തിരുവനന്തപുരം: മലപ്പുറത്ത് പ്ലസ് വണ്‍ സീറ്റ് ക്ഷാമം ഇല്ലെന്ന് ആവര്‍ത്തിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. പ്ലസ് വണ്‍ സീറ്റ് വിഷയത്തില്‍ അണ്‍ എയ്ഡഡ് മേഖലയിലെ സീറ്റുകളുടെ കണക്ക് സഭയില്‍ ആവര്‍ത്തിക്കുകയായിരുന്നു വിദ്യാഭ്യമന്ത്രി. 17298 പേര്‍ക്കാണ് ഇനി സീറ്റ് കിട്ടാന്‍ ഉള്ളത്. സപ്ലിമെന്ററി അലോട്ട്‌മെന്റ് കഴിയുമ്പോള്‍ 7408 സീറ്റ് പ്രശ്നം വരും. അതില്‍ നാളെ വിദ്യാര്‍ത്ഥി സംഘടനകളുമായി ചര്‍ച്ച നടത്തി പരിഹരിക്കുമെന്നും വി ശിവന്‍കുട്ടി സഭയില്‍ പറഞ്ഞു.
നിയമസഭയില്‍ വീണ്ടും ചര്‍ച്ചയായി പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധി. വിഷയത്തില്‍ ഭരണപക്ഷ എംഎല്‍എയായ അഹമ്മദ് ദേവര്‍കോവില്‍ സബ്മിഷന്‍ ഉന്നയിച്ചു. സര്‍ക്കാര്‍ ഇടപെടല്‍ ഫലപ്രദമാണെങ്കിലും സീറ്റ് ക്ഷാമം ഉണ്ടെന്ന് അഹമ്മദ് ദേവര്‍കോവില്‍ സമ്മതിച്ചു. സീറ്റ് ക്ഷാമത്തില്‍ വ്യാജ പ്രചാരണം നടക്കുന്നുണ്ടെന്നും അഹമ്മദ് ദേവര്‍കോവില്‍ പറഞ്ഞു. എ പ്ലസുകാര്‍ക്ക് പോലും സീറ്റില്ലാത്ത അവസ്ഥയാണെന്ന് പി കെ കുഞ്ഞാലിക്കുട്ടി നിയമസഭയില്‍ വിമര്‍ശനം ഉന്നയിച്ചു. അതേസമയം, പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധിയില്‍ പ്രതിഷേധിച്ച് സമരം തുടരുകയാണ്. മലപ്പുറത്തും കോഴിക്കോട്ടും വിദ്യാര്‍ത്ഥി യുവജന സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തെത്തി. വിവിധ സ്‌കൂളുകള്‍ക്ക് മുന്നില്‍ പ്ലക്കാര്‍ഡുമായി അഡ്മിഷന്‍ കിട്ടാത്ത കുട്ടികളെത്തി. മലപ്പുറത്ത് കളക്ടറേറ്റിലേക്ക് എസ്എഫ്‌ഐയും പ്രതിഷേധ മാര്‍ച്ച് നടത്തി.
മലപ്പുറത്ത് എംഎസ്എഫ് പ്രവര്‍ത്തകര്‍ ഹരിത ആര്‍ഡിഡി ഓഫീസ് ഉപരോധിച്ചു. കെഎസ്‌യു പ്രവര്‍ത്തകര്‍ സമര രംഗത്തുണ്ട്. പ്ലസ് വണ്‍ സീറ്റ് വിഷയത്തില്‍ ആര്‍ഡിഡി ഓഫീസിന് മുന്നില്‍ ഇ കെ വിഭാഗം സമസ്തയുടെ വിദ്യാര്‍ത്ഥി സംഘടനയായ എസ്‌കെഎസ്എസ്എഫ് ധര്‍ണ നടത്തി. പ്ലസ് വണ്‍ പ്രതിസന്ധി പ്രതിഷേധിച്ച് കോഴിക്കോട് മാവൂര്‍ റോഡ് ഫ്രട്ടെണിറ്റി പ്രവര്‍ത്തകര്‍ ഉപരോധിച്ചു. പ്രതിഷേധം നടത്തതോടെ പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. അതേസമയം, പ്രതിസന്ധി രൂക്ഷമായതോടെ നാളെ വിദ്യാഭ്യാസ മന്ത്രി വിദ്യാര്‍ത്ഥി സംഘടനകളുടെ യോഗം വിളിച്ചിട്ടുണ്ട്.
1,154 1 minute read