കൊച്ചി: മുഖ്യമന്ത്രിയുടെ മുന്‍പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കര്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യഹര്‍ജിയെ എതിര്‍ത്ത് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. ശിവശങ്കറിന്റെ ജാമ്യഹര്‍ജിയില്‍ ഇഡി എതിര്‍സത്യവാങ്മൂലം സമര്‍പ്പിച്ചു.
സ്വര്‍ണക്കടത്ത് കേസില്‍ അന്വേഷണം പുരോഗമിക്കുമ്പോള്‍ ശിവശങ്കറിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യേണ്ടി വന്നേക്കാമെന്ന് ഇഡി ഹൈക്കോടതിയെ അറിയിച്ചു. സ്വപ്ന സുരേഷ് നടത്തി വന്ന സ്വര്‍ണക്കടത്തിനെക്കുറിച്ച് എം.ശിവശങ്കറിന് അറിവില്ലായിരുന്നുവെന്ന് വിശ്വസിക്കാനാവില്ലെന്നും ഇഡി ഹൈക്കോടതിയില്‍ നല്കിയ സത്യവാങ്മൂലത്തില്‍ പറയുന്നു.
സ്വപ്ന സ്വര്‍ണം കടത്തിയും കമ്മീഷന് വാങ്ങിയതുമെല്ലാം ശിവശങ്കര്‍ അറിഞ്ഞിരിക്കണം. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം ആവശ്യമാണ്. സ്വപ്ന സുരേഷ് എല്ലാ കാര്യങ്ങളും ശിവശങ്കറുമായി ചര്‍ച്ച ചെയ്തിരുന്നുവെന്നും ഇഡി കോടതിയെ അറിയിച്ചു. 30 ലക്ഷം രൂപ ചാര്‍ട്ടേഡ് അക്കൗണ്ടന്റിന് കൈമാറിയത് ശിവശങ്കറിന്റെ സാന്നിധ്യത്തിലായിരുന്നുവെന്നും ഇഡിയുടെ സത്യവാങ്മൂലത്തില്‍ പറയുന്നു.