BREAKING NEWSKERALA

സ്വപ്ന വിളിച്ചതിന്റെ തെളിവുകളുമായി എന്‍ഐഎ; ഒന്നും അറിയില്ലെന്ന് ശിവശങ്കര്‍

കൊച്ചി: നയതന്ത്ര പാഴ്‌സല്‍ സ്വര്‍ണക്കടത്തു പുറത്തുവന്ന ജൂലൈ 5 നും ബെംഗളൂരുവില്‍ അറസ്റ്റിലായ ജൂലൈ 10നും ഇടയില്‍ കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷ് ഫോണില്‍ ബന്ധപ്പെട്ടതിന്റെ തെളിവുകള്‍ക്കു മുന്നില്‍ കൂസാതെ മുഖ്യമന്ത്രിയുടെ മുന്‍പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കര്‍.
ബെംഗളൂരുവില്‍ അറസ്റ്റിലാകുന്നതിനുമുന്‍പേ കുറഞ്ഞതു 3 തവണ സ്വപ്ന സഹായം അഭ്യര്‍ഥിച്ചു ഫോണ്‍വിളിച്ചതിന്റെ തെളിവുകള്‍ ഹാജരാക്കിയാണ് എന്‍ഐഎ ചോദ്യം ചെയ്തത്. എന്നാല്‍ സ്വര്‍ണക്കടത്തിനു സ്വപ്നയെ സഹായിച്ചിട്ടില്ലെന്ന മുന്‍ നിലപാടില്‍ ശിവശങ്കര്‍ ഉറച്ചു നിന്നുവെന്ന സൂചനകളാണ് പുറത്തു വരുന്നത്. ജൂണ്‍ 30 നു കസ്റ്റംസ് പിടിച്ചുവച്ച നയതന്ത്ര പാഴ്‌സല്‍ വിട്ടുകിട്ടാന്‍ സ്വപ്ന സഹായം തേടിയ വിവരം അന്വേഷണ ഏജന്‍സികള്‍ മുന്‍പു ചോദ്യം ചെയ്ത അവസരങ്ങളിലും ശിവശങ്കര്‍ ഒളിച്ചുവച്ചിരുന്നില്ല. എന്നാല്‍ കൂട്ടുപ്രതി പി.എസ്.സരിത്ത് കസ്റ്റംസിന്റെ പിടിയിലായ വിവരമറിഞ്ഞ് സ്വപ്ന തിരുവനന്തപുരം വിട്ടശേഷവും സഹായം തേടിയെന്ന നിഗമനം ശിവശങ്കര്‍ നിഷേധിച്ചു.
ഇന്നലെ എന്‍ഐഎ ഓഫിസിലെ 2 മുറികളിലിരുത്തി ശിവശങ്കറിനെയും സ്വപ്നയെയും അന്വേഷണ സംഘം ഒരേ സമയം ചോദ്യം ചെയ്തു. മുന്‍കൂട്ടി തയാറാക്കിയ 43 ചോദ്യങ്ങള്‍ക്കാണ് ഇരുവരില്‍ നിന്നും ഉത്തരം തേടിയത്.
സ്വപ്നയ്ക്കും കുടുംബത്തിനു വേണ്ടി ഫ്‌ലാറ്റ് വാടകയ്ക്കു ബുക്കു ചെയ്ത മുഖ്യമന്ത്രിയുടെ മുന്‍ ഐടി ഫെലോ അരുണ്‍ബാലചന്ദ്രന്‍, ശിവശങ്കറിന്റെ അടുത്ത സുഹൃത്തായ ചാര്‍ട്ടേഡ് അക്കൗണ്ടന്റ് വേണുഗോപാല്‍ അയ്യര്‍ എന്നിവരുടെ വെളിപ്പെടുത്തല്‍ ചൂണ്ടിക്കാട്ടി നടത്തിയ ചോദ്യം ചെയ്യലില്‍ പല ചോദ്യങ്ങള്‍ക്കും അറിയില്ലെന്ന മറുപടിയാണു ശിവശങ്കര്‍ നല്‍കിയത്.

Related Articles

Back to top button