BREAKING NEWSKERALA

ശിവശങ്കറിന്റെ മുന്‍കൂര്‍ജാമ്യ ഹര്‍ജി: വാദം കഴിഞ്ഞു, വിധി 28ന്, അതുവരെ അറസ്റ്റ് തടഞ്ഞു

കൊച്ചി: മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കര്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യ ഹര്‍ജിയില്‍ 28 ഹൈക്കോടതി വിധി പറയും. അത് വരെ എം ശിവശങ്കറിനെ അറസ്റ്റ് ചെയ്യരുതെന്നും ഹൈക്കോടതി പറഞ്ഞു. തിരുവനന്തപുരം വിമാനത്താവളത്തിലെ നയതന്ത്ര ചാനല്‍ വഴി സ്വര്‍ണം കടത്തിയ കേസുമായി ബന്ധപ്പെട്ട് കസ്റ്റംസ്, എന്‍ഫോഴ്‌സ്‌മെന്റ് കേസുകളിലായിരുന്നു എം ശിവശങ്കറിന്റെ മുന്‍കൂര്‍ ജാമ്യ ഹര്‍ജി. അറസ്റ്റ് ചെയ്യുമെന്ന് ആശങ്കയുണ്ടെന്ന് എം ശിവശങ്കര്‍ കോടതിയില്‍ പറഞ്ഞു. എങ്ങനെ എങ്കിലും അകത്തിടണമെന്നാണ് അന്വേഷണ ഏജന്‍സികളുടെ ആവശ്യം. കുടുംബം, ജോലി എല്ലാം നശിച്ചു. ഹോട്ടലില്‍ പോലും റൂം കിട്ടുന്നില്ല. സമൂഹത്തില്‍ തന്നെ ഒറ്റപ്പെടുത്തിയെന്നും എം ശിവശങ്കര്‍ പറയുന്നു.
അന്വേഷണവുമായി എല്ലാ തരത്തിലും സഹകരിക്കുന്നുണ്ടെന്ന് എം ശിവശങ്കര്‍ പറഞ്ഞു. 101. 5 മണിക്കൂര്‍ ചോദ്യം ചെയ്യലിന് വിധേയനായി. മണിക്കൂറുകള്‍ യാത്ര ചെയ്തു. തുടര്‍ച്ചയായ ചോദ്യം ചെയ്യല്‍ ആരോഗ്യത്തെ ബാധിച്ചെന്നും എം ശിവശങ്കര്‍ കോടതിയില്‍ പറഞ്ഞു. അറസ്റ്റുണ്ടാകുമെന്ന ആശങ്ക ഉണ്ടെന്നും എം ശിവശങ്കര്‍ പറയുന്നു. അന്വേഷണ സംഘം തരുന്ന നോട്ടിസില്‍ കേസ് നമ്പര്‍ പോലും ഇല്ലെന്നും എം ശിവശങ്കര്‍ വാദിച്ചു.
അതേസമയം മുഖ്യമന്ത്രിയുടെ ഓഫീസിലെ പദവി സ്വര്‍ണക്കടത്തിന് സഹായിക്കാന്‍ ഉപയോഗിച്ചെന്നാണ് എന്‍ഫോഴ്‌സ്‌മെന്റ് വാദം. അന്വേഷണത്തില്‍ സ്വപ്നയുമായി എം ശിവശങ്കറിന് അടുത്ത ബന്ധം ഉണ്ട് എന്ന് വെളിവായി. നയതന്ത്ര ചാനല്‍ വഴി സ്വര്‍ണം കടത്തിയതിന്റെ ഗൂഢാലോചയില്‍ എം ശിവശങ്കര്‍ ഉണ്ടെന്നും ഇഡി പറയുന്നു. പൂര്‍ണ്ണമായ നിസ്സകരണമാണ് ശിവശങ്കറിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നത്. വാട്‌സ്ആപ്പ് മെസേജുകലെ കുറിച്ചുള്ള പല ചോദ്യങ്ങള്‍ക്കും മറുപടിയില്ല. അന്വേഷണത്തെ വഴി തെറ്റിക്കാന്‍ ശ്രമിക്കുന്നു . ശിവശങ്കറിന്റെ പങ്കിനെ കുറിച്ച് വ്യക്തമായ തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്നും ഇഡി പറയുന്നു. മുദ്രവച്ച കവറിലാണ് ഇഡി തെളിവ് സമര്‍പ്പിച്ചത്.
എം ശിവശങ്കറിനെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യണമെന്നാണ് എന്‍ഫോഴ്‌സ്‌മെന്റ് ആവശ്യപ്പെടുന്നത്. അന്വേഷണവുമായി സഹകരിക്കാത്ത സാഹചര്യത്തിലാണ് കസ്റ്റഡിയില്‍ വേണമെന്ന് ആവശ്യപ്പെടന്നതെന്നും വിശദമായ തെളിവെടുപ്പും ലോക്കര്‍ പരിശോധനയും വേണമെന്നും എന്‍ഫോഴ്‌സ്‌മെന്റ് ഹൈക്കോടതിയില്‍ പറഞ്ഞു.
കസ്റ്റംസ് കേസാണ് ഹൈക്കോടതി ആദ്യം പരിഗണിച്ചത്. എന്‍ഫോഴ്‌സമെന്റ് നല്‍കിയ സത്യവാങ്മൂലവും ഹൈക്കോടതി പരിശോധിച്ചു. സുപ്രീംകോടതി വിധികള്‍ പ്രകാരം മുന്‍കൂര്‍ ജാമ്യാപേക്ഷ നില നില്‍ക്കില്ല എന്ന് കസ്റ്റംസ് വാദിച്ചു. ശിവശങ്കര്‍ ഇപ്പോള്‍ പ്രതി അല്ലാത്തതിനാല്‍ അറസ്റ്റ് ആശങ്ക വേണ്ടെന്നും അതുകൊണ്ട് മുന്‍കൂര്‍ ജാമ്യ ഹര്‍ജി തള്ളണമെന്നും കസ്റ്റംസ് കോടതിയില്‍ നിലപാടെടുത്തു.
അറിഞ്ഞുകൊണ്ട് കള്ളപ്പണം വെളുപ്പിച്ചിട്ടില്ലെന്ന് എം ശിവശങ്കര്‍ പറഞ്ഞു, കള്ളപ്പണം വെളുപ്പിക്കുന്നതിന് ഒരു തരത്തിലുള്ള സഹായവും നല്‍കിയിട്ടില്ല. ഇക്കാര്യം ഇഡിയുടെ സത്യവാങ്മൂലത്തില്‍ വ്യക്തമാണെന്നും എം ശിവശങ്കര്‍ വാദിച്ചു.

Related Articles

Back to top button