്കമാന്‍ഡിനെ സമീപിച്ചതിന് പിന്നാലെയാണ് തര്‍ക്കം ആരംഭിച്ചത്. ദളിത്, ഗോത്ര, പിന്നാക്ക വിഭാഗങ്ങളില്‍ നിന്നും വീരശൈവ ലിംഗായത്ത് വിഭാഗത്തില്‍ നിന്നും ഓരോ ഉപമുഖ്യമന്ത്രിമാര്‍ വേണമെന്ന് മന്ത്രിമാരായ കെ എന്‍ രാജണ്ണയും സതീഷ് ജര്‍ക്കിഹോളിയും പരസ്യമായി ആവശ്യപ്പെട്ടതോടെ എല്ലാം പരസ്യമായി.
അങ്ങനെയെങ്കില്‍ ഒരു ഡസന്‍ ഉപമുഖ്യമന്ത്രിമാര്‍ വന്നാലും സാരമില്ല, ഡികെ ശിവകുമാര്‍ മുഖ്യമന്ത്രിയാകണമെന്നായിരുന്നു ചന്നാഗിരി എംഎല്‍എ ബസവരാജു ശിവഗംഗയുടെ ആവശ്യം. വ്യാഴാഴ്ച നടന്ന കെംപെഗൗഡ ജയന്തി ചടങ്ങില്‍ ലിംഗായത്ത് ആത്മീയനേതാക്കളിലൊരാളായ ചന്ദ്രശേഖരസ്വാമി സിദ്ധരാമയ്യയെ വേദിയിലിരുത്തിക്കൊണ്ട് തന്നെ ശിവകുമാറിനായി വഴി മാറിക്കൊടുക്കണമെന്ന് പരസ്യമായി പറഞ്ഞു. ഇതോടെയാണ് ഹൈക്കമാന്‍ഡ് ഇടപെടല്‍ വന്നത്.
ദില്ലിയിലെത്തിയ സിദ്ധരാമയ്യയെയും ഡി കെ ശിവകുമാറിനെയും മല്ലികാര്‍ജുന്‍ ഖര്‍ഗെയും രാഹുല്‍ ഗാന്ധിയും കണ്ടു. ഇരുപക്ഷത്തെയും മന്ത്രിമാരെയും എംഎല്‍എമാരെയും നിയന്ത്രിക്കണമെന്നാവശ്യപ്പെട്ടു. തിരിച്ച് ബെംഗളുരുവിലെത്തിയ ഡി കെ ശിവകുമാര്‍ ഏതെങ്കിലും പാര്‍ട്ടി നേതാവ് നേതൃമാറ്റത്തെക്കുറിച്ച് ഇനി പരസ്യമായി പറഞ്ഞാല്‍ ഉടന്‍ നടപടിയെന്ന് മുന്നറിയിപ്പ് നല്‍കി.
നേതൃമാറ്റത്തെച്ചൊല്ലിയുള്ള തമ്മിലടിയുണ്ടായാല്‍ അത് സര്‍ക്കാരിനെത്തന്നെ പിടിച്ചുലച്ചേക്കുമെന്നും ബിജെപി അവസരം മുതലെടുക്കുമെന്നും നന്നായറിയാവുന്ന സിദ്ധരാമയ്യയും ഡി കെ ശിവകുമാറും സ്വന്തം പക്ഷത്തെ നേതാക്കളെ നിയന്ത്രിക്കും. അഞ്ച് വര്‍ഷക്കാലാവധി കലഹങ്ങളില്ലാതെ പൂര്‍ത്തിയാക്കി 2028-ലെ തെരഞ്ഞെടുപ്പിനെ നേരിടുകയെന്നത് തന്നെയാണ് നിലവില്‍ ഇരുവരുടെയും ലക്ഷ്യം.
1,115 1 minute read