BREAKING NEWSKERALA

സ്വപ്നയുടെ ലോക്കറിലെ 1 കോടി ശിവശങ്കറിന് ലഭിച്ച കമ്മിഷനെന്ന് ഇഡി

കൊച്ചി: സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന്റെ ബാങ്ക് ലോക്കറില്‍ നിന്നു കണ്ടെത്തിയ ഒരു കോടി അഞ്ച് ലക്ഷം രൂപ എം. ശിവശങ്കറിന് ലൈഫ് മിഷന്‍ ഇടപാടില്‍ ലഭിച്ച കോഴയെന്ന് ഹൈക്കോടതിയില്‍ ആവര്‍ത്തിച്ച് എന്‍ഫോര്‍ഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്.
ഇന്ന് ശിവശങ്കറിന്റെ ജാമ്യാപേക്ഷ പരിഗണിക്കുമ്പോള്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. കഴിഞ്ഞ മാസം 16ന് വിചാരണക്കോടതിയില്‍ ഇതേ സത്യവാങ്മൂലം തന്നെ ഇഡി സമര്‍പ്പിച്ചിരുന്നു. ലൈഫ് മിഷന്‍ ഇടപാടില്‍ കോഴയായി ലഭിച്ച തുകയാണ് ബാങ്ക് ലോക്കറുകളില്‍ നിന്ന് പിടിച്ചെടുത്തത് എന്നായിരുന്നു വ്യക്തമാക്കിയത്. ശിവശങ്കറാണ് ഈ തുക സ്വപ്ന സുരേഷിനെ ലോക്കറില്‍ സൂക്ഷിക്കാന്‍ ഏല്‍പിച്ചതെന്നും ഇഡി വ്യക്തമാക്കുന്നു. ശിവശങ്കറിന്റെ ജാമ്യാപേക്ഷയെ എതിര്‍ത്ത് കീഴ്‌കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലെ വിവരങ്ങള്‍ തന്നെയാണ് ഹൈക്കോടതിയിലും ഇഡി സമര്‍പ്പിച്ചിരിക്കുന്നത്.
ശിവശങ്കര്‍ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് സ്വര്‍ണക്കടത്തിന് ഒത്താശ ചെയ്‌തെന്നു ഔദ്യോഗിക രഹസ്യങ്ങള്‍ ഇവരോട് വെളിപ്പെടുത്തിയെന്നും സത്യവാങ്മൂലത്തില്‍ പറയുന്നുണ്ട്. സ്വപ്നയും ശിവശങ്കറും തമ്മില്‍ നടത്തിയ വാട്‌സപ്പ് ചാറ്റുകളില്‍ നിന്ന് ഇത് വ്യക്തമാണെന്നും, സ്വപ്നയെ മറയാക്കിയായിരുന്നു ശിവശങ്കറിന്റെ സാമ്പത്തിക ഇടപാടുകളെന്നും ഇഡി വിശദീകരിക്കുന്നു. അന്വേഷണം നിര്‍ണായക ഘട്ടത്തിലായതിനാല്‍ ജാമ്യം നല്‍കരുതെന്നാണ് ഇഡി ആവശ്യപ്പെട്ടിരിക്കുന്നത്.
അതേസമയം സ്വപ്ന സുരേഷിന്റെ മൊഴിയുടെ മാത്രം അടിസ്ഥാനത്തിലാണ് തന്നെ പ്രതി ചേര്‍ത്തതെന്നാണ് ശിവശങ്കര്‍ ജാമ്യാപേക്ഷയില്‍ കോടതിയില്‍ അറയിച്ചിരിക്കുന്നത്. തനിക്ക് ആരോഗ്യ പ്രശ്‌നങ്ങളുണ്ടെന്നും കോടതിയില്‍ അറിയിച്ചിട്ടുണ്ട്. ശിവശങ്കറിനു വേണ്ടി സുപ്രീം കോടതിയിലെ മുതിര്‍ന്ന അഭിഭാഷകനാണ് ഹാജരായിരിക്കുന്നത്. ഉച്ചയ്ക്ക് ഒന്നരയ്ക്ക് ജാമ്യാപേക്ഷ ഹൈക്കോടതി വീണ്ടും പരിഗണിക്കും.

Related Articles

Back to top button