KERALABREAKING NEWSLATEST

ശിവശങ്കറിനു നല്‍കിയ ഇഡി കുറ്റപത്രത്തിലെ ‘റസിയുണ്ണി’ അനെര്‍ട്ടിലെ ജീവനക്കാരി

തിരുവനന്തപുരം: കള്ളപ്പണം വെളുപ്പിക്കല്‍ ഇടപാടുമായി ബന്ധപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് (ഇഡി) എം.ശിവശങ്കറിനെ പ്രതിചേര്‍ത്തു സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പരാമര്‍ശിക്കുന്ന ‘റസിയുണ്ണി’ അനെര്‍ട്ടിലെ ജീവനക്കാരി. സ്വര്‍ണക്കടത്തു കേസ് സംബന്ധിച്ച വിവരങ്ങള്‍ സിപിഎം അനുഭാവിയായ ഇവരുമായി ശിവശങ്കര്‍ എന്തിനു പങ്കുവച്ചു എന്നതിനെ സംബന്ധിച്ച് ഇഡി അന്വേഷണം ആരംഭിച്ചു. അനെര്‍ട്ടിലെ ജീവനക്കാരിയായിരുന്ന ഇവര്‍ ഇടയ്ക്കു ലൈഫ് മിഷനില്‍ ഡെപ്യൂട്ടേഷനിലെത്തിയിരുന്നു.
പിന്നീട് അനെര്‍ട്ടിലേക്കു മടങ്ങി. ഭര്‍ത്താവിന്റെ പേരും ചേര്‍ത്താണ് എം.ശിവശങ്കര്‍ ഫോണില്‍ ജീവനക്കാരിയുടെ പേര് സേവ് ചെയ്തിരുന്നത്. ഇവരില്‍നിന്ന് മൊഴിയെടുക്കുന്നതിനെക്കുറിച്ചും ഇഡി ആലോചിക്കുന്നുണ്ട്. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട വാര്‍ത്തകളും പ്രൈസ് വാട്ടര്‍ കൂപ്പേഴ്‌സുമായുള്ള ഇടപാടുകളെക്കുറിച്ചും എം.ശിവശങ്കര്‍ ജീവനക്കാരിയുമായി വാട്‌സ്ആപ്പില്‍ ദിവസേന ചാറ്റ് ചെയ്തിരുന്നു. ഇഡി സമര്‍പ്പിച്ച കുറ്റപത്രത്തില്‍ ഇവരാരാണെന്നു വ്യക്തമാക്കിയിരുന്നില്ല. കേസിലെ പ്രതികളായ സരിത്, സ്വപ്ന എന്നിവരെക്കുറിച്ചും ഇവരുമായി ശിവശങ്കര്‍ ചാറ്റ് ചെയ്തിരുന്നതായി കുറ്റപത്രത്തില്‍ പറയുന്നു.
ലൈഫ് മിഷന്‍ ഇടപാടില്‍ 1.08 കോടിരൂപ കോഴ ലഭിച്ചശേഷം യൂണിടാക് ബില്‍ഡേഴ്‌സിനെ ശിവശങ്കര്‍ പലര്‍ക്കും ശുപാര്‍ശ ചെയ്തതായും ഇതു സംബന്ധിച്ച ചോദ്യങ്ങള്‍ക്ക് ശിവശങ്കര്‍ ഉത്തരം നല്‍കിയില്ലെന്നും കുറ്റപത്രത്തില്‍ വ്യക്തമാക്കിയിരുന്നു. കേസില്‍ ശിവശങ്കറിനു ശക്തമായ പങ്കുണ്ടെന്നു കണ്ടെത്തിയതിനെത്തുടര്‍ന്നാണ് ഇഡി അനുബന്ധ കുറ്റപത്രം സമര്‍പിച്ചത്.

Related Articles

Back to top button