BREAKING NEWSKERALA

ശിവശങ്കറിന് ഒന്നും ഓര്‍മയില്ല, പക്ഷേ വാട്‌സ് ആപ്പ് ചാറ്റ് എല്ലാം തുറന്നു പറയുന്നു; ചാര്‍ട്ടേഡ് അക്കൗണ്ടന്റിനോട് നാട് വിട്ടോളാന്‍ വരെ നിര്‍ദേശിച്ചു

കൊച്ചി: സ്വര്‍ണക്കടത്തു കേസില്‍ സ്വപ്ന സുരേഷ് അറസ്റ്റിലായ ദിവസങ്ങളില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കര്‍, ചാര്‍ട്ടേഡ് അക്കൗണ്ടന്റ് പി. വേണുഗോപാലിനോടു സംസ്ഥാനത്തിനു പുറത്തേക്കു മാറിനില്‍ക്കാന്‍ നിര്‍ദേശിച്ച സന്ദേശം അന്വേഷണ സംഘത്തിനു ലഭിച്ചു. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനു (ഇഡി) ലഭിച്ച ഡിജിറ്റല്‍ രേഖകളിലാണ് ഇക്കാര്യമുള്ളത്. മാധ്യമപ്രവര്‍ത്തകരില്‍നിന്ന് അകന്നുനില്‍ക്കാനും കഴിയുമെങ്കില്‍ നാഗര്‍കോവിലിലേക്കു പോകാനുമായിരുന്നു ഉപദേശം.
സ്വപ്നയുടെയും വേണുഗോപാലിന്റെയും സംയുക്ത അക്കൗണ്ടില്‍ ബാങ്ക് ലോക്കര്‍ ഉള്ളതായി അതിനകം തന്നെ അന്വേഷണ സംഘങ്ങള്‍ക്കു വിവരം ലഭിച്ചിരുന്നു. എന്‍ഐഎ ഒരു കോടി രൂപ ഇതില്‍നിന്നു പിടിച്ചെടുക്കുകയും ചെയ്തു.
സ്വപ്ന പിടിക്കപ്പെട്ട ഉടന്‍ അന്വേഷണം ലോക്കറിലേക്കെത്തുമെന്നു ശിവശങ്കര്‍ മനസ്സിലാക്കിയെന്നാണ് അന്വേഷണ സംഘങ്ങളുടെ വിലയിരുത്തല്‍. ശിവശങ്കറും വേണുഗോപാലുമായി 2018 നവംബര്‍ മുതലുള്ള വാട്‌സാപ് സന്ദേശങ്ങള്‍ പരിശോധിക്കുന്നുണ്ട്.
2018 നവംബറില്‍ പണം ലോക്കറില്‍ സൂക്ഷിക്കുന്നതുമായി ബന്ധപ്പെട്ട് ശിവശങ്കറും വേണുഗോപാലും തമ്മില്‍ വാടസ് ആപ് സന്ദേശങ്ങള്‍ കൈമാറിയിരുന്നു. ശിവശങ്കറിന്റെ കൂടി നിര്‍ദേശത്തിന്റെ നവംബര്‍ 30 ന് സ്വപ്നയുടെ സാന്നിധ്യത്തില്‍ ലോക്കര്‍ തുറന്ന് പണം വച്ചുവെന്ന് വേണുഗോപാല്‍ ശിവശങ്കറിനെ അറിയിക്കുന്നുമുണ്ട്. പിന്നീട് ഓരോ ഘട്ടത്തിലും ലോക്കര്‍ തുറക്കുന്നതും ബാങ്ക് ഇടപാടുകളും സ്വപ്നയുമായുള്ള സംഭാഷണം അപ്പപ്പോള്‍ തന്നെ വേണുഗോപാല്‍ ശിവശങ്കറിനെ അറിയിച്ചിരുന്നുവെന്ന് വാട്‌സ് ആപ് ചാറ്റുകളില്‍ നിന്ന് വ്യക്തമാണ്.
ശിവശങ്കറിന്റെ മൊഴിയിലെ ഇത്തരം പൊരുത്തക്കേടുകളാണ് കള്ളപ്പണ ഇടപാടുകള്‍ സംബന്ധിച്ച് അറിവുണ്ടായിരുന്നെന്ന സൂചനയായി എന്‍ഫോഴ്‌സ്‌മെന്റ് ചൂണ്ടിക്കാട്ടുന്നത്. സ്വര്‍ണ്ണക്കടത്ത് കേസില്‍ കസ്റ്റംസ് അന്വേഷണം തുടങ്ങിയപ്പോഴും ലോക്കറിന്റെ കാര്യം ചോദിച്ചെന്ന് വേണുഗോപാല്‍ ശിവശങ്കറിനെ അറയിക്കുന്നുമുണ്ട്.
സ്വപ്ന അറസ്റ്റിലായി 10 ദിവസത്തിന് ശേഷമുള്ള വാട്ടസ് ആപ്പ് സംഭാഷണങ്ങളില്‍ കൂടുതലായും ഇരുവരും പങ്കുവയ്ക്കുന്നത് ബാങ്ക് ലോക്കര്‍ സംബന്ധിച്ച കാര്യങ്ങളാണ്. കസ്റ്റംസ് അസിസ്റ്റന്റ് കമ്മീഷ്ണര്‍, വേണുഗോപാലിനെ വിളിക്കുന്നതിന് മുമ്പും ശേഷവും ഇതുമായി ബന്ധപ്പെട്ട് ശിവശങ്കറുമായി സന്ദേശങ്ങള്‍ പങ്കുവച്ചിട്ടുണ്ട്. കസ്റ്റംസ് തന്നെ ലക്ഷ്യമാക്കുന്നതായും മറ്റുള്ളവരെ തിരിച്ചറിഞ്ഞെന്നും വേണുഗോപാല്‍ പറയുമ്പോള്‍ ആരോടും ഒന്നും പ്രതികരിക്കേണ്ടെന്നാന്നാണ് ശിവശങ്കറിന്റെ ഉപദേശം.
അന്വേഷണ ഏജന്‍സികള്‍ തന്റെ സാമ്പത്തിക ഇടപാടുകള്‍ സംബന്ധിച്ച് അന്വേഷണം ആരംഭിച്ചതായി എം ശിവശങ്കറിന് സൂചന ലഭിച്ചിരുന്നതായും വാട്‌സ് ആപ്പ് സന്ദേശങ്ങളില്‍ നിന്ന് വ്യക്തം. താന്‍ ആവശ്യപ്പെട്ടിട്ടാണ് സ്വപ്ന സുരേഷിനൊപ്പം ലോക്കര്‍ തുറന്നതെന്ന വേണുഗോപാലിന്റെ മൊഴിയെന്ന മാധ്യമ വാര്‍ത്തകളും ശിവശങ്കര്‍ പങ്കുവച്ചിട്ടുണ്ട്.
പ്രതികളുടെ പണമിടപാടുകള്‍ തനിക്കറിയില്ലെന്ന ശിവശങ്കറുടെ മൊഴിക്കു വിരുദ്ധമാണ് വാട്‌സാപ്പ് ചാറ്റുകള്‍. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കോടതിയില്‍ സമര്‍പ്പിച്ച ഡിജിറ്റല്‍ തെളിവുകളിലാണ് ഇക്കാര്യങ്ങളുള്ളത്. ശിവശങ്കറിനെ കൂടുതല്‍ കുരുക്കിലാക്കുനനതാണ് ഈ തെളിവുകള്‍. പണമിടപാടുകള്‍ സംബന്ധിച്ച ഈ അവ്യക്തത മാറ്റാന്‍ കൂടുതല്‍ അന്വേഷണം വേണമെന്നാണ് എന്‍ഫോഴ്‌സമെന്റ് നിലപാട്.
ഇതിനിടെ മാനദണ്ഡങ്ങള്‍ മറികടന്നു ഡോളര്‍ കൈമാറ്റം ചെയ്‌തെന്ന് ആരോപണം നേരിടുന്ന കരമന ആക്‌സിസ് ബാങ്ക് മാനേജര്‍ ശേഷാദ്രി അയ്യരെ സസ്‌പെന്‍ഡ് ചെയ്തു.
യുഎഇ കോണ്‍സുലേറ്റിനും സ്വപ്ന സുരേഷിനും അക്കൗണ്ടുള്ള ബാങ്കാണിത്. സ്വപ്ന വിദേശനാണ്യ വിനിമയച്ചട്ടം ലംഘിച്ച് വിദേശത്തേക്കു ഡോളര്‍ കടത്തിയതു കണ്ടെത്തിയിരുന്നു. രൂപ ഡോളറാക്കി മാറ്റിനല്‍കിയത് ഈ ബാങ്കില്‍ നിന്നാണെന്നാണ് അന്വേഷണ സംഘത്തിനു ലഭിച്ച വിവരം. ശേഷാദ്രി അയ്യരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും കസ്റ്റംസും ചോദ്യം ചെയ്തിരുന്നു.

Related Articles

Back to top button