കൊച്ചി: ശിവശങ്കര്‍ അറസ്റ്റിലായി 60 ദിവസം പൂര്‍ത്തിയാക്കുന്നതിനു മുന്‍പ് കുറ്റപത്രം നല്കാന് എന്‍ഫോഴ്സ്മെന്റ് നീക്കം. കുറ്റപത്രം സമര്‍പ്പിക്കുന്നതോടെ സ്വാഭാവിക ജാമ്യത്തിന് ശിവശങ്കറിന് അര്‍ഹത ഉണ്ടാകില്ല. കഴിഞ്ഞ ഒക്ടോബര്‍ 28 നായിരുന്നു ചോദ്യംചെയ്യലിന് പിന്നാലെ ശിവശങ്കര്‍ അറസ്റ്റില്‍ ആയത്.
ലൈഫ് മിഷന് കോഴ ഇടപാട് അടക്കമുള്ളവയിലൂടെ 14 കോടിയോളം രൂപയുടെ അനധികൃത സ്വത്ത് ശിവശങ്കര്‍ സമ്പാദിച്ചുവെന്നാണ് ഇ.ഡിയുടെ നിഗമനം. എന്നാല്‍ ശിവശങ്കരന്റേതായി സ്വപ്നയുടെ പേരിലുണ്ടായിരുന്ന ബാങ്ക് അക്കൗണ്ടുകളില്‍ നിന്നും ലോക്കറില്‍ നിന്നും ലഭിച്ച പണവും സ്വര്‍ണവും മാത്രമാണ് ഇ.ഡിക്ക് തെളിവായി ലഭിച്ചിട്ടുള്ളു. ഈ സാഹചര്യത്തില്‍ ശിവശങ്കറിന്റെ പേരിലുളള പരമ്പരാഗതമായി കിട്ടിയത് ഒഴികെയുള്ള സ്വത്തുക്കള്‍ മരവിപ്പിക്കാന്‍ ഇ. ഡി നടപടികള്‍ ആരംഭിച്ചിട്ടുണ്ട്.
ബിനാമി പേരുകളിലേക്ക് അടക്കം കമ്മീഷന് തുക മാറ്റിയിട്ടുണ്ടാകാം എന്നാണ് ഇഡിയുടെ സംശയം. ഇക്കാര്യങ്ങളും വിശദമായി അന്വേഷിക്കുന്നുണ്ട്. പിന്നീട് സമര്‍പ്പിക്കുന്ന അനുബന്ധ കുറ്റപത്രത്തിലായിരിക്കും ഇതിന്റെ വിശദാംശങ്ങള്‍ സമര്‍പ്പിക്കുക. സ്വപ്നയുടെ ലോക്കറില്‍ കണ്ടെത്തിയ ഒരു കോടി രൂപ ശിവശങ്കറിന്റേതാണെന്ന നിഗമനത്തിലാണ് ഇ.ഡി. ഈ തുക കണ്ടുകെട്ടും.
ശിവശങ്കര്‍ സ്വര്‍ണ്ണക്കടത്ത് കേസിലെ നിര്‍ണ്ണായക പ്രതിയെന്ന് കുറ്റപത്രത്തില്‍ ആരോപിക്കുന്നത്.സ്വര്‍ണ്ണക്കടത്ത് ഗൂഢാലോചനയിലും ശിവശങ്കറിന് പങ്കുണ്ട്. സ്വര്‍ണ്ണക്കടത്തില്‍ തുടക്കം മുതലുള്ള എല്ലാ കാര്യങ്ങളും ശിവശങ്കറിന് അറിയാമായിരുന്നുവെന്നും കുറ്റപത്രം ആരോപിക്കുന്നുണ്ട്.
സ്വപ്നയുമായി ചേര്‍ന്ന് സര്‍ക്കാറിന്റെ ഭാവി പരിപാടികളിലും കമ്മീഷന് തട്ടാന്‍ ശ്രമിച്ചു.സ്വപ്നയ്ക്ക് സര്‍ക്കാറില്‍ നിന്നും പോലീസില്‍ നിന്നും ശിവശങ്കര്‍ സഹായം ചെയ്തു നല്‍കിയെന്നും ആരോപണമുണ്ട്.
ലൈഫ് മിഷനിലും സ്വര്‍ണ്ണക്കടത്തിലും ശിവശങ്കര്‍ കോഴ വാങ്ങി എന്നത് വാട്സ് ആപ് ചാറ്റ് വഴി മാത്രമല്ല സ്ഥിരീകരിക്കുന്നത്. സ്വപ്നയുടെ മൊഴിയിലും ഇത് സമ്മതിച്ചിട്ടുണ്ട്.
സര്‍ക്കാര്‍ പദ്ധതികളുടെ വിശദാംശങ്ങള്‍ സ്വപ്നയ്ക്ക് കൈമാറിയതുവഴി ഈ പദ്ധതികളില്‍ സ്വപ്ന വഴി കോഴപ്പണം സമ്പാദിച്ചു എന്നും കുറ്റപത്രത്തില്‍ ആരോപിക്കുന്നു.
2018 ലും 2019 ലും ശിവശങ്കര്‍ കസ്റ്റംസ്/എയര്‍പോര്‍ട്ട് ഉദ്യോഗസ്ഥരെ വിളിച്ചിട്ടുണ്ട്. 34 പ്രാവശ്യം ശിവശങ്കര്‍ ഇവരെ വിളിച്ചതായി സ്വപ്നയും സമ്മതിച്ചിട്ടുണ്ട്. ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റ് വേണുഗോപാലിന് മുന്‍പരിചയമില്ലാത്ത സ്വപ്നയുമായി ചേര്‍ന്ന് ലോക്കര്‍ തുറക്കാന്‍ തയ്യാറായത് ശിവശങ്കറിന്റെ നിര്‍ദ്ദേശപ്രകാരമാണ്.
ലൈഫ്മിഷന് സി.ഇ.ഒ സ്ഥാനം ഒഴിഞ്ഞ ശേഷവും ശിവശങ്കര്‍ ലൈഫ്മിഷന് പദ്ധതികളില്‍ താല്പര്യം പ്രകടിപ്പിച്ചിരുന്നു. ഇപ്പോഴത്തെ സി.ഇ.ഒ. യു.വി.ജോസ്, തന്റെ മൊഴികളില്‍ ഇക്കാര്യം സൂചിപ്പിച്ചിട്ടുണ്ട്. ശിവശങ്കര്‍ വഴിയാണ് താന്‍ യൂണിടാക്ക് ഉടമ സന്തോഷ് ഈപ്പനെ കണ്ടതെന്നും യു.വി.ജോസ് മൊഴി നല്കിട്ടുണ്ട്. ഈ പദ്ധതിയില്‍ ശിവശങ്കര്‍ കോഴ കൈപ്പറ്റി എന്നതിന് മതിയായ തെളിവുകള്‍ ഉണ്ടെന്നും ഇ.ഡി. ആരോപിക്കുന്നു.