കൊച്ചി: പുലര്‍ച്ചെ ഒരുമണി വരെ ചോദ്യം ചെയ്തെന്നും ഇ.ഡി. കസ്റ്റഡിയില്‍ പീഡനമെന്നും എം. ശിവശങ്കര്‍. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജഡ്ജി മുന്‍പാകെയാണ് ശിവശങ്കര്‍ ഇക്കാര്യം വ്യക്തമാക്കിയത്.
രാത്രി ഒരു മണി വരെ ചോദ്യം ചെയ്തു. പിന്നീട് പുലര്‍ച്ചെ വിളിച്ച് എണീപ്പിച്ച് വീണ്ടും ചോദ്യം ചെയ്തു. തനിക്ക് ആരോഗ്യ പ്രശ്നങ്ങളുണ്ടെന്നും ശിവശങ്കര്‍ പറഞ്ഞു. ആയുര്‍വേദ ചികിത്സ പൂര്‍ത്തിയാക്കാന്‍ അനുവദിച്ചില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ഇ.ഡി. അറസ്റ്റ് ചെയ്ത എം. ശിവശങ്കറിനെ രാവിലെ പത്തരയോടെയാണ് കോടതിയില്‍ ഹാജരാക്കിയത്. കോവിഡ് ആന്റിജന്‍ പരിശോധന ഉള്‍പ്പെടെയുള്ള വൈദ്യ പരിശോധനയ്ക്ക് വിധേയനാക്കിയ ശേഷമായിരുന്നു ഇത്.
ഇഡി കസ്റ്റഡിയില്‍ എത്തിയതിനു ശേഷം ശിവശങ്കര്‍ ഭക്ഷണം കഴിച്ചിട്ടില്ലെന്നാണ് വിവരം. ഭക്ഷണം കഴിക്കാന്‍ പലവട്ടം ആവശ്യപ്പെട്ടെങ്കിലും അതിന് അദ്ദേഹം തയ്യാറായില്ല. ഇന്നലെ രാത്രി 11 മണിയോടെ എറണാകുളം ജനറല്‍ ആശുപത്രിയിലെത്തി വൈദ്യ പരിശോധനയ്ക്ക് വിധേയനാക്കിയിരുന്നു. ആ ഘട്ടത്തില്‍ അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമായിരുന്നു.