BREAKINGKERALA

ശുദ്ധ മനസ്സ് കൊണ്ട് പലതും പറഞ്ഞ് കുടുങ്ങിയിട്ടുണ്ട്, സജി ചെറിയാന് തിരുത്താന്‍ സമയം കൊടുക്കാം: മന്ത്രി ശിവന്‍കുട്ടി

തിരുവനന്തപുരം: മന്ത്രി സജി ചെറിയാന്‍ തെറ്റ് പറ്റിയാല്‍ തിരുത്തുന്നയാളാണെന്ന് മന്ത്രി വി ശിവന്‍കുട്ടി. ശുദ്ധമനസ് കൊണ്ട് പറഞ്ഞു പോകുന്നതാണ്. എന്തുകൊണ്ട് സജി ചെറിയാന്‍ തിരുത്തിയില്ലെന്ന ചോദ്യത്തിന് അദ്ദേഹത്തിന് പനി ആണെന്നും നിയമസഭയിലും മന്ത്രിസഭാ യോഗത്തിലും വന്നില്ലെന്നും ശിവന്‍കുട്ടി മറുപടി നല്‍കി. 10ാം ക്ലാസ് പാസായവര്‍ക്ക് എഴുത്തും വായനയും അറിയില്ലെന്ന സജി ചെറിയാന്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു വിദ്യാഭ്യാസ മന്ത്രി.
മന്ത്രി സജി ചെറിയാന്‍ പറഞ്ഞത് സത്യമല്ലെന്ന് ശിവന്‍കുട്ടി പറഞ്ഞു. ശുദ്ധ മനസ്സ് കൊണ്ടാണ് പലതും പറയുന്നത്. പണ്ടും പലതും അങ്ങനെ പറഞ്ഞ് കുടുങ്ങിയിട്ടുണ്ട്. തിരുത്താന്‍ സമയം കൊടുക്കാമെന്നും ശിവന്‍കുട്ടി പറഞ്ഞു. ആര്യാ രാജേന്ദ്രന് എതിരെ ഉയര്‍ന്ന വിമര്‍ശനങ്ങളെ കുറിച്ച് ചോദിച്ചപ്പോള്‍ തിരുവനന്തപുരം ജില്ലാ കമ്മിറ്റി യോഗങ്ങളില്‍ ചര്‍ച്ചകള്‍ നടക്കുകയാണെന്നായിരുന്നു മന്ത്രി ശിവന്‍കുട്ടിയുടെ പ്രതികരണം. ജില്ലാ കമ്മിറ്റിയില്‍ ഉയര്‍ന്ന ചര്‍ച്ചകളെ കുറിച്ച് താന്‍ പറയുന്നില്ല. പക്ഷെ പുറത്ത് വന്ന വാര്‍ത്തകള്‍ ശരിയല്ല. ചില മാധ്യമങ്ങള്‍ മനഃപൂര്‍വം വാര്‍ത്തയുണ്ടാക്കുന്നുവെന്നും ശിവന്‍കുട്ടി പ്രതികരിച്ചു.
തിരുവനന്തപുരത്ത് ദേശീയപാതയിലെ തുടര്‍ച്ചയായ അപകടങ്ങള്‍ യോഗം ചേര്‍ന്ന് വിലയിരുത്തുമെന്ന് മന്ത്രി വ്യക്തമാക്കി. പ്ലസ് വണ്‍ പ്രവേശനം സംബന്ധിച്ചുള്ള ചോദ്യത്തിന് എല്ലാവരും ഹാപ്പിയാണെന്നും എല്ലാ പ്രശ്‌നവും പരിഹരിക്കപ്പെടുമെന്നും മന്ത്രി പറഞ്ഞു.
ആലപ്പുഴയില്‍ സ്വകാര്യ സ്ഥാപനത്തിന്റെ ബിരുദദാന ചടങ്ങില്‍ സംസാരിക്കവെയാണ് സജി ചെറിയാന്‍ പത്താം ക്ലാസ് പാസ്സായവര്‍ക്ക് എഴുത്തും വായനയും അറിയില്ലെന്ന് പറഞ്ഞത്. ജയിച്ചവരില്‍ നല്ലൊരു ശതമാനത്തിനും എഴുതാനോ വായിക്കാനോ അറിയില്ല. പണ്ടൊക്കെ എസ്എസ്എല്‍സിക്ക് 210 മാര്‍ക്ക് കിട്ടാന്‍ ബുദ്ധിമുട്ടായിരുന്നു. ഇപ്പോള്‍ എല്ലാവരും ജയിക്കുകയാണ്. ആരെങ്കിലും എസ്എസ്എല്‍സി തോറ്റാല്‍ സര്‍ക്കാറിന്റെ പരാജയമായി ചിത്രീകരിക്കും. രാഷ്ട്രീയ പാര്‍ട്ടികള്‍ സമരത്തിനിറങ്ങും. അതുകൊണ്ടുതന്നെ എല്ലാവരെയും ജയിപ്പിക്കുകയാണ് സര്‍ക്കാറിന് നല്ല കാര്യമെന്നും സജി ചെറിയാന്‍ പറഞ്ഞു.
ഈ പ്രവണത നല്ലതല്ലെന്ന് പറഞ്ഞ പുതിയ വിദ്യാഭ്യാസ മന്ത്രി മാറ്റം കൊണ്ടുവരുമെന്ന് പ്രതീക്ഷിക്കുന്നു. പ്രകൃതിയോടുള്ള ഇണങ്ങി ജീവിതം കുറഞ്ഞതിനാല്‍ കുട്ടികള്‍ക്ക് പോത്തിനെയും പശുവിനെയും തിരിച്ചറിയാതായി. ഇപ്പോള്‍ തുടങ്ങിയാല്‍ പൂട്ടാത്ത സ്ഥാപനം മദ്യവില്‍പന ശാലയും ആശുപത്രിയുമാണ്. ഈ സ്ഥാപനങ്ങള്‍ നാള്‍ക്കുനാള്‍ പുരോ?ഗമിക്കുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

Related Articles

Back to top button