തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറിനെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നിന്നു ഡിസ്ചാര്‍ജ് ചെയ്തു. തൊട്ടുപിന്നാലെ വഞ്ചിയൂരില്‍ സ്വകാര്യ ആയുര്‍വേദ ആശുപത്രിയില്‍ ചികിത്സയില്‍ പ്രവേശിച്ചു. വൈകിട്ട് 5.30ന് മെഡിക്കല്‍ കോളജ് വിട്ട അദ്ദേഹം നടുവേദനയ്ക്ക് ചികിത്സ തേടി അതേ ആംബുലന്‍സില്‍ ആയുര്‍വേദ ആശുപത്രിയിലെത്തി. എത്ര ദിവസത്തെ ചികിത്സയെന്നു വ്യക്തമല്ല.
വെള്ളിയാഴ്ച കസ്റ്റംസ് ചോദ്യം ചെയ്യാന്‍ കൊണ്ടുപോകുന്നതിനിടെ ദേഹാസ്വാസ്ഥ്യം ഉണ്ടായ ശിവശങ്കറിനെ ആദ്യം സ്വകാര്യ ആശുപത്രിയിലാണു പ്രവേശിപ്പിച്ചത്. കുഴപ്പമൊന്നും കണ്ടില്ലെങ്കിലും നടുവേദനയുണ്ടെന്നു പറഞ്ഞതിനാല്‍ ശനിയാഴ്ച മെഡിക്കല്‍ കോളജിലേക്കു മാറ്റി. ഓര്‍ത്തോ വിഭാഗത്തില്‍ 2 തവണ എംആര്‍ഐ സ്കാന്‍ ചെയ്തു. നട്ടെല്ലിന്റെ ഡിസ്കിനുള്ള നേരിയ തകരാര്‍ മുന്പേയുള്ളതാണെന്നു ഡോക്ടര്‍മാര്‍ വിലയിരുത്തി. ന്യൂറോ വിഭാഗം പരിശോധനയിലും കുഴപ്പങ്ങളൊന്നും കണ്ടെത്തിയില്ല. കിടത്തി ചികിത്സിക്കേണ്ട കാര്യമില്ലെന്നു മെഡിക്കല്‍ ബോര്‍ഡ് തീരുമാനിച്ചു.
വിദേശയാത്രകള്‍, ഡോളര്‍ കടത്ത് എന്നിവയെക്കുറിച്ച് ശിവശങ്കറില്‍ നിന്നു നിര്‍ണായക ഉത്തരങ്ങള്‍ കിട്ടാനുണ്ട് എന്നാണു കസ്റ്റംസിന്റെ നിലപാട്. മുഖ്യമന്ത്രിയുടെ വീട്ടില്‍ നടന്നതായി സ്വപ്ന പറഞ്ഞ കൂടിക്കാഴ്ചയെക്കുറിച്ചാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനും (ഇഡി) എന്‍ഐഎയ്ക്കും അറിയാനുള്ളത്.
നയതന്ത്ര പാഴ്സല്‍ സ്വര്‍ണക്കള്ളക്കടത്ത് കേസില്‍ എം. ശിവശങ്കറിനെ ഈ 23 വരെ അറസ്റ്റ് ചെയ്യരുതെന്നു കസ്റ്റംസിന് ഹൈക്കോടതി നിര്‍ദേശം നല്‍കിയതിനു പിന്നാലെയാണ് അദ്ദേഹം മെഡിക്കല്‍ കോളേജില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്ത് ആയുര്‍വേദ ആശുപത്രിയില്‍ ചികിത്സ തേടിയത്. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) റജിസ്റ്റര്‍ ചെയ്ത കേസിലും 23വരെ അറസ്റ്റ് പാടില്ലെന്നു കോടതി നിര്‍ദേശിച്ചിരുന്നു. 2 ജാമ്യാപേക്ഷകളിലും 23ന് വിശദവാദവും വിധിയുമുണ്ടാകും. എന്‍ഐഎ കോടതിയിലും ശിവശങ്കര്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്കി; ഇത് 22നു പരിഗണിക്കും.